മഞ്ഞിൽ കുളിച്ചുനിൽക്കുന്ന തേയില തോട്ടങ്ങൾ, വളങ്ങാനം വെള്ളച്ചാട്ടം; ഈ പാക്കേജ് പൊളിക്കും
മഞ്ഞിൽ കുളിച്ചുനിൽക്കുന്ന തേയില തോട്ടങ്ങൾക്ക് നടുവിലൂടെ ഒരു ഉല്ലാസ യാത്ര. പോയാലോ? കൊട്ടക്കാര കെ എസ് ആർ ടി സിയുടെ ബജറ്റ് ടൂറിസം സെല്ലാണ് ഇത്തരമൊരു യാത്ര സംഘടിപ്പിക്കുന്നത്. എവിടെയാണ് ഈ സ്ഥലം എന്നല്ലേ? കോട്ടയത്തിന്റേയും ഇടുക്കിയുടേയും അതിർത്തി പ്രദേശമായ വാഗമണിലേക്കാണ് യാത്ര. അതിരാവിലെ പുറപ്പെട്ട് രാത്രിയോടെ മടങ്ങിയെത്താൻ പാകത്തിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. പോകുന്ന സ്ഥലങ്ങളെ കുറിച്ചും ചെലവിനെ കുറിച്ചുമെല്ലാം വിശദമായി അറിയാം
രാവിലെ 5 മണിയോടെ കൊട്ടക്കര കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും യാത്ര തിരിക്കും. എട്ടുമണിയോടെ പെരുവന്താനത്തെത്തും. പെരുവന്താനത്ത് ആണ് പ്രഭാത ഭക്ഷണം ഏർപ്പെടുത്തിയിരിക്കുന്നത്. അവിടെ നിന്ന് നേരെ പോകുന്നത് വളങ്ങാനം വെള്ളച്ചാട്ടത്തിലേക്കാണ്.ചാർളി സിനിമയിൽ ദുൽഖർ പറയുന്നൊരു വെള്ളച്ചാട്ടമില്ലേ? അത് തന്നെ. ഇടുക്കിയിലെ മുറിഞ്ഞപുഴയിൽ കോട്ടയം-കുമളി പാതയിലാണ് ഈ വെള്ളച്ചാട്ടം സ്ഥതി ചെയ്യുന്നത്. ഈ വഴി പോകുന്നവർ എല്ലാം തന്നെ ഇവിടുത്തെ വിസ്മയ കാഴ്ച കണ്ട് സമയം ചെലവഴിച്ച ശേഷമാണ് യാത്ര തിരിക്കുക. മഴക്കാലത്താണ് ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗി. പതഞ്ഞ് താഴേക്കൊഴുന്ന കാഴ്ച ഒരു കാലത്തും മറക്കാൻ സാധിക്കില്ല.

വളങ്ങാനത്ത് നിന്നും വണ്ടി നേരെ പോകുന്നത് അഡ്വഞ്ചർ പാർക്കിലേക്കാണ്.
10.30 ഓടെയാണ് പാർക്കിലെത്തുക. ഇവിടുത്തെ പ്രധാന കാഴ്ച ചില്ലുപാലമാണ്. വാഗമണിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ചില്ലുപാലം. നാൽപത് അടി നീളത്തിലും 150 അടി ഉയരത്തിലും കാന്റിലിവർ മാതൃകയിൽ നിർമിച്ച ഗ്ലാസ് ബ്രിഡ്ജ് രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ കാന്റി ലിവർ ഗ്ലാസ് ബ്രിഡ്ജ് ആണ്. ഇവിടെ ബോട്ടിങും സിപ്പ് ലൈനുമെല്ലാം സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.
അടുത്ത കാഴ്ച ഇവിടുത്തെ മൊട്ടക്കുന്നാണ്. സാഹസിക സഞ്ചാരികൾക്കും ട്രെക്കിങ് താത്പര്യമുള്ളവർക്കും മൊട്ടക്കുന്ന് സന്തോഷം നൽകുന്ന അനുഭവമായിരിക്കും. മൊട്ടക്കുന്നിന് മുകളിലേക്ക് കയറും തോറും മേഘം താഴേക്ക് ഇറങ്ങി വരുന്നത് പോലെ തോന്നും. മൊട്ടക്കുന്നിലെ കാഴ്ച കണ്ടുകഴിഞ്ഞാൽ ഉച്ചഭക്ഷണത്തിനുള്ള ബ്രേക്കാണ്. അതുകഴിഞ്ഞ് നേരെ പൈൻഫോറസ്റ്റിലേക്ക്. സൂയിസൈഡ് പോയിന്റും പരുന്തുംപാറയുമെല്ലാം കണ്ടതിന് ശേഷം നാട്ടിലേക്ക് മടങ്ങും. അത്താഴവും കഴിച്ചായിരിക്കും മടക്കം. രാത്രി 10.30 ഓടെ നാട്ടിൽ തിരിച്ചെത്താം. കൂടുതൽ വിവരങ്ങൾക്ക് 9567124271












Click it and Unblock the Notifications