ഇയ്യോബിന്റെ പുസ്തകത്തിലെ അലോഷിയുടെ വഴി; ഉളുപ്പുണിയിലേക്ക് വിട്ടോളൂ, മലയോര സ്വർഗം കാണാം..
ഡിസംബർ മാസം, നല്ല തണുത്ത കാലാവസ്ഥ, യാത്ര പോകാൻ ഇതിലും നല്ല നേരം ഉണ്ടോ? ഡിസംബറി പോകാൻ പറ്റിയൊരു സ്ഥലമാണ് ഇവിടെ പറയുന്നത്. നിങ്ങൾ ഒരു സിനിമ പ്രേമിയും യാത്ര പ്രേമിയും ആണെങ്കിൽ ഒന്നുംനോക്കണ്ട, ഉളുപ്പുണിയിലേക്ക് വണ്ടിവിട്ടോളൂ. ഇയ്യോബിന്റെ പുസ്തകത്തിലെ അലോഷി സഞ്ചരിച്ച ആ വഴികൾ നിങ്ങൾക്ക് കാണാം. ഇടുക്കിയിലെ തണുപ്പും ഉളുപ്പുണിയുടെ ഭംഗിയും ഈ യാത്ര നിങ്ങൾക്ക് തീർച്ചയായും നല്ലൊരു അനുഭവം ആയിരിക്കും നൽകുക. വാഗമണ്ണിന് അടുത്താണ് ഉളുപ്പുണി.
നിങ്ങൾക്ക് ഒരു ഓഫ് റോഡ് അനുഭവം വേണമെങ്കിലും ഇത് പറ്റിയ ഇടമാണ്. വാഗമണിൽ നിന്ന് ഉളുപ്പുണി വരെയുള്ള റൂട്ടിൽ ജീപ്പിലൂടെ ഓഫ്റോഡ് യാത്ര ആസ്വദിക്കാം. പച്ചപ്പ് മാത്രം അല്ല ട്രെക്കിംഗ് ഇഷ്ടമുള്ളവരാണെങ്കിൽ ട്രെക്കിംഗും ചെയ്യാം. സമയം പോകുന്നത് അറിയില്ല. ഉളുപ്പുണിയിൽ നിന്ന് നോക്കിയാൽ കുളമാവ് ഡാം കാണാം. ഈ യാത്ര നിങ്ങൾക്ക് ഒരിക്കലും ഒരു നഷ്ടമായി തോന്നില്ല.

ഉളുപ്പുണിയിലേക്ക് എങ്ങനെ എത്തിച്ചേരാം...
ഉളുപ്പുണിയിലേക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാം. വാഗമണ്ണിലേക്ക് പോകുന്നുണ്ടെങ്കിൽ അവിടെ നിന്ന് പത്ത് കിലോ മീറ്റർ സഞ്ചരിച്ചാൽ ഉളുപ്പുണിയിലെത്താം. പുള്ളിക്കാനം റൂട്ടിൽ ആറ് കിലോ മീറ്റർ പോയാൽ ചോറ്റുംപാറ കവലയിലെത്തും. ഇനി കുറച്ച് സാഹസിക യാത്രയാണ് ഇഷ്ടമെങ്കിൽ മൂലമറ്റം റൂട്ടിലൂടെ ബൈക്കിൽ ഓഫ് റോഡിലൂടെ ഇവിടെ എത്താം. പക്ഷേ വളരെ കരുതൽ വേണം.
അതിരാവിലെയാണ് ഇവിടേക്ക് പോകാൻ പറ്റിയ സമയം. മഞ്ഞു തണുപ്പും സൂര്യപ്രകാശവും ഒക്കെ ചേർന്ന് പ്രത്യേക ഒരു അനുഭവം തന്നെ ലഭിക്കും. ഉളുപ്പുണിയിലേക്ക് ഒന്നിലധികം റൂട്ടുകളുണ്ട്. കോട്ടയത്ത് നിന്ന് വരുന്നവരാണെങ്കിൽ വാഗമണ്ണിൽ എത്തുന്നതിന് മുൻപ് ചോറ്റുപാറ ജംഗ്ഷൻ വഴി. തൊടുപുഴയിൽ നിന്ന് വരുന്നവരാണെങ്കിൽ കാഞ്ഞാർ - മൂലമറ്റം വഴിയാണ് മറ്റൊന്ന്. കനത്ത മഴയുള്ള സമയത്തോ ചുടുള്ള ദിവസങ്ങളിലോ ഉളുപ്പുണിയിലേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.
വഗമണ്ണിനെക്കുറിച്ച്:
വാഗമണ്ണിൽ നിന്നാണ് ഉളുപ്പുണിയിലേക്ക് പോകേണ്ടത്. ഇടുക്കി - കോട്ടയം ജില്ലകളിലായി സ്ഥിതി ചെയ്യുന്ന വാഗമൺ വളരെ മനോഹരമായ ഹിൽസ്റ്റേഷനാണ്. സമുദ്ര നിരപ്പിൽ നിന്ന് 1100 മീറ്റർ ഉയരത്തിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇനി വാഗമൺ പോകുമ്പോൾ ഉളുപ്പുണിയിലേക്കും പോയ്ക്കോളൂ..


Click it and Unblock the Notifications