ബെംഗളൂരു വന്ദേഭാരത് റൂട്ടില്‍ മാറ്റം; ജനുവരി ഒന്ന് മുതല്‍ സര്‍വീസ് ഈ സ്‌റ്റേഷനിലൂടെ, സമയം, ടിക്കറ്റ് നിരക്ക്
ബെംഗളൂരു: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങൡ നിന്നെത്തി ജോലി ചെയ്യുന്ന നഗരമാണ് ബെംഗളൂരു. ഇവിടെക്കുള്ള യാത്രാ സൗകര്യം എപ്പോഴും ചര്‍ച്ചയുമാണ്. അടുത്ത കാലത്തായി ബെംഗളൂരു നഗരത്തെ ബന്ധിപ്പിച്ച് നിരവധി വന്ദേഭാരത് എക്‌സ്പ്രസുകള്‍ റെയില്‍വെ ആരംഭിച്ചിട്ടുണ്ട്. അതിവേഗം എത്തണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു നല്ല ഒപ്ഷനാണ്. പക്ഷേ, ടിക്കറ്റ് നിരക്ക് അല്‍പ്പം കൂടും.
നിറയെ യാത്രക്കാരുള്ള വന്ദേഭാരത് എക്‌സ്പ്രസ് ആണ് ബെംഗളൂരു-കലബുറഗി റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ജനുവരി ഒന്ന് മുതല്‍ ഈ ട്രെയിനിന്റെ റൂട്ടില്‍ ചില മാറ്റങ്ങള്‍ വരികയാണ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്‌സ്പ്രസ് ആണിത്. കലബുറഗി-ബെംഗളൂരു വന്ദേഭാരത് 22231 എന്ന നമ്പറിലാണ്. തിരിച്ചുള്ള സര്‍വീസ് 22232 എന്ന നമ്പറിലും.

കലബുറഗിയില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള വന്ദേഭാരത് വെള്ളിയാഴ്ച സര്‍വീസ് ഉണ്ടാകില്ല. തിരിച്ചുള്ള ട്രെയിന്‍ വ്യാഴാഴ്ചയും സര്‍വീസ് നടത്തില്ല. 550 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ സര്‍വീസ് 8.45 മണിക്കൂറിലാണ് പൂര്‍ത്തിയാക്കുന്നത്. യദ്ഗിര്‍, റയ്ചൂര്‍, മന്ത്രാലയം റോഡ്, ഗുണ്ടക്കല്‍, അനന്ത്പൂര്‍, യെലഹങ്ക ജങ്ഷന്‍ എന്നീ സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്.
പുതിയ റൂട്ട് ഇങ്ങനെ, സമയം അറിയാം
ഇനി മുതല്‍ ഈ ട്രെയിന്‍ ശ്രീ സത്യസായി പ്രശാന്തി നിലയം വഴിയാകും സര്‍വീസ് നടത്തുക. ജനുവരി ഒന്ന് മുതല്‍ ഈ സ്‌റ്റോപ്പിലും വന്ദേഭാരത് നിര്‍ത്തും. കലബുറഗിയില്‍ നിന്ന് ഇതുവരെ അതിരാവിലെ 5.15നാണ് പുറപ്പെട്ടിരുന്നത്. ഇനി 6.10നായിരിക്കും പുറപ്പെടുക.
യദ്ഗിറില്‍ 6.48, റയ്ചൂരില്‍ 7.38, മന്ത്രാലയം റോഡില്‍ 7.58, ഗുണ്ടക്കലില്‍ 9 മണി, അനന്ത്പൂരില്‍ 10.3, ശ്രീ സത്യസായ് നിലയത്തില്‍ 11 മണി, യെലഹങ്കയില്‍ 12.28, സര്‍ എം. വിശ്വേശ്വര ടെര്‍മിനല്‍ ബെംഗളൂരു സ്റ്റേഷനില്‍ ഉച്ചയ്ക്ക് 2.10 എന്നിങ്ങനെയാണ് സമയക്രമം.
മടക്ക യാത്ര ഉച്ചയ്ക്ക് 2.40നാണ്. എസി ചെയര്‍ കാര്‍ കോച്ചില്‍ 1475 രൂപയാണ് ടിക്കറ്റ് നിരക്ക്. അതേസമയം, എക്‌സിക്യൂട്ടീവ് ചെയര്‍ കാറില്‍ 2710 രൂപയും. തീര്‍ഥാടകര്‍, ചികില്‍സ ആവശ്യാര്‍ഥം യാത്ര ചെയ്യുന്നവര്‍, വിദ്യാര്‍ഥികള്‍, ടൂറിസ്റ്റുകള്‍ എന്നിവര്‍ക്കെല്ലാം നേട്ടമാണ് പുതിയ റൂട്ട്. യാത്രക്കാരുടെ ഏറെ കാലത്തെ ആവശ്യത്തിനാണ് റെയില്‍വെ പച്ചക്കൊടി കാണിച്ചിരിക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വേേന്ദഭാരത് സര്‍വീസ് നടത്തുന്നത് ഉത്തര്‍ പ്രദേശിലും ബിഹാറിലുമാണ്. പിന്നീടാണ് മഹാരാഷ്ട്ര വരുന്നത്. കേരളത്തില്‍ മൂന്ന് സര്‍വീസുകള്‍ മാത്രമാണ് വന്ദേഭാരതിനുള്ളത്. ഗോവയില്‍ നിന്ന് മംഗലാപൂരം വരെയുള്ള വന്ദേഭാരത് എക്‌സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടണം എന്ന ആവശ്യം കേരളത്തില്‍ നിന്നും ഗോവയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications