ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ മാത്രമല്ല മറ്റൊരു വന്ദേഭാരതും ഉടൻ കേരളത്തിലെത്തും? പുതിയ അപ്ഡേറ്റ് ഇങ്ങനെ
രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ഒക്യുപെൻസി റേറ്റുള്ള വന്ദേഭാരത് സർവ്വീസുകളാണ് കേരളത്തിലേത്. ആലപ്പുഴ വഴി തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്കുള്ള സർവ്വീസിനും തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസർഗോഡേക്കുള്ള സർവ്വീസിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. നേരത്തേ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് വന്ദേഭാരത് എക്സ്പ്രസ് സ്പെഷ്യൽ സർവ്വീസ് നടത്തിയിരുന്നെങ്കിലും അത് പിന്നീട് പിൻവലിച്ചിരുന്നു.
കൂടുതൽ വന്ദേഭാരത് സർവ്വീസുകൾക്കുള്ള ആവശ്യം ഇതിനോടകം തന്നെ കേരളം ശക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ അതിന് വഴിതെളിയുന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എറണാകുളത്തെ റെയിൽവെ മാർഷലിങ് യാർഡ് പ്രദേശത്ത് മൂന്നാമത്തെ ടെർമിനൽ സാധ്യമാകുന്നതോടെ കൂടുതൽ വന്ദേഭാരത് സർവ്വീസുകൾ കേരളത്തിന് ലഭിച്ചേക്കുമെന്നാണ് സമയം മലയാളം റിപ്പോർട്ടിൽ പറയുന്നത്.

വന്ദേഭാരത് ട്രെയിനുകൾ നിർത്തിയിടുന്നതിനും അറ്റകുറ്റപണികൾ നടത്തിനും ആവശ്യമായ രീതിയിൽ ടെർമിനൽ നിർമ്മിക്കാനുള്ള നീക്കങ്ങളാണ് റെയിൽവെ നടത്തുന്നത്. ഇത് സംബന്ധിച്ച് വിശദമായ പഠനം റെയിൽവെ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം റെയിൽവെ ഡിവിഷൻ അധികൃതർ ടെർമിനൽ സംബന്ധിച്ച വിശദാംശങ്ങൾ പഠിച്ച് ഉടൻ റെയിൽവെ ബോർഡിന് കൈമാറുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പരിഗണിക്കുന്നത് രണ്ടിടങ്ങൾ
ടെർമിനലിനായി പരിഗണിക്കുന്ന ഒന്നാമത്തെ പ്രദേശം പൊന്നുരുന്നിയിലെ മാർഷലിങ് യാർഡ് ആണ്. മറ്റൊന്ന് ഇരുമ്പനെ ഗുഡ്സ് യാർഡും.16 പ്ലാറ്റ്‌ഫോമുകളും ആറ് പിറ്റ്-ലൈനുകളും സ്റ്റാളുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഇവിടെ നിർമ്മിക്കേണ്ടത്. ഇത് പൂർത്തിയാകുന്നതോടെ രണ്ട് പുതിയ വന്ദേഭാരതുകൾ കൂടി കേരളത്തിന് ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പ്രധാന ആവശ്യം വന്ദേഭാരത് സ്ലീപ്പർ
വന്ദേഭാരത് സീറ്റർ ട്രെയിനുകളാണ് നിലവിൽ രാജ്യത്ത് സർവ്വീസ് നടത്തുന്നത്. സീറ്റർ ലഭിച്ചാലും കേരളത്തിന് അത് ലോട്ടറി തന്നെ. എന്നിരുന്നാലും റെയിൽവെ അവതരിപ്പിക്കാനിരിക്കുന്ന 10 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ഒന്നിനായുള്ള കാത്തിരിപ്പിലാണ് മലയാളികൾ. വളരെ വേഗത്തിൽ സൗകര്യപ്രദമായ യാത്ര സാധ്യമാക്കുന്ന വന്ദേഭാരത് ട്രെയിനുകളുടെ സ്ലീപ്പർ വേരിയന്റ് കൂടി എത്തുന്നതോടെ യാത്ര കൂടുതൽ എളുപ്പമാകും.
നിലവിൽ കേരളത്തിൽ നിന്നും ബെംഗളൂരിലേക്ക് ഒരു സ്ലീപ്പർ വേണമെന്നാണ് പ്രധാന ആവശ്യം. നേരത്തേ ബെംഗളൂരു-എറണാകുളം വന്ദേഭാരത് സർവ്വീസ് ആരംഭിച്ചത് യാത്രക്കാർക്ക് വലിയ ആശ്വാസമായിരുന്നു. കഴുത്ത് അറക്കുന്ന പ്രൈവറ്റ് ബസ് നിരക്കിൽ നിന്നുള്ള രക്ഷപ്പെടൽ മാത്രമല്ല, മറിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ ബെംഗളൂരിൽ എത്തിച്ചേരാൻ സാധിക്കും എന്നത് കൂടിയായിരുന്നു യാത്രക്കാർക്ക് ഈ സർവ്വീസ് പ്രീയപ്പെട്ടതാക്കിയത്. എന്നാൽ യാത്രക്കാരെ നിരാശരാക്കി ആ സർവ്വീസ് റെയിൽവെ പിൻവലിച്ചു. പുതിയ സ്ലീപ്പർ സർവ്വീസുകളിൽ ഒന്ന് കേരളത്തിന് ലഭിക്കുമെന്ന് നേരത്തേ എറണാകുളത്ത് വെച്ച് ചേർന്ന യോഗത്തിൽ ദക്ഷിണ റെയിൽവെ മാനേജർ ഉറപ്പ് നൽകിയിരുന്നു.
തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരിലേക്ക് എത്തണമെങ്കിൽ സ്ലീപ്പർ ട്രെയിനുകൾക്ക് നിലവിൽ 13 മണിക്കൂറിന് മുകളിൽ വേണം. വന്ദേഭാരത് സ്ലീപ്പർ സർവ്വീസുകൾ എത്തുന്നതോടെ കുറഞ്ഞത് 12 മണിക്കൂറിനുള്ളിൽ താന്നെ ലക്ഷ്യസ്ഥാനത്ത് എത്താമെന്ന മെച്ചവും ഉണ്ട്.
രണ്ടാമത്തെ സർവ്വീസ്
രണ്ട് സ്ലീപ്പർ സർവ്വീസുകൾ ലഭിക്കുകയാണെങ്കിൽ ഒന്ന് തിരുവനന്തപുരം -മംഗലാപുരം ആയിരിക്കുമെന്ന് അഭ്യൂഹമുണ്ട്. ഇത് സംബന്ധിച്ച് റെയിൽവെ ഇതുവരെ പ്രതികരിച്ചിട്ടില്ല. പാലക്കാട്-തിരുവനന്തപുരം വന്ദേഭാരത് സീറ്ററിനുള്ള സാധ്യതയും ഉണ്ട്.
30 പുതിയ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ
10 വന്ദേഭാരത് സർവ്വീസുകൾ ഈ വർഷം തന്നെ അവതരിപ്പിക്കുമെന്നാണ് റെയിൽവെ നേരത്തേ പ്രഖ്യാപിച്ചത്. ഇതിനോടകം തന്നെ സ്ലീപ്പർ ട്രെയിനുകളുടെ ട്രെയൽ റൺ ഉൾപ്പെടെ പൂർത്തിയാക്കിയിട്ടുണ്ട്. 2026 ഓടെ 30 സ്ലീപ്പർ സർവ്വീസുകൾ കൂടി രാജ്യത്ത് പ്രഖ്യാപിക്കുമെന്നും റെയിൽവെ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications