വന്ദേഭാരത് എക്‌സ്പ്രസ് രണ്ടെണ്ണം കൂടി; ഒന്ന് അന്തര്‍സംസ്ഥാന ട്രെയിന്‍, പ്രത്യേകത അറിയാം
ഉത്തര്‍ പ്രദേശിന് രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകള്‍ കൂടി ലഭിക്കാന്‍ പോകുന്നു. തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്ന് സഹാറന്‍പൂരിലേക്കാണ് ഒന്ന്. വരാണസിയില്‍ നിന്ന് ഖജുരാഹോയിലേക്കാണ് മറ്റൊന്ന്. ആദ്യത്തേത് ഉത്തര്‍ പ്രദേശിലെ രണ്ട് പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് എങ്കില്‍ രണ്ടാമത്തേത് ഉത്തര്‍ പ്രദേശിനെയും മധ്യപ്രദേശിനെയും ബന്ധിപ്പിക്കുന്നതാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വന്ദേഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് നടത്തുന്ന സംസ്ഥാനങ്ങളാണ് ഉത്തര്‍ പ്രദേശും ബിഹാറും മഹാരാഷ്ട്രയും. കേരളത്തില്‍ രണ്ട് വന്ദേഭാരതുകള്‍ മാത്രമാണുള്ളത്. മൂന്നാമത്തേക് ബെംഗളൂരുവിലേക്ക് വൈകാതെ സര്‍വീസ് ആരംഭിക്കും. ഈ വേളയിലാണ് യുപിയില്‍ 30ഓളം സര്‍വീസ് എന്നതും എടുത്തു പറയേണ്ടതാണ്.

ലഖ്‌നൗവില്‍ നിന്ന് സഹാറന്‍പൂരിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസും വരാണസിയില്‍ നിന്ന് ഖജുരാഹോയിലേക്കുള്ള വന്ദേഭാരതും ഈ ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നാണ് വിവരം. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും തിയ്യതി മാത്രമാണ് ഇനി അറിയാനുള്ളതെന്നും റെയില്‍വെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ലഖ്‌നൗവില്‍ നിന്ന് സഹാറന്‍പൂരിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് സിതാപൂര്‍, ഷാജഹാന്‍പൂര്‍, ബറേലി, മുറാദാബാദ്, നജീബാബാദ് തുടങ്ങിയ നഗരങ്ങൡലൂടെയാണ് സര്‍വീസ് നടത്തുക. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലേക്ക് പോകുന്നവര്‍ക്കും ഈ സര്‍വീസ് സഹായകമാകും. എല്ലാ ഒരുക്കങ്ങളും കഴിഞ്ഞു എന്ന് നോര്‍ത്തേണ്‍ റെയില്‍വെ അറിയിച്ചു.
ചരിത്ര ഭൂമിയായ ഖജുരാഹോ യാത്ര
നേരത്തെ സഹാറന്‍പൂരിലേക്കും ഡെറാഡൂണിലേക്കും പോകുന്നതിന് ഏറെ സമയം വേണ്ടി വന്നിരുന്നു. പുതിയ വന്ദേഭാരത് സര്‍വീസ് തുടങ്ങുന്നതോടെ ഇക്കാര്യത്തില്‍ പരിഹാരമാകും. നവംബര്‍ എട്ടിന് നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, വരാണസി ഖജുരാഹോ വന്ദേഭാരത് ചരിത്ര സ്ഥലങ്ങളെയും ക്ഷേത്രങ്ങളെയും ബന്ധിപ്പിച്ചുള്ള യാത്രയാകും.
ഉത്തര്‍ പ്രദേശിലും മധ്യപ്രദേശിലുമായി വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ് ബുന്ദേല്‍ഖണ്ഡ്. ഇവിടേക്കുള്ള ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ആകുമിത്. ബാന്ദ, മഹോബ, ചിത്രകൂട്, പ്രയാഗ് രാജ് തുടങ്ങിയ നഗരങ്ങളിലൂടെയാകും സര്‍വീസ്. രണ്ട് സംസ്ഥാനങ്ങളിലെയും ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഈ വന്ദേഭാരത് ഗുണം ചെയ്യും.
2022ല്‍ ബുന്ദേല്‍ഖണ്ഡ് എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്തിരുന്നു. ഇപ്പോള്‍ വന്ദേഭാരത് കൂടി വരുന്നത് മേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കുമെന്നാണ് കരുതുന്നത്. 26422 എന്ന നമ്പറിലുള്ള വന്ദേഭാരത് എക്‌സ്പ്രസ് ആണ് വരാണസി-ഖജുരാഹോ റൂട്ടില്‍ സര്‍വീസ് നടത്തുക. രാവിലെ 5.25ന് വരാണസിയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.10ന് ഖജുരാഹോയില്‍ എത്തുന്ന വിധത്തിലാണ് സര്‍വീസ്. ഉച്ചയ്ക്ക് ശേഷം 3.20നാണ് മടക്കം. രാത്രി 11 മണിക്ക് വരാണസിയില്‍ എത്തിച്ചേരും.












Click it and Unblock the Notifications