മഞ്ഞിൽ പൊതിഞ്ഞ വാഗമൺ; എന്തുകൊണ്ട് ഇപ്പോൾ പോകണം, എന്തൊക്കെ കാണണം, അറിയാം
ക്രിസ്തുമസ് അവധി അടുക്കാറായി, യാത്രകൾ ഇപ്പോൾ പ്ലാൻ ചെയ്തില്ലെങ്കിൽ ചിലപ്പോൾ അവസാന നിമിഷം ഖേദിക്കേണ്ടി വന്നേക്കും. തികച്ചും 'ചിൽ' ആയ ഒരു സ്ഥലമാണ് നിങ്ങൾക്ക് പോകേണ്ടതെങ്കിൽ രണ്ടാമതൊന്ന് ആലോചിക്കേണ്ട, നേരെ വാഗമണ്ണിലേക്ക് പോകാം. ഡിസംബറിൽ പോകാൻ പറ്റിയ കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്ന് കൂടിയാണ് വാഗമൺ.
സാഹസിക വിനോദ സഞ്ചാരികൾക്ക് മാത്രമല്ല യാത്രയും വ്യത്യസ്തമായ സ്ഥലങ്ങളും കാണാൻ ഇഷ്ടപ്പെടുന്നവർക്കുമെല്ലാം ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഇടം കൂടിയാണ് വാഗമൺ. ഇവിടെ പ്രധാനമായും കാണേണ്ട കാഴ്ചകൾ കൂടി അറിയാം

വാഗമൺ ഗ്ലാസ് ബ്രിഡ്ജ്
കാന്റിലിവര്‍ മാതൃകയിലുള്ള ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലമാണ് വാഗമണ്ണിൽ ഉള്ളത്. 40 മീറ്ററാണ് ചില്ലുപാലത്തിന്റെ നീളം.പാലത്തില്‍ കയറി നിന്നാല്‍ മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകളുടെ വിദൂര ദൃശ്യങ്ങൾ വരെ ആസ്വദിക്കാൻ കഴിയും. ഇവിടെയുള്ള അഡ്വഞ്ചർ പാർക്കിൽ റോക്കറ്റ് ഇജക്റ്റർ, ജയന്റ് സ്വിംഗ്, സിപ് ലൈൻ, സ്കൈ സൈക്ലിംഗ്, സ്കൈ റോളർ, ഫ്രീ ഫോൾ, ഹ്യൂമൻ ഗൈറോ തുടങ്ങി നിരവധി സാഹസിക സാധ്യതകളും സഞ്ചാരികൾക്ക് ആസ്വദിക്കാനാകും.
തങ്ങൾ പാറ
ഏകദേശം ഒന്നരകിലോമീറ്ററോളം നീണ്ടുകിടക്കുന്ന പാറയാണ് തങ്ങൾപാറ. സൂഫി വര്യൻ ധ്യാനമിരുന്ന സ്ഥലം എന്നാണ് ഇത് അറിയപ്പെടുന്നത്. ഉരുണ്ട് താഴേക്ക് വീഴുന്ന മട്ടിലുള്ള ഗോളാകൃതിയിലുള്ള ശിലയും അതിന് സമീപത്തുള്ള ധ്യാന സ്ഥലവുമാണ് ഇവിടുത്ത പ്രധാന കാഴ്ച.
വാഗൺ പൈൻ വാലി, മൊട്ടക്കുന്ന്
സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്ന വാഗമണിലെ പ്രധാന കേന്ദ്രമാണ് പൈൻ കാട്. ആയിരക്കണക്കിന് പൈൻ മരങ്ങൾ ഇടതൂർന്ന നിൽക്കുന്ന മനോഹര ഇടമാണിത്. കോട മഞ്ഞിലെ പൈൻ കാട്, അത് കണേണ്ട കാഴ്ചയാണ്. ബ്രിട്ടീഷുകാരുടെ കാലത്താണ് പൈൻ കാടുകൾ ഇവിടെ നട്ടുപിടിപ്പിച്ചത്. സിനിമക്കാരുടെ ഇഷ്ട ലൊക്കേഷനായ ഇവിടം നിരവധി സിനിമകളിൽ ഇടംപിടിച്ചിട്ടുണ്ട്.
പരന്ന് കിടക്കുന്ന മൊട്ടക്കുന്ന് ഒന്ന് കയറിയില്ലെങ്കിൽ പിന്നെ എമ്ത് വാഗമൺ, നല്ല തണുത്ത കാറ്റേറ്റ് ഇവിടം ചെലവഴിക്കാൻ അതീവ രസമാണ്. മൊട്ടക്കുന്നിന് നടുവിലെ തടാകവും ഇവിടുത്തെ ബോട്ടിംഗുമെല്ലാം സഞ്ചാരികളെ ആകർഷിക്കും.
പാലൊളുകുംപാറ വെള്ളച്ചാട്ടം
വാഗമണ്ണിൽ നിന്നും രണ്ടര കിലോമീറ്റർ അകലെയാണ് പാലൊഴുകും പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വാഗമണ്ണിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഇവിടെ സഞ്ചാരികൾ ൺത്തുന്നത് കുറവാണ്. 150 അടി ഉയരത്തിൽ നിന്നാണ് വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്.












Click it and Unblock the Notifications