വന്ദേഭാരത് ബെംഗളൂരു-എറണാകുളം സർവ്വീസ് ഞായറാഴ്ച മുതൽ; സമയം, ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകൾ..അറിയാം
യാത്രക്കാർ ഏറെ കാത്തിരുന്ന എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി ശനിയാഴ്ച വെർച്വലായി ഫ്ലാഗ് ഓഫ് ചെയ്യും. ദീർഘകാലമായുള്ള ബെംഗളൂരു മലയാളികളുടെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ട്രെയിൻ ഞായറാഴ്ച മുതൽ സർവ്വീസ് നടത്തും. ട്രെയിൻ ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തും. ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്.
ട്രെയിൻ സമയം ഇങ്ങനെ
എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രാ സമയം ഏകദേശം 8 മണിക്കൂറും 40 മിനിറ്റുമായി ചുരുങ്ങും. നിലവിൽ 11 മണിക്കൂറോളം സമയം യാത്രക്കായി വേണ്ടി വരുന്നുണ്ട്. അതുകൊണ്ട് തന്നെ പുതിയ ട്രെയിൻ സർവ്വീസ് റൂട്ടിലെ ഗെയിം ചേഞ്ചർ ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ട്രെയിൻ നമ്പർ 26651 രാവിലെ 5:10-ന് കെ.എസ്.ആർ. ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:50-ന് എറണാകുളം ജംഗ്ഷനിൽ എത്തും. മടക്ക സർവീസായ ട്രെയിൻ നമ്പർ 26652 ഉച്ചയ്ക്ക് 2:20-ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11:00-ന് കെ.എസ്.ആർ. ബെംഗളൂരുവിൽ എത്തും. രാവിലെയും വൈകുന്നേരവുമുള്ള യാത്രക്കാർക്ക് ഈ സമയക്രമം പ്രയോജനകരമാകും.
കേരളത്തിലെ സ്റ്റോപ്പുകൾ
ഏഴ് സ്റ്റോപ്പുകളിൽ ട്രെയിൻ നിർത്തും. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രാമധ്യേ കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശ്ശൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. കേരളത്തിൽ തൃശ്ശൂർ, പാലക്കാട് എന്നീ മൂന്ന് സ്റ്റേഷനുകളിൽ മാത്രമാണ് സ്റ്റോപ്പുകൾ, എറണാകുളത്തിന് മുൻപായി മറ്റു സ്റ്റോപ്പുകളില്ല.
എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് നിരക്ക് താങ്ങാനാവുന്നതും എന്നാൽ പ്രീമിയം സേവനങ്ങൾ നൽകുന്നതുമാണ്. സൗജന്യ ഭക്ഷണവും ഇതിൽ ഉൾപ്പെടും. എ.സി. ചെയർ കാർ ക്ലാസിന് പൂർണ്ണ യാത്രയ്ക്ക് 1,465 ആണ് നിരക്ക്. എക്സിക്യൂട്ടീവ് ചെയർ കാറിന് 2,945 വരും.
കേരളത്തിൽ വന്ദേ ഭാരത് സർവീസുകൾക്ക് വലിയ ഡിമാൻഡാണ് ഉള്ളത്. നിലവിൽ സർവ്വീസ് നടത്തുന്ന മൂന്ന് ട്രെയിനുകളിലും നൂറ് ശതമാനമാണ് ഒക്യുപെൻസി റേറ്റ്. . കൂടുതൽ ട്രെയിനുകൾക്കും സ്റ്റോപ്പുകൾക്കുമായി യാത്രക്കാർ വലിയരീതിയിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.
തിരുവനന്തപുരം-നിലമ്പൂർ പോലുള്ള റൂട്ടുകളും, ആവശ്യത്തിന് സേവനമില്ലാത്ത പ്രദേശങ്ങളിലേക്ക് സർവീസുകൾ നീട്ടുന്നതും ഉൾപ്പെടെയുള്ള നിർദേശങ്ങൾ ഉയർന്നിട്ടുണ്ട്. തിരക്കേറിയ പാതകളിലെ ട്രാക്ക് തിരക്ക് ആണ് പുതിയ സർവ്വീസുകൾക്ക് വെല്ലുവിളി തീർക്കുന്നത്.












Click it and Unblock the Notifications