നൂൽമഴയും പൈൻ മരങ്ങളും കോടമഞ്ഞും ആസ്വദിക്കാം; സഞ്ചാരികളെ ഇതിലേ
നാടെങ്ങും മഴ തകർത്ത് പെയ്യുകയാണ്, മഴക്കാലം ആസ്വദിച്ചൊരു യാത്ര പോകാൻ പറ്റിയ സമയം. അങ്ങനെയെങ്കിൽ അടുത്ത യാത്ര വാഗമണിലേക്ക് പിടിച്ചാലോ? മൺസൂൺ യാത്രകൾക്ക് ഏറ്റവും മികച്ച സ്ഥലമാണ് കോട്ടയം ജില്ലയിലുള്ള വാഗമൺ. നൂൽമഴയും പൈൻകാടുകളും കോടമഞ്ഞുമൊക്കെയായി സഞ്ചാരികളെ ത്രില്ലിടപ്പിക്കാൻ പോന്നതെല്ലാം വാഗമണിൽ ഉണ്ട്. സാഹസിക സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം കൂടിയാണ് ഇവിടം. അഡ്വഞ്ചർ പാർക്കും ചില്ലുപാലവുമൊക്കെ എത്തിയതോടെ വേറിട്ട മഴ അനുഭവങ്ങൾ സഞ്ചാരികൾക്ക് ഇവിടെ ആസ്വദിക്കാനാകും.
ഇനി എങ്ങനെ വാഗമണിലെത്തും എന്നാണ് ആശങ്കയെങ്കിൽ കൊട്ടരക്കര കെ എസ് ആർ ടി സിയിടെ പ്രത്യേക മൺസൂൺ പാക്കേജുമുണ്ട് ഇവിടേക്ക്. ജുലൈ 14 നാണ് ഇവിടേക്കുള്ള അടുത്ത യാത്ര. പാക്കേജിനെ കുറിച്ച് കൂടുതൽ അറിയാം

കോട്ടയത്തു നിന്നും 64 കി.മീറ്റര്‍ അകലെയായി സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വാഗമൺ. ആരേയും ആകർഷിക്കുന്ന പ്രകൃതിഭംഗിയോട് കൂടിയ ഈ സ്ഥലം ട്രെക്കർമാരുടെ പറുദീസയാണ്. മൊട്ടക്കുന്നാണ് വാഗമണിൽ എത്തുന്ന സഞ്ചാരികളെ ആദ്യം സ്വീകരിക്കുന്നത്. മൊട്ടക്കുന്നിലെ നൂൽമഴയും ഇടയ്ക്കിടെ വന്ന് പോകുന്ന കോടയേയും കൂട്ടി നടന്ന് മൊട്ടക്കുന്നിന് മുകളിലെത്താം. ആകാശത്തെ മൂടി വരുന്ന കാർമേഘങ്ങളും വേറൊരറ്റത്തു നിന്നു പെയ്തു തുടങ്ങുന്ന മഴയുമെല്ലാം മൊട്ടക്കുന്നിന് മുകളിലെത്തിയാലുള്ള മോഹിപ്പിക്കും കാഴ്ചയാണ്.
ഇവിടെ നിന്ന് രണ്ട് കിമി പോയാലാണ് പൈൻ കാടുകൾ കാണാനാവുക.
തിങ്ങി നിറഞ്ഞ പൈൻകാടുകളുകൾ പൊതുവെ തന്നെ കാണാൻ ഭംഗിയാണ്. അതിനൊപ്പം തുള്ളി പെയ്തിറങ്ങുന്ന മഴയും കാഴ്ചമറച്ച് കോടമഞ്ഞും കൂടി നിറയുന്നതോടെ അത് മറ്റൊരു വേറിട്ട അനുഭവമാകും.
വാഗമണിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരു കാഴ്ച ഇവിടുത്ത ചില്ലുപാലമാണ്. നീണ്ട് പരന്ന് കിടക്കുന്ന ചില്ലുപാലത്തിന്റെ അറ്റത്ത് എത്തിയാൽ മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകളുടെ വിദൂര ദൃശ്യങ്ങൾ സഞ്ചാരികൾക്ക് കാണാം. റോക്കറ്റ് ഇജക്റ്റർ, ജയന്റ് സ്വിംഗ്, സിപ് ലൈൻ, സ്കൈ സൈക്ലിംഗ്, സ്കൈ റോളർ, ഫ്രീ ഫോൾ, ഹ്യൂമൻ ഗൈറോ തുടങ്ങി നിരവധി സാഹസിക സാധ്യതകളും അഡ്വഞ്ചർ പാർക്കിൽ ഒരുക്കിയിട്ടുണ്ട്.
വാഗമൺ മാത്രമല്ല ഇടുക്കിയിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയും കൂടി കണ്ടിട്ടാകും തിരിച്ച് കൊട്ടാരക്കരയിലേക്കുള്ള മടക്കം.
ഉച്ചഭക്ഷണം ഉൾപ്പെടെ 940 രൂപയാണ് ഒരാൾക്കുള്ള പാക്കേജ്. രാവിലെ 5മണിക്ക് പുറപ്പെടുന്ന യാത്ര രാത്രി 10.30 ഓടെയാണ് തിരികെ എത്തുക.
സീറ്റുകൾക്കായി വിളിക്കാം :
9567124271 , 9447281459












Click it and Unblock the Notifications