പോക്കറ്റ് കീറാതെ പ്രണയിക്കാം; വാലന്റൈന്‍സ് ദിനത്തില്‍ ബജറ്റ് യാത്ര ആയാലോ?
പ്രണയിക്കുന്നവരുടെ ഇഷ്ടദിനമാണ് വാലന്റൈന്‍സ് ഡേ. വാലന്റൈന്‍സ് ഡേയില്‍ പങ്കാളിക്ക് സര്‍പ്രൈസുകള്‍ നല്‍കാന്‍ ഇഷ്ടപ്പെടുന്നവര്‍ നിരവധിയാണ്. ഫെബ്രുവരി 14-ന് സര്‍പ്രൈസായി ഒരു യാത്ര പോയാലോ, അതു പോക്കറ്റ് കീറാതെ. പണമെറിഞ്ഞുള്ള സര്‍പ്രൈസുകളേക്കാള്‍ ജീവിതം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന നല്ലൊരു ഓര്‍മയായി ഈ യാത്രകളെ മാറ്റിയെടുക്കാം.
മനോഹരമായ കാഴ്ച്ചകള്‍ കണ്ടുള്ള റോഡ് യാത്രകളാണ് ഇഷ്ടമെങ്കില്‍ കര്‍ണാടകയ്ക്കു വച്ചുപിടിക്കാം. കര്‍ണാടകയിലെ മനോഹരമായ പാതകള്‍ ശാന്തമായ യാത്രയും നല്ല കാഴ്ച്ചകളും സമ്മാനിക്കുന്നു. മൈസൂരു-കബനി, കൂര്‍ഗ്, ഊട്ടി, ചിക്മംഗളൂരു, സകലേശ്പുര്‍ എന്നിവയും റൊമാന്റിക് യാത്രകള്‍ക്ക് അനുയോജ്യമാണ്. ഒന്നോ രണ്ടോ ദിവസത്തെ യാത്രക്ക് ഈ പാതകള്‍ തിരഞ്ഞെടുക്കാം.
നഗരത്തിലെ തിരക്ക് ഒഴിവാക്കാന്‍ പ്രഭാതത്തില്‍ തന്നെ യാത്ര ആരംഭിക്കാം. ആവശ്യത്തിന് ഇന്ധനം, ലഘുഭക്ഷണം, ഓഫ്ലൈന്‍ മാപ്പുകള്‍ എന്നിവ കൈവശം കരുതുക. പല റൂട്ടുകളിലും നെറ്റ്വര്‍ക്കില്ലാത്തതിനാല്‍ റൂട്ടുകളെക്കുറിച്ച് മുന്‍ധാരണ ഉണ്ടാക്കുക. മൈസൂരു ദേശീയപാതയില്‍ മനോഹരമായ കാഴ്ച്ചകളും നിരവധി കഫേകളുമുണ്ട്. മൈസൂരു കൊട്ടാരവും കുക്കരഹള്ളി തടാകവും വൈകുന്നേരങ്ങളില്‍ മനോഹരമായ കാഴ്ചകളാണ്. മൈസൂരുവില്‍ നിന്ന് കബനിയിലെ വനങ്ങളും നദീതീര റിസോര്‍ട്ടുകളും സ്വസ്ഥമായ അന്തരീക്ഷം നല്‍കുന്നു.

ബെംഗളൂരുവില്‍ നിന്ന് കൂര്‍ഗിലേക്ക്
കാപ്പിത്തോട്ടങ്ങള്‍ക്കും മലനിരകള്‍ക്കും ഇടയിലൂടെയാണ് കൂര്‍ഗിലേക്കുള്ള യാത്ര. കുശാല്‍നഗര്‍ കഴിഞ്ഞാല്‍ റോഡുകള്‍ക്ക് വളവുകളും പച്ചപ്പും വര്‍ദ്ധിക്കും. അബ്ബി വെള്ളച്ചാട്ടം, രാജാസ് സീറ്റ്, എന്നിവിടങ്ങള്‍ മികച്ച യാത്രാനുഭവം നല്‍കും. തണുത്ത കാലാവസ്ഥയും മഞ്ഞുള്ള പ്രഭാതങ്ങളും വാലന്റൈന്‍സ് ദിന യാത്രയ്ക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നു.
ബെംഗളൂരുവില്‍ നിന്ന് മൈസൂരു വഴി ഊട്ടിയിലേക്ക്
മൈസൂരു, ബന്ദിപ്പൂര്‍ വഴി പോകുമ്പോള്‍ വന്യമൃഗങ്ങളെ കാണാം. വനമേഖലകളിലൂടെ സാവധാനം ഡ്രൈവ് ചെയ്യാം. ഊട്ടിയിലേക്കുള്ള കയറ്റത്തില്‍ നിരവധി ഹെയര്‍പിന്‍ വളവുകളുണ്ട്. അവിടെയെത്തിയാല്‍ തടാകം, പൂന്തോട്ടങ്ങള്‍, മനോഹരമായ തേയിലത്തോട്ടങ്ങള്‍, പുല്‍ത്തകിടികള്‍ എന്നിവ ആസ്വദിക്കാം.
ബെംഗളൂരുവില്‍ നിന്ന് ചിക്മംഗളൂരുവിലേക്ക്
ബെംഗളൂരുവില്‍ നിന്ന് ഹാസന്‍ ഹൈവേ വഴി ചിക്മംഗളൂരുവിലെ കാപ്പിത്തോട്ടങ്ങളിലേക്ക് പോകാം. ഹാസന്‍ പിന്നിടുമ്പോള്‍ മലനിരകളും തോട്ടങ്ങളുമടങ്ങിയ മനോഹര കാഴ്ചകള്‍ തെളിയും. പല റിസോര്‍ട്ടുകളും സ്വകാര്യ ബോണ്‍ഫയറുകള്‍ ഒരുക്കുന്നു. കര്‍ണാടകയിലെ ഏറ്റവും ഉയരം കൂടിയ മുല്ലയനഗിരി, സൂര്യാസ്തമയ യാത്രകള്‍ക്കും ഹൈക്കിംഗിനും പേരുകേട്ടതാണ്.
ബെംഗളൂരുവില്‍ നിന്ന് സകലേശ്പുരിലേക്ക്
ബെംഗളൂരുവില്‍ നിന്ന് ചിക്മംഗളൂരുവിനേക്കാള്‍ അടുത്താണ് സകലേശ്പുര്‍. പച്ചപ്പും ശാന്തതയും ഇവിടെയുണ്ട്. ചെറിയ വളവുകളും ഇടതൂര്‍ന്ന പച്ചപ്പുമുള്ള പാതയാണിത്. പഴയ ക്ഷേത്രങ്ങള്‍, ചെറിയ വെള്ളച്ചാട്ടങ്ങള്‍, വ്യൂ പോയിന്റുകള്‍ എന്നിവ സന്ദര്‍ശിക്കാം. മലയോരത്തുള്ള ഹോംസ്റ്റേകളാണ് ഇവിടെ ഏറെ ജനപ്രിയം. ഫെബ്രുവരിയില്‍ ഈ മലമ്പ്രദേശങ്ങളില്‍ കാലാവസ്ഥ മനോഹരമായിരിക്കും.
വാലന്റൈന്‍സ് ദിനത്തിലെ തിരക്ക് ഒഴിവാക്കാന്‍ മുറികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുക. ടോളുകള്‍ക്കും ഗ്രാമീണ ഭക്ഷണശാലകള്‍ക്കുമായി പണം കരുതുക. രാത്രി വൈകി ചുരത്തിലൂടെയുള്ള യാത്രകള്‍ ഒഴിവാക്കണം. യാത്രാ വിവരങ്ങള്‍ കുടുംബാംഗങ്ങളുമായി പങ്കുവെക്കുക, അത്യാവശ്യ മരുന്നുകളും ചാര്‍ജ് ചെയ്ത പവര്‍ ബാങ്കും കരുതുന്നത് സുരക്ഷയ്ക്ക് നല്ലതാണ്.












Click it and Unblock the Notifications