'കേരളത്തിന്റെ സ്വിറ്റ്സർലാന്റ്' കണ്ടുവന്നാലോ! മഞ്ഞും മലനിരകളും, ഉപ്പുകുന്നിലെത്തിയാൽ, അടിപൊളി വ്യൂവാണ്
മഞ്ഞുകാലം വന്നെത്തി, ഒരുവിധം ആളുകൾ ഈ സമയമാണ് യാത്രകൾക്കായി തിരഞ്ഞെടുക്കാറുള്ളത്. ഡിസംബറിന്റെ തണുപ്പ് ആസ്വദിച്ച്, അല്പം ട്രക്കിംഗ് വൈബൊക്കെ ആയുള്ള യാത്ര ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ ഈ ഡിസംബറിൽ പോകാൻ പറ്റിയ സ്ഥാലമാണ് ഉപ്പുകുന്ന്. മലനിരകളുടെ സൗന്ദര്യം മനംനിറയുവോളം നോക്കിനിൽക്കാം. സമുദ്രനിരപ്പിൽ നിന്ന് 3200 അടി ഉയരത്തിലാണ് ഉപ്പുകുന്ന്.
പുൽമേടുകൾ നിറഞ്ഞ മൊട്ടകുന്നുകളും തണുത്ത കാറ്റുമൊക്കെയായി കുളിർമയുള്ള അന്തരീക്ഷം. കേരളത്തിന്റെ സ്വിറ്റ്സർലാന്റ് എന്നും ഉപ്പുകുന്നിനെ വിളിക്കാറുണ്ട്. അരുവിപ്പാറ, മുറംകെട്ടിപ്പാറ എന്നീ മൊട്ടക്കുന്നുകൾ ഉൾപ്പെട്ടതാണ് ഉപ്പുകുന്ന്. ഉപ്പ് ചരൽ പോലെ വെള്ളാരം കല്ല് ചിതറിക്കിടക്കുന്നതിനാലാണ് ഉപ്പുകുന്നിന് ഈ പേര് വന്നതെന്നാണ് പറയുന്നത്. തൊടുപുഴയിൽ നിന്ന് 30 കിലോ മീറ്റർ അകലെ ഉടുമ്പന്നൂർ പഞ്ചായത്തിൽ ആണ് ഉപ്പുകുന്ന്. ചേലകാട്, അരുവിപ്പാറ, തീരവക്കുന്ന് ക്ഷേത്രങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.

ഉപ്പുകുന്നിലെ നിങ്ങളെ കാത്തിരിക്കുന്നത് മനോഹരമായ ദൃശ്യങ്ങളാണ്. മൊട്ടകുന്നുകളിൽ കയറിയാൽ കാത്തിരിക്കുന്നത് അടിപൊളി വ്യൂ ആണ്. കുളമാവ് ഡാം, ചെറു തേൻമാരി വെള്ളച്ചാട്ടം മലങ്കര ജലാശയം, പൂമാല, കുടയത്തൂർ, അറക്കുളം തുമ്പച്ചീ എന്നീ സ്ഥലങ്ങളുടെ വിദൂര ദൃശ്യം കാണാം. കൊക്കകളും ചെങ്കുത്തായ പാറകളും ഉള്ളതിനാൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. പുൽമേടുകളിൽ മേയനായി കാട്ടനക്കൂട്ടങ്ങളും കാട്ടുപോത്തും കുരങ്ങന്മാരുമൊക്കെ എത്താറുണ്ട്.
ട്രക്കിംഗിന് പറ്റിയ ഇടമാണ്. തൊടുപുഴയിൽ നിന്ന് കരിമണ്ണൂർ, ഉടമ്പന്നൂർ, ചീനിക്കുഴി, പെരിങ്ങാശ്ശേരി വഴി 34 കിലോ മീറ്റർ സഞ്ചരിച്ചാൽ ഉപ്പുകുന്നിൽ എത്താം. ഇവിടെ നിന്ന് രണ്ട് കിലോ മീറ്റര് പോയാൽ തൊടുപുഴ - പുളിയന്മല സംസ്ഥാന പാതയിലെ പാറമടയിലെത്താം.












Click it and Unblock the Notifications