ദീപാവലിക്ക് എറണാകുളം-ബെംഗളൂരു റൂട്ടിൽ സ്പെഷ്യൽ വന്ദേഭാരത് സർവ്വീസ് വരുമോ? 9 മണിക്കൂറിൽ എത്താം
ദീപാവലി അവധി അടുക്കാറായതോടെ എറണാകുളം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സർവ്വീസിന് ഡിമാന്റ് ഏറുന്നു. പ്രതിദിനം 800-ൽ അധികം ബസുകൾ ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ടെങ്കിലും ഉത്സവ സീസണുകളിൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നത് ട്രെയിൻ യാത്രയെ കൂടുതലായി ആശ്രയിക്കാൻ യാത്രക്കാരെ പ്രേരിപ്പിക്കുന്നുണ്ട്. തിരക്ക് കണക്കിലെടുത്ത് ദീപാവലിയോടനുബന്ധിച്ച് ചെന്നൈ, കേരളം, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് ഇക്കുറി റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കേരള-ബെംഗളൂരു റൂട്ടിൽ എന്തുകൊണ്ടാണ് വന്ദേഭാരത് സ്പെഷ്യൽ സർവ്വീസ് അവതരിപ്പിക്കാൻ റെയിൽവെ തയ്യാറാകാത്തത് എന്ന ചോദ്യമാണ് യാത്രക്കാർ ഉയർത്തുന്നത്.
സെപ്ഷ്യലായി വന്നു, പക്ഷെ
രാവിലെ എത്തുന്ന ട്രെയിനുകളുടെ കുറവും നിലവിലുള്ള ഐലൻഡ് എക്സ്പ്രസ്, കൊച്ചുവേളി-മൈസൂരു എക്സ്പ്രസ് തുടങ്ങിയ സർവീസുകളിലെ ഉയർന്ന തിരക്കും കാരണം എറണാകുളം-ബെംഗളൂരു റൂട്ടിൽ വന്ദേ ഭാരത് പോലൊരു പ്രീമിയം സർവ്വീസിന്റെ ആവശ്യകത 2023 മുതൽ തന്നെ യാത്രക്കാർ ശക്തമായിരുന്നു. തുടർന്ന് അന്ന് ചെന്നൈയിൽ നിന്ന് ലഭിച്ച ഒരു സ്പെയർ റേക്കുപയോഗിച്ച് വാരാന്ത്യ പ്രത്യേക സർവീസ് നടത്താൻ റെയിൽവേ പദ്ധതിയിട്ടിരുന്നെങ്കിലും ഷെഡ്യൂൾ പ്രശ്നങ്ങളും സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ (SWR) അനുമതി ലഭിക്കാത്തതും കാരണം അത് നടന്നില്ല. എന്നാൽ ആവശ്യം ശക്തമായതോടെ 2024 ജൂലൈയിൽ ത്രി-വീക്ക്‌ലി പ്രത്യേക വന്ദേ ഭാരത് സർവീസ് റെയിൽവെ അവതരിപ്പിച്ചു.

എറണാകുളത്ത് നിന്ന് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും ബെംഗളൂരുവിൽ നിന്ന് വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലുമായിരുന്നു ട്രെയിൻ സർവ്വീസ് നടത്തിയിരുന്നത്. ഉച്ചയ്ക്ക് 12:50-ന് എറണാകുളം ജംക്ഷനിൽ നിന്ന് (സൗത്ത്) പുറപ്പെട്ട് രാത്രി 10:00-ന് ബെംഗളൂരു കന്റോൺമെന്റിൽ എത്തിച്ചേരുന്ന തരത്തിലായിരുന്നു സർവ്വീസ്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് (06002) രാവിലെ 5:30-ന് ബെംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2:20-ന് എറണാകുളം ജംക്ഷനിൽ എത്തിച്ചേരും. ചെയർ കാറിന് 1,200 രൂപയും എക്സിക്യൂട്ടീവ് ക്ലാസിന് 2,200 രൂപയിലുമായിരുന്നു ടിക്കറ്റ് നിരക്കുകൾ. ബസ്സിൽ 12-14 മണിക്കൂറും വിമാനത്തിൽ 4,000 രൂപയിൽ അധികവും ചെലവഴിച്ച് യാത്ര ചെയ്യുന്നവരെ സംബന്ധിച്ച് അക്ഷരാർത്ഥത്തിൽ ഒരു പ്രീമിയം ബദലായി ഈ സർവ്വീസ് മാറി.
എന്തുകൊണ്ട് എറണാകുളം-ബെംഗളൂരി വന്ദേഭാരതിന് ഡിമാന്റ് ഉയർന്നു?
ബെംഗളൂരുവിലെ ഐടി മേഖലയിൽ 1.2 ദശലക്ഷത്തിലധികം മലയാളികൾ ജോലി ചെയ്യുന്നുണ്ട്, കൂടാതെ അവധി ദിവസങ്ങളിൽ ആഴ്ചയിൽ 50,000-ലധികം യാത്രക്കാർ ഈ റൂട്ടിൽ സഞ്ചരിക്കുന്നുണ്ടെന്നാണ് വിലയിരുത്തുന്നത്. 608 കിലോമീറ്റർ ദൂരം മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ഏകദേശം 9 മണിക്കൂറിനുള്ളിൽ എത്താം എന്നത് തന്നെയാണ് പ്രധാന കാരണം. 12-15 മണിക്കൂർ എടുക്കുന്ന ബസ് യാത്രകളെയും തിരക്കുള്ള രാത്രികാല ട്രെയിനുകളേയും ആശ്രയിക്കേണ്ടെന്നത് യാത്രക്കാർക്ക് കൂടുതൽ ആശ്വാസം പകർന്നു. അവതരിപ്പിച്ച ആദ്യ ദിവസം മുതൽ 100 ശതമാനമായിരുന്നു ഒക്യുപെൻസി റെയ്റ്റ്.
തിരിച്ചടി: സർവീസ് റദ്ദാക്കലും യാത്രാക്കാരുടെ പ്രതിഷേധവും
നൂറ് ശതമാനം ഒക്യുപെൻസി റേറ്റ് ഉണ്ടായിട്ടും ഓഗസ്റ്റ് 26-ന് റെയിൽവെ ഈ സെപ്ഷ്യൽ സർവ്വീസ് പിൻവലിച്ചു. വെറും 25 ദിവസങ്ങൾ മാത്രം പ്രവർത്തിച്ച ശേഷമാണ് സർവ്വീസ് റദ്ദാക്കപ്പെട്ടത്. ഓണത്തിനും സർവ്വീസ് ഉണ്ടാകുമെന്ന പ്രതീക്ഷകൾക്കിടെയായിരുന്നു തിരിച്ചടി. റേക്കുകൾ മറ്റ് റൂട്ടുകളിലേക്ക് മാറ്റിയതും പ്രവൃത്തി ദിവസങ്ങളിലെ കുറഞ്ഞ യാത്രക്കാരും (വാരാന്ത്യങ്ങളിൽ തിരക്കുണ്ടായിട്ടും) കാരണങ്ങളായി ചൂണ്ടിക്കാട്ടിയായിരുന്നു റെയിൽവെയുടെ നടപടി. തുടർന്ന് വലിയ പ്രതിഷേധമാണ് ഓൾ കേരള പാസഞ്ചേഴ്സ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നത്. ബസ് ലോബിയുടെ സ്വാധീനവും തെക്കൻ റൂട്ടുകളോടുള്ള ഉദാസീനതയും ആരോപിച്ചായിരുന്നു സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.
തിരിച്ചുവരവിന് സമയമായോ?
ദീപാവലി ബുക്കിംഗുകൾ ആരംഭിച്ചതോടെ, എറണാകുളം-ബെംഗളൂരു ട്രെയിനുകളിലെ വെയിറ്റ് ലിസ്റ്റ് 200-ൽ അധികമായി. കൊല്ലം-എറണാകുളം പോലുള്ള പ്രത്യേക അൺറിസർവ്ഡ് എക്സ്പ്രസ്സുകൾ അധികമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വന്ദേ ഭാരത് സർവീസിന്റെ കാര്യത്തിൽ ഇതുവരേയും റെയിൽവെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications