കോടയും തണുപ്പും കുന്നുകളും മോഹിപ്പിക്കുന്ന വാഗമൺ, ഉളപ്പുണി, പോകാം? പാക്കേജുമായി കെഎസ്ആർടിസി
കേരളത്തിൽ മഴ ഏകദേശം മാറി. ഇനി തണുപ്പ് കാലമാണ്. മൂടി നിൽക്കുന്ന കോടയും തണുപ്പുമായിരിക്കും മലയോരങ്ങളിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഒരുപക്ഷെ യാത്രികരെ സംബന്ധിച്ച് ഏറ്റവും മികച്ച യാത്രാനുഭവം സമ്മാനിക്കുന്ന സമയം കൂടിയായിരികും ഇത്.
തണുപ്പിൽ കേരളത്തിൽ ആസ്വദിക്കാൻ നിറയെ ഇടങ്ങളുണ്ട്. വയനാടും ഇടുക്കിയും കയറിയാൽ തന്നെ ഈ ഇടങ്ങളെല്ലാം സഞ്ചാരികൾക്ക് വേണ്ടുവോളം കാണാം. അത്തരത്തിലൊരു ഇടത്തേക്ക് യാത്ര ഒരുക്കുകയാണ് കൊട്ടാരക്കര കെ എസ് ആർ ടി സി. എവിടേക്കാണെന്നല്ലേ? ഇടുക്കിയിലെ ഏറ്റവും രസകരമായ ഹിൽസ്റ്റേഷനുകളിൽ ഒന്നായ വാഗമണിലേക്കാണ് യാത്ര. വാഗമൺ മാത്രമല്ല യാത്രയിൽ ആസ്വദിക്കുക, ഇടുക്കിയിൽ ഈ തണുപ്പ് കാലത്ത് ആസ്വദിക്കാൻ പറ്റുന്ന ഇടങ്ങളിലൊന്നായ ഉളുപ്പിണിയും സഞ്ചാരികൾക്ക് കാണാം. പാക്കേജിനെ കുറിച്ചും യാത്രയെ കുറിച്ചും വിശദമായി വായിക്കാം

സമുദ്രനിരപ്പിൽ നിന്ന് 1,100 മീറ്റർ ഉയരത്തിൽ സ്ഥിതി വാഗമൺ സാഹസിക സഞ്ചാരികൾക്കും പ്രകൃതി സ്നേഹികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പ്രദേശമാണ്. കോടമഞ്ഞ് നിറഞ്ഞ മലഞ്ചെരിവുകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. 'ഏഷ്യയുടെ സ്കോട്ട്ലൻഡ്" എന്നാണ് വാഗമണിനെ വിശേഷിപ്പിക്കുന്നത്. വെറുതെയല്ലത്, എപ്പോഴും തണുപ്പ് നിറഞ്ഞ കാലാവസ്ഥയാണ് വാഗമണിന് ഈ പേര് നൽകിയത്. മഴ ഏകദേശം മാറിത്തുടങ്ങിയ ഈ ഒക്ടോബറിൽ വാഗമണിലെ കാഴ്ച നിങ്ങളെ ഏറെ വിസ്മയിപ്പിക്കും. കോട മൂടിക്കിടക്കുന്ന കാഴ്ചകളായിരിക്കും ചുറ്റും.
മൊട്ടക്കുന്നിന് മുകളിലേക്ക് കോടയുടെ അകമ്പടിയോട് കൂടി കയറാം. പൈൻ കാടുകളിൽ അതിരാവിലെ പരസ്പരം കാണാൻ പറ്റാത്ത അത്രയും കോടമൂടി നിൽക്കുന്നതും കാണാം. സാഹസിക സഞ്ചാരികൾക്ക് ഇവിടുത്തെ അഡ്വഞ്ചർ പാർക്കും ചില്ല് പാലവുമെല്ലാം വേണ്ടുവോളം ആകർഷിച്ച് മടങ്ങാം. ഈ യാത്രയിലെ മറ്റൊരു പ്രധാന ആകർഷണം ഉളുപ്പിണിയാണ്. പൊതുവെ വാഗമണിലെത്തുന്നവർ ഉളുപ്പുണിയിലേക്ക് വരാറില്ല. എന്നാൽ ഉളുപ്പുണി ഒഴിവാക്കുന്നത് ഈ യാത്രയിലെ വലിയ നഷ്ടമാകും.
ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയ്ക്ക് ശേഷമാണ് മരങ്ങളും തണുപ്പും മലകളും നിറഞ്ഞ ഉളുപ്പുണിയെന്ന സ്വർഗം വിനോദസഞ്ചാരികളുടെ പ്രിയ ഇടമായി മാറിയത്. ഏകദേളം 1,800 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഉളുപ്പുണി, പശ്ചിമഘട്ടത്തിന്റെ പ്രകൃതിരമണീയമായ സൗന്ദര്യം വിളച്ചോതുന്ന ഇടംകൂടിയാണിത്. മറ്റ് സ്ഥലങ്ങളെ പോലെയല്ല, വളരെ എളുപ്പത്തിൽ ഇവിടേക്ക് എത്തിച്ചേരാൻ സാധിക്കും.
സ്കോട്ട്ലാന്റിലെ ഹൈലാന്റിന് സമാനമായ പുൽമേടുകളാണ് ഇവിടെയത്തുന്ന സഞ്ചാരികളെ വരവേൽക്കുക. സാഹസികതയും ശാന്തതയും ഒരുമിച്ച് ആഗ്രഹിക്കുന്നവർക്ക് ഉളുപ്പുണി ഒരു മികച്ച സ്ഥലമാണ്. ഇവിടുത്തെ പ്രധാന ആകർഷണം ഓഫ്-റോഡിംഗ് തന്നെ.
കാടിന്റെ കുളിരും കോടയുടെ തണുപ്പും നുകർന്ന് ആസ്വദിച്ചുള്ള ജീപ്പ് സഫാരി മറക്കാനാവാത്ത അനുഭവമായിരിക്കും നിങ്ങൾക്ക് സമ്മാനിക്കുന്നത്. ഇവിടെ നിന്ന് നോക്കിയാൽ പെരിയാറിലുള്ള കുളമാവ് ഡാമിന്റെ വിദൂര ദൃശ്യവും സഞ്ചാരികൾക്ക് ആസ്വദിക്കാനാകും. കാൽനട യാത്ര ഇഷ്ടപ്പെടുന്നവർക്ക് അടിവാരത്ത് നിന്ന് 2-3 മണിക്കൂർ മലകയറിയാൽ മറഞ്ഞിരിക്കുന്ന വ്യൂ പോയിന്റുകൾ കാണാനുള്ള അവസരം ലഭിക്കും. ഉളുപ്പുണിയിൽ അതിരാവിലെ എത്തുന്നതാണ് ഏറ്റവും നല്ലത്. ഇവിടുത്തെ സൂര്യോദയം കാണേണ്ട കാഴ്ച തന്നൊണ്.
ഇനി യാത്രയെ കുറിച്ച് അറിയാം
അതിരാവിലെ അഞ്ച് മണിക്കാണ് യാത്ര പുറപ്പെടുന്നത്. ഉച്ചഭക്ഷണം, ഓഫ് റോഡ് ജീപ്പ് ചാർജ് എന്നിവ ഉൾപ്പെടെ ഒരാൾക്ക് വരുന്ന ചെലവ് 1250 രൂപയാണ്. ആകെ 35 സീറ്റുകളാണ് ഉള്ളത്. സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും 9567124271, 9447281459 എന്ന നമ്പറിൽ ബന്ധപ്പെടാം.












Click it and Unblock the Notifications