ബംഗളൂരുവിന് പുതിയ വന്ദേഭാരത്, ബുള്ളറ്റ് ട്രെയിന്‍ കോറിഡോര്‍; കര്‍ണാടക സര്‍ക്കാര്‍ ലക്ഷ്യം ഇതാണ്
ബെംഗളൂരു: ഏഴ് അതിവേഗ റെയില്‍ ഇടനാഴിയാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഇതില്‍ ബെംഗളൂരു-ചെന്നൈ, ബെംഗളൂരു-ഹൈദരാബാദ് റൂട്ടുകള്‍ ഉള്‍പ്പെടും. ഇതിന് പുറമെ മറ്റൊരു ബുള്ളറ്റ് ട്രെയിന്‍ പാത കൂടി വേണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് അതിവേഗ റെയില്‍ പാത വേണം എന്നാണ് ആവശ്യം.
കര്‍ണാടക വ്യവസായ മന്ത്രി എംബി പാട്ടീല്‍ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് ഇതുസംബന്ധിച്ച് വിശദമായ കത്തു നല്‍കി. എന്തുകൊണ്ടാണ് ഈ ആവശ്യം ഉന്നയിക്കാന്‍ കാരണം എന്നും അദ്ദേഹം വിശദീകരിച്ചു. ഇതിന് പുറമെ ബെംഗളൂരുവിനെയും വിജയപുരയെയും ബന്ധിപ്പിച്ച് വന്ദേഭാരത് എക്‌സ്പ്രസ് വേണം, ഇതേ റൂട്ടില്‍ ദിനേന സര്‍വീസ് നടത്തുന്ന പ്രത്യേക ട്രെയിന്‍ വേണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

ബെംഗളൂരു രാജ്യത്തെ ടെക്‌നോളജി തലസ്ഥാനമാണ്. മുംബൈ സാമ്പത്തിക തലസ്ഥാനവും. ഈ രണ്ട് നഗരങ്ങളെ ബന്ധിപ്പിക്കുന്നത് രാജ്യത്തിന്റെ പുരോഗതിക്ക് ഗുണം ചെയ്യുമെന്ന് ബിആര്‍ പാട്ടീല്‍ വിശദീകരിച്ചു. മുംബൈ മുതല്‍ പൂനെ വരെ ഒരു അതിവേഗ റെയില്‍പാത ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ബെംഗളൂരുവിലേക്ക് നീട്ടിയാലും മതിയാകുമെന്നും മന്ത്രി വിശദീകരിച്ചു.
ബജറ്റില്‍ പ്രഖ്യാപിച്ച അതിവേഗ റെയില്‍ പദ്ധതിയില്‍ കര്‍ണാടകയ്ക്ക് 100 കിലോമീറ്റര്‍ ആണ് ലഭിക്കുന്നത്. ഇത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വേണ്ട പോലെ ഗുണം ചെയ്യില്ലെന്ന് ആര്‍ബി പാട്ടീല്‍ കത്തില്‍ വിശദീകരിച്ചു. മഹാരാഷ്ട്രയ്ക്കും കര്‍ണാടകയ്ക്കും ഇടയിലായി ഹൈസ്പീഡ് റെയില്‍ വന്നാല്‍ ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്ക് നേട്ടമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വന്ദേഭാരതും സ്‌പെഷ്യല്‍ ട്രെയിനും എന്തിന്?
ബെംഗളൂരു-വിജയപുര നഗരങ്ങള്‍ക്കിടയില്‍ 530 കിലോമീറ്റര്‍ ദൂരമാണുള്ളത്. 15 മണിക്കൂര്‍ വരെ വേണ്ടി വരുന്നു ട്രെയിന്‍ യാത്രയ്ക്ക്. ഈ റൂട്ടില്‍ വന്ദേഭാരത് സര്‍വീസ് ആരംഭിച്ചാല്‍ യാത്രാ സമയം പത്ത് മണിക്കൂര്‍ ആയി ചുരുക്കാം. ഇത് മേഖലയിലെ ജനങ്ങള്‍ക്ക് ഗുണമാകും. കൂടാതെ ഇതേ റൂട്ടില്‍ ഒരു സ്‌പെഷ്യല്‍ ട്രെയിന്‍ കൂടി അനുവദിച്ചാല്‍ യാത്രാ ക്ലേശം പരിഹരിക്കാമെന്നും ബിആര്‍ പാട്ടീല്‍ റെയില്‍വെ മന്ത്രിയെ ധരിപ്പിച്ചു.
ഏഴ് അതിവേഗ റെയില്‍ ഇടനാഴിയാണ് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചത്. ബെംഗളൂരു-ചെന്നൈ, ബെംഗളൂരു-ഹൈദരാബാദ്, ചെന്നൈ-ഹൈദരാബാദ്, പൂനെ-ഹൈദരാബാദ്, മുംബൈ-പൂനെ, ഡല്‍ഹി-വരാണസി, വരാണസി-സിലിഗുരി എന്നിവയാണ് ഇവ. ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് നിലവില്‍ ട്രെയിന്‍ യാത്രയ്ക്ക് ആറ് മണിക്കൂര്‍ സമയം വേണം. അതിവേഗ റെയില്‍ യാഥാര്‍ഥ്യമായാല്‍ ഒരു മണിക്കൂര്‍ 13 മിനുട്ട് മതിയാകും.
ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്ക് പത്ത് മണിക്കൂറാണ് വേണ്ടത്. ഇത് ഒരു മണിക്കൂര്‍ 55 മിനുട്ട് ആയി കുറയുമെന്നതും നേട്ടമാണ്. ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്ക് 12 മണിക്കൂര്‍ വേണ്ടി വരുന്നുണ്ട്. അതിവേഗ പാത വന്നാല്‍ ഇത് മൂന്ന് മണിക്കൂറായി ചുരുങ്ങും. ഏഴ് പാതകള്‍ക്ക് കൂടി 4000 കിലോമീറ്റര്‍ ദൂരമുണ്ട്. 16 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications