കോടമഞ്ഞിൽ മൂടി നിൽക്കുന്ന വാഗമൺ, ജീപ്പ് സഫാരി, ഡിജെയും ക്യാമ്പ് ഫയറും; പിന്നെന്ത് വേണം?
നല്ല കോടമഞ്ഞിൽ ഇടുക്കിയെ കണ്ടിട്ടുണ്ടോ? ഇല്ലെന്നാണ് ഉത്തരമെങ്കിൽ വേഗം വിട്ടോളൂ നിലമ്പൂരിലേക്ക്. രണ്ട് ദിവസം ഇടുക്കിയെ കാണാൻ കിടിലനൊരു പാക്കേജാണ് നിലമ്പൂർ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഒരുക്കിയിരിക്കുന്നത്. ഇടുക്കി, ചെറുതോണി അടക്കമുള്ള ഡാമുകളും സഞ്ചാരികളുടെ പറുദീസയായ വാഗമണ്ണും എല്ലാം യാത്രയിൽ നിങ്ങൾക്ക് ആസ്വദിക്കാം. അതും വളരെ കുറഞ്ഞ ചെലവിൽ. കൊളളാം അല്ലേ? എന്നാൽ യാത്രയെ കുറിച്ച് വിശദമായി തന്നെ വായിക്കാം
സെപ്റ്റംബർ 9 ശനിയാഴ്ച രാവിലെ നാല് മണിക്കാണ് നിലമ്പൂർ ഡിപ്പോയിൽ നിന്നും ഉല്ലാസ യാത്ര പുറപ്പെടുക. യാത്ര നേരെ എത്തുക വാഗമണ്ണിലേക്കാണ്. ഇന്ത്യയിലെ മികച്ച പത്ത് വേനൽക്കാല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇടംപിടിച്ച സ്ഥലമാണ് വാഗമൺ. വേനൽക്കാലം തന്നെ മികച്ച അനുഭവമാണ് വാഗമൺ സഞ്ചാരികൾക്കായി നൽകുന്നത്. അപ്പോൾ പിന്നെ മഴക്കാലത്തെ വാഗമൺ കാഴ്ചകൾ എന്തായിരിക്കും അല്ലേ?

ഇടുക്കി - കോട്ടയം ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന പ്രകൃതി രമണീയമായവിനോദ സഞ്ചാരകേന്ദ്രം, കോടമഞ്ഞും ഇളം കാറ്റും ചെറുചാറ്റൽ മഴയുമൊക്കെയായി വാഗമൺ ഈ മഴക്കാലത്തും അതിസുന്ദരിയായിരിക്കും. ഉച്ചയോടെ വാഗമണ്ണിൽ എത്തിയാൽ ഉച്ചഭക്ഷണവും കഴിച്ച് അഡ്വഞ്ചർ പാർക്ക്, സൂയിസൈഡ് പോയിന്റ്, പൈൻമര തോട്ടം, വാഗമൺ മൊട്ടകുന്നുകൾ എന്നിവ സന്ദർശിച്ച് നേരെ റൂമിലേക്ക് മടക്കം.
തീർന്നില്ല കേട്ടോ,യാത്രയിൽ ഒരു ക്യാമ്പ് ഫയർ ഇല്ലാതെങ്ങനെ അല്ലേ? സഞ്ചാരികൾക്കായി ഒരു മണിക്കൂർ നീളുന്ന ക്യാമ്പ് ഫയർ ആണ് തയ്യാറാക്കിയിരിക്കുന്നത്. ഒപ്പം ഡിജെ ഡാൻസ്. രാത്രി ഭക്ഷണ ശേഷം ഷെയറിങ് റൂമുകളിലാണ് സ്റ്റേ ഒരുക്കിയിരിക്കുന്നത്.
സഞ്ചാരികളെ ശരിക്കും ത്രില്ലടിപ്പിക്കുന്ന പരിപാടികളാണ് പാക്കേജിൽ രണ്ടാം ദിവസം ഒരുക്കിയിരിക്കുന്നത്. അതിലൊന്നാണ് ഓഫ് റോഡ് ജീപ്പ് സവാരി. ഞായറാഴ്ച രാവിലെയാണ് ജീപ്പ് സവാരി.അതിന് ശേഷം വാഗമണ്ണിൽ നിന്നും തിരിച്ച് അഞ്ചുരുളി കനാലിലേക്ക്.
പിന്നെ ചെറുതോണി, ഇടുക്കി, കുളമാവ് ഡാമുകൾ എന്നിവ സന്ദർശിച്ച് രാത്രി 10 മണിയോടെ തന്നെ നിലമ്പൂരിലേക്ക് മടങ്ങും. ബസ് ചാർജ് , വാഗമണ്ണിൽ എത്തിയതിനു ശേഷം ഉള്ള 3 നേരത്തെ ഭക്ഷണം, ഓഫ് റോഡ് ജീപ്പ് സവാരി, ക്യാമ്പ് ഫെയർ, ഡിജെ സൗകര്യം (ഷെയറിംഗ് റൂം, പ്രത്യേകമായി റൂം ആവശ്യമുള്ളവർക്ക് മുൻകൂട്ടി അറിയിച്ചാൽ അധിക തുക നൽകി ലഭ്യത അനുസരിച്ച് റൂം ക്രമീകരിക്കും) എന്നിവ പാക്കേജ് ചാർജിൽ ഉൾപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്- 7012968595, 98468 69969,
94474 36967 ഈ നമ്പറിൽ ബന്ധപ്പെടാം.












Click it and Unblock the Notifications