മഴയും മഞ്ഞും ചേരുന്ന വാഗമൺ;പൈൻ മരങ്ങൾക്കിടയിലൂടെ നടക്കാം, മൊട്ടക്കുന്ന് കയറാം
ഇടുക്കി: മഴയും മഞ്ഞും ചേരുന്ന യാത്രയാണ് മഴക്കാലത്ത് വാഗമണ്ണിലേക്കുള്ളത്.വാഗമൺ കയറിത്തുടങ്ങുമ്പോൾ തന്നെ കോടമഞ്ഞ് ഒരുങ്ങിയിരിക്കും. മഴ യാത്രകളിൽ പലപ്പോഴും വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകുന്ന ഇടമാണ് വാഗമണ്ണെങ്കിലും ഇവിടെ വന്ന് ഒരുമഴയെങ്കിലും കൊണ്ടിട്ടുള്ളവര് വീണ്ടും വരും, മൊട്ടക്കുന്നുകളും താഴ്വാരങ്ങളും വളഞ്ഞുപുളഞ്ഞ് കിടക്കുന്ന റോഡും ഒക്കെ കടന്ന് മഴയുടെ അകമ്പടിയിൽ വാഗമണ്ണിൽ എത്തുന്നതോടെ കാര്യങ്ങൾ ഉഷാറാകും.
പ്രകൃതി മുഴുവൻ മഴയിൽ നിങ്ങളെ സ്വീകരിക്കാൻ ഒരുങ്ങി നിൽക്കുകയാണന്നു തോന്നും,ആകാശത്തെ മൂടി വരുന്ന കാർമേഘങ്ങളും വേറൊരറ്റത്തു നിന്നു പെയ്തു തുടങ്ങുന്ന മഴയും ആണ് ഇവിടുത്തെ സ്ഥിരം മഴക്കാഴ്ച. മൊട്ടക്കുന്നിലിരുന്ന് കാഴ്ചകൾ കണ്ട് പൈൻ വാലിയിലൂടെ ഒന്നു കറങ്ങി ബോട്ടിങ്ങും നടത്തി വേണം ഇവിടുന്നു മടങ്ങാൻയ ഇതാ വാഗമൺ മഴക്കാലത്ത് സ ഞ്ചാരികൾക്കായി കരുതി വെച്ചിരിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം.

കോട്ടയത്ത് നിന്ന്
കോട്ടയത്തു നിന്നും 64 കിലോ മീറ്റര്‍ അകലെയാണ് കോട്ടയം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ് ഈ പ്രദേശം. സാഹസിക യാത്രികരുടേയും ട്രക്കർമാരുടെ പറുദീസയായിട്ടാണ് വാഗമൺ . ഇടുക്കി, കോട്ടയം അതിർത്തി യില്‍ പുൽമേടുകളും തേയില തോട്ടങ്ങളും കലർന്നുള്ള ഈ പ്രദേശം ഇന്ത്യയിലെ പ്രധാന പാരിസ്ഥിതിക വിനോദ സഞ്ചാര കേന്ദ്രമായി മാറുന്നു. കേരള ലൈവ് സ്റ്റോക്ക് ബോർഡിൻറെ കന്നുകാലി പ്രജനന കേന്ദ്രവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
മൊട്ടക്കുന്നുകളും പൈൻ വാലിയും
വാഗമൺ കയറി ചെന്നാൽ ആദ്യം കാണുക മൊട്ടക്കുന്നാണ്. പച്ചപുതച്ച് നിൽക്കുന്ന മൊട്ടക്കുന്നിൽ കയറിയും ഇറങ്ങിയും ആവോളം ആസ്വദിക്കാം. ഇവിടെ നിന്നും രണ്ട് കിമി അകലയാണ് പൈൻവാലിയിലേക്ക് ഉള്ളത്. ആയിരക്കണക്കിന് പൈൻ മരങ്ങൾക്ക് നടുവിലൂടെ മഴയത്തൊരു നടത്തം , അത് അനുഭവിച്ച് തന്നെ അറിയണം.
ഏറ്റവും നീളംകൂടിയ ചില്ലുപാലവും
വാഗമണ്ണിൽ എത്തുന്ന സഞ്ചാരികൾക്ക് ഇവിടുത്തെ ചില്ലുപാലവും വേണ്ടുവോളം ആസ്വദിക്കാം.പാലത്തില്‍ കയറി നിന്നാല്‍ മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകളുടെ വിദൂര ദൃശ്യങ്ങൾ വരെ ആസ്വദിക്കാൻ കഴിയും.കാലത്ത് 9 മുതൽ വൈകിട്ട് 6 വരെയാണ് പാലത്തിലേക്കുള്ള പ്രവേശന സമയം. റോക്കറ്റ് ഇജക്റ്റർ, ജയന്റ് സ്വിംഗ്, സിപ് ലൈൻ, സ്കൈ സൈക്ലിംഗ്, സ്കൈ റോളർ, ഫ്രീ ഫോൾ, ഹ്യൂമൻ ഗൈറോ തുടങ്ങി നിരവധി സാഹസിക സാധ്യതകളും അഡ്വഞ്ചർ പാർക്കിൽ ഒരുക്കിയിട്ടുണ്ട്.












Click it and Unblock the Notifications