വന്ദേഭാരത് ഫുള്‍; ടിക്കറ്റ് കിട്ടാക്കനി, ഇത്രയും തിരക്ക് പ്രതീക്ഷിച്ചില്ല, ഇനിയുള്ള ഏക പരിഹാരം ഇതാണ്
കൊച്ചി: നവംബര്‍ 11നാണ് കേരളത്തിന് മൂന്നാം വന്ദേഭാരത് എക്‌സ്പ്രസ് ലഭിച്ചത്. എറണാകുളം-ബെംഗളൂരു റൂട്ടിലുള്ള സര്‍വീസ് മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ളതാണ്. ഈ ട്രെയിനില്‍ തുടക്കം മുതല്‍ ടിക്കറ്റ് കിട്ടാനില്ല എന്ന വിവരങ്ങള്‍ പ്രചരിച്ചിരുന്നു. കേരളത്തിലെ സ്റ്റേഷനുകള്‍ക്ക് കൂടുതല്‍ ക്വാട്ട വൈകാതെ അനുവദിക്കുമെന്ന് റെയില്‍വെ അറിയിക്കുകയും ചെയ്തു.
കോയമ്പത്തൂര്‍ മുതല്‍ ഏത് സമയവും ബുക്ക് ചെയ്താല്‍ ടിക്കറ്റ് കിട്ടുമെന്നും അതേസമയം, കേരളത്തിലെ റെയില്‍വെ സ്റ്റേഷനുകളില്‍ നിന്ന് ബുക്ക് ചെയ്യുമ്പോള്‍ വെയ്റ്റ് ലിസ്റ്റ് കാണിക്കുന്നു എന്നുമായിരുന്നു പരാതി. ഇക്കാര്യത്തില്‍ പരിഹാരമായിട്ടാണ് ക്വാട്ടയില്‍ മാറ്റം വരുത്തുമെന്ന അറിയിപ്പ് വന്നത്. എന്നാല്‍ ആഘോഷ വേളയില്‍ അതുകൊണ്ടും വലിയ കാര്യമില്ല. ക്രിസ്മസ് ദിന ബുക്കിങിന് ഇപ്പോള്‍ തന്നെ ടിക്കറ്റ് കിട്ടാനില്ല.

എട്ട് കോച്ചുകളാണ് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനുള്ളത്. ഏറിയാല്‍ 600 പേര്‍ക്ക് യാത്ര ചെയ്യാനാണ് സൗകര്യം. ഏഴ് ചെയര്‍ കാറുകളും ഒരു എക്‌സിക്യുട്ടീവ് കോച്ചും. ഭക്ഷണം ഉള്‍പ്പെടെ 3000 രൂപയോളം ചെലവാക്കി യാത്രക്കാര്‍ എത്തുന്നുണ്ടെങ്കിലും ടിക്കറ്റ് കിട്ടാനില്ല. ഈ വേളയില്‍ കോച്ചുകള്‍ കൂട്ടണം എന്ന ആവശ്യം ശക്തമാണ്.
പ്രതിസന്ധിക്കുള്ള പരിഹാരം
കേരളത്തിന് പുറത്തേക്കുള്ള ഏറ്റവും തിരക്കേറിയ റൂട്ടാണ് എറണാകുളം-ബെംഗളൂരു. നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന നഗരമാണ് ബെംഗളൂരു. മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രധാന സ്റ്റേഷനുകള്‍ കൂടി തൊട്ടുപോകുന്നതിനാല്‍ എപ്പോഴും നിറയെ യാത്രക്കാരുണ്ട്. ഈ സാഹചര്യത്തില്‍ 16 അല്ലെങ്കില്‍ 20 കോച്ചുകളാക്കി ഉയര്‍ത്തിയാല്‍ യാത്രക്കാര്‍ക്ക് ആശ്വാസമാകും. വെയ്റ്റ് ലിസ്റ്റ് കുറയ്ക്കുകയും ചെയ്യാം.
സര്‍വീസ് തുടങ്ങി ഒരു മാസം തികയുന്നതേയുള്ളൂ. ഈ വേളയില്‍ കോച്ചുകള്‍ കൂട്ടാന്‍ സാധ്യതയില്ല. കുറച്ചു മാസങ്ങളിലെ സര്‍വീസ് പരിശോധിച്ച ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനം വരിക. ക്രിസ്മസ് യാത്രയ്ക്കുള്ള വന്ദേഭാരത് ടിക്കറ്റ് ഡിസംബര്‍ ആദ്യത്തില്‍ തന്നെ കിട്ടാതാകുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നില്ല. ക്രിസ്മസ് ദിനത്തോട് ചേര്‍ന്നുള്ള ടിക്കറ്റും ഡിസംബര്‍ അവസാനത്തിലും ജനുവരി ആദ്യത്തിലുമുള്ള ചില ദിനങ്ങളിലെ ടിക്കറ്റുമാണ് വെയ്റ്റ് ലിസ്റ്റ് കാണിക്കുന്നത്.
കേരളത്തിന് പുതിയ ട്രെയിന്‍ വരുമോ
ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കും തിരിച്ചും ഇന്റര്‍സിറ്റിയും ബസുമാണ് നേരത്തെ യാത്രക്കാര്‍ ആശ്രയിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ ബസ് തന്നെയാകും ശരണം. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് വന്ദേഭാരത് എക്‌സ്പ്രസ് അനുവദിക്കണം എന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ആ ട്രെയിന്‍ കൂടി ലഭിച്ചാല്‍ ബെംഗളൂരു മലയാളികള്‍ക്ക് കൂടുതല്‍ ആശ്വസമാകും.
കേരളത്തില്‍ നിലവില്‍ മൂന്ന് വന്ദേഭാരത് എക്‌സ്പ്രസുകളാണ് സര്‍വീസ് നടത്തുന്നത് വൈകാതെ നാലാമതൊരു ട്രെയിന്‍ കൂടി ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തിരുവനന്തപുരം-ചെന്നൈ റൂട്ടില്‍ വന്ദേഭാരത് അനുവദിക്കണം എന്ന് റെയില്‍വെയോട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications