ബെംഗളൂരു-എറണാകുളം പുതിയ വന്ദേഭാരത് നീട്ടിയേക്കും; കൊച്ചിയില്‍ മതിയാക്കില്ല? റെയില്‍വെ മന്ത്രിക്ക് കത്ത്
കൊച്ചി: കേരളത്തിന് പുതിയ വന്ദേഭാരത് എക്‌സ്പ്രസ് കൂടി ലഭിക്കാന്‍ പോകുകയാണ്. അടുത്ത മാസം മുതല്‍ ബെംഗളൂരു-എറണാകുളം റൂട്ടിലായിരിക്കും സര്‍വീസ്. കാസര്‍കോട്-തിരുവനന്തപുരം, മംഗലാപുരം-തിരുവനന്തപുരം റൂട്ടില്‍ നിലവില്‍ വന്ദേഭാരത് സര്‍വീസുണ്ട്. അതിന് പുറമെയാണ് മൂന്നാമത്തെ സര്‍വീസ് വരുന്നത്. നേരത്തെ നിര്‍ത്തിവച്ച സര്‍വീസ് പുനരാരംഭിക്കുകയാണ് നവംബര്‍ മുതല്‍.
കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള ഏക വന്ദേഭാരത് എക്‌സ്പ്രസ് ആകുമിത്. അതുകൊണ്ടുതന്നെ ബെംഗളൂരുവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇതൊരു ആശ്രയമാകും. എന്നാല്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളം വരെ മാത്രം സര്‍വീസ് നടത്തുന്നതിന് പകരം തിരുവനന്തപുരത്തേക്ക് കൂടി നീട്ടിയാല്‍ കൂടുതല്‍ ആശ്വസമാകും. ഇക്കാര്യത്തില്‍ ചില നീക്കങ്ങള്‍ നടക്കുന്നുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ എംപി റെയില്‍വെ മന്ത്രിയെ കണ്ടു.

തിരുവനന്തപുരത്തേക്ക് കൂടി സര്‍വീസ് നീട്ടിയാല്‍ തെക്കന്‍ കേരളത്തിലെ യാത്രക്കാര്‍ക്ക് നേട്ടമാകും. ആലപ്പുഴ വഴി സര്‍വീസ് നീട്ടാമെന്ന് ഇവിടെ നിന്നുള്ള എംപി കൂടിയായ കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് അദ്ദേഹം കത്തുനല്‍കിയിട്ടുണ്ട്. ഈ രീതിയില്‍ മാറിയാല്‍ നേട്ടമാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ശബരീനാഥനും അഭിപ്രായപ്പെട്ടു.
കോഴിക്കോടിനെ ബന്ധിപ്പിച്ച് വന്ദേഭാരത് സര്‍വീസ് വേണമെന്ന് എംകെ രാഘവന്‍ എംപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ വേളയിലാണ് ബെംഗളൂരു-എറണാകുളം വന്ദേഭാരത് വരുന്നത്. കേരളത്തെയും തമിഴ്‌നാടിനെയും ബന്ധിപ്പിച്ചുള്ള വന്ദേഭാരതും ഉടനെ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന നഗരങ്ങളാണ് ബെംഗളൂരുവും ചെന്നൈയും.
കെസി വേണുഗോപാലിന്റെ പ്രതികരണം ഇങ്ങനെ
''നവംബര്‍ പകുതിയോടെയാണ് കേരളത്തില്‍ പുതുതായി മറ്റൊരു വന്ദേഭാരത് എക്‌സ്പ്രസ്സ് കൂടിയെത്തുന്നത്. കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന ഏക വന്ദേ ഭാരത് എക്സ്പ്രസാണിത്. ഈ സര്‍വീസ് തിരുവനന്തപുരം വരെ നീട്ടിയാല്‍ അതിന്റെ പ്രയോജനം എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലക്കാര്‍ക്ക് കൂടി ലഭ്യമാകും.
അതിനാല്‍ത്തന്നെ ഈ സര്‍വീസ് ആലപ്പുഴ വഴി തിരുവനന്തപുരം വരെ നീട്ടണമെന്ന ആവശ്യമുന്നയിച്ച് റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തുനല്‍കിക്കഴിഞ്ഞു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവയുള്‍പ്പെടെ ജില്ലകളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കാനിത് സഹായിക്കുക.
സര്‍വീസ് ആലപ്പുഴ വഴിയാക്കുന്നത് തീരദേശപാതയ്ക്കും ആശ്വാസമാണ്. തീരുവനന്തപുരം നോര്‍ത്ത് സ്റ്റേഷന്‍ കൂടുതല്‍ സജ്ജമായതോടെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് കൂടതല്‍ ട്രെയിനുകള്‍ക്ക് സര്‍വീസ് നടത്താനുള്ള സാഹചര്യവുണ്ട്. ഐടി, ബിസിനസ്, വിദ്യാഭ്യാസ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഇത് വളരെ പ്രയോജനപ്രദമാണ്. ഇക്കാര്യം കത്തില്‍ വിശദമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സര്‍വീസ് തുടങ്ങും മുന്‍പേ ഇക്കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നാണ് പ്രതീക്ഷ.''












Click it and Unblock the Notifications