വന്ദേഭാരത് എക്‌സ്പ്രസ് 15 മിനുട്ട് മുമ്പ് ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ; അറിയാം കറന്റ് ബുക്കിങ്
കൊച്ചി: വന്ദേഭാരത് എക്‌സ്പ്രസുകളില്‍ യാത്ര ചെയ്യുന്നവര്‍ നേരത്തെ റിസര്‍വ് ചെയ്യണം എന്നായിരുന്നു ഇതുവരെയുള്ള നിര്‍ദേശം. എന്നാല്‍ ഇപ്പോള്‍ പുതിയ ഇളവ് നല്‍കിയിരിക്കുകയാണ് റെയില്‍വെ. എല്ലാ വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്കും ഈ ഇളവ് ലഭിക്കില്ല. പകരം ദക്ഷിണ റെയില്‍വെക്ക് കീഴില്‍ സര്‍വീസ് നടത്തുന്ന എട്ട് വന്ദേഭാരതുകളിലാണ് അവസരം.
വന്ദേഭാരത് എക്‌സ്പ്രസ് റെയില്‍വെ സ്റ്റേഷനില്‍ എത്തുന്നതിന് 15 മിനുട്ട് മുമ്പ് വരെ ബുക്ക് ചെയ്യാന്‍ സാധിക്കുന്നതാണ് പുതിയ സംവിധാനം. അതിനായി കറന്റ് ബുക്കിങ് എന്ന വിന്‍ഡോ റെയില്‍വെ ഒരുക്കിയിട്ടുണ്ട്. പെട്ടെന്നുള്ള യാത്രയ്ക്ക് ഗുണം ചെയ്യുന്നതാണ് ഈ സംവിധാനം. സീറ്റുകള്‍ ഒഴിവുണ്ടെങ്കില്‍ 15 മിനുട്ട് മുമ്പ് ബുക്ക് ചെയ്യാന്‍ സാധിക്കുമെന്ന് മാത്രമല്ല, മുതിര്‍ന്ന പൗരന്മാര്‍ക്കും ഇളവ് ലഭിക്കുകയും ചെയ്യും.

കേരളത്തില്‍ സര്‍വീസ് നടത്തുന്ന രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്ക് പുതിയ ബുക്കിങ് സംവിധാനം ലഭ്യമാണ്. മംഗലാപുരം സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ (20631), തിരുവനന്തപുരം സെന്‍ട്രല്‍-മംഗലാപുരം സെന്‍ട്രല്‍ (20632) എന്നീ ട്രെയിനുകള്‍ക്കാണ് കറന്റ് ബുക്കിങ് അവസരമുള്ളത്. കൂടാതെ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ സര്‍വീസ് നടത്തുന്ന ആറ് വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്ക് കൂടി കറന്റ് ബുക്കിങ് അവസരമുണ്ട്.
വന്ദേഭാരത് എങ്ങനെ ബുക്ക് ചെയ്യാം
വന്ദേഭാരത് എക്‌സ്പ്രസ് യാത്ര തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് യാത്രക്കാരുടെ ചാര്‍ട്ട് തയ്യാറാക്കുക. ഇതിന് ശേഷവും സീറ്റ് ബുക്ക്് ചെയ്യാന്‍ സാധിക്കുമെന്നതാണ് പുതിയ മാറ്റം. റെയില്‍വെയുടെ വെബ്‌സൈറ്റിലെ ഐആര്‍സിടിസി അക്കൗണ്ട് ലോഗിന്‍ ചെയ്യണം, അല്ലെങ്കില്‍ ഐആര്‍സിടിസി മൊബൈല്‍ ആപ്പ് വഴിയും ലോഗിന്‍ ചെയ്യാം. യാത്ര പുറപ്പെടുന്ന സ്ഥലവും എത്തേണ്ട സ്ഥലവും നല്‍കണം. യാത്രാ തിയ്യതി കൊടുത്ത ശേഷം സെര്‍ച്ച് ട്രെയിന്‍ നല്‍കുക.
ട്രെയിനുകളുടെ പട്ടിക ലഭ്യമായാല്‍ വന്ദേഭാരത് എക്‌സ്പ്രസുകള്‍ പരിശോധിക്കുക. യാത്ര ക്ലാസിന് താഴെ കറന്റ് അവൈലബിള്‍ എന്ന ഭാഗം കാണാം. സീറ്റുകള്‍ ലഭ്യമാണെങ്കില്‍ കറന്റ് അവൈലബിള്‍ എന്ന ഭാഗം പരിശോധിച്ചാല്‍ വ്യക്തമാകും. ഏത് ക്ലാസിലാണ് യാത്ര ചെയ്യുന്നത് എന്ന് തീരുമാനിക്കണം. യാത്രക്കാരന്റെ വ്യക്തിപരമായ രേഖകള്‍ നല്‍കണം. ഓണ്‍ലൈന്‍ ആയി ടിക്കറ്റിനുള്ള പണം അടയ്ക്കണം. ഇതോടെ ടിക്കറ്റ് ഇമെയില്‍ ആയി ലഭ്യമാകും.
റെയില്‍വെ സ്റ്റേഷനിലും അവസരം
ഓണ്‍ലൈന്‍ മാത്രമല്ല, ഓഫ് ലൈനായും കറന്റ് ബുക്കിങ് അവസരമുണ്ട്. റെയില്‍വെ സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടറില്‍ നേരിട്ട് വന്ന് ബുക്ക് ചെയ്യാം. ബുക്ക് ചെയ്ത് കഴിഞ്ഞാല്‍ പേര്, യാത്ര ചെയ്യുന്ന സ്ഥലം, വയസ് എന്നിവ മാറ്റാന്‍ സാധിക്കില്ല എന്ന് പ്രത്യേകം ഓര്‍ക്കണം. ഉറപ്പായ സീറ്റ് മാത്രമേ കറന്റ് ബുക്കിങ് വഴി ലഭിക്കൂ. അംഗപരിമിതര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് ഇളവുണ്ട്.
ട്രെയിന്‍ യാത്ര തുടങ്ങുന്നതിന് അല്‍പ്പ നേരം മുമ്പാണ് ചാര്‍ട്ട് തയ്യാറാക്കുക. ഇതിന് ശേഷമേ കറന്റ് ബുക്കിങ് വിന്‍ഡോ വെബ്‌സൈറ്റില്‍ കാണാന്‍ സാധിക്കൂ. എല്ലാ വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്കും ഈ സംവിധാനം ഇല്ല എന്നുകൂടി മനസിലാക്കണം. കേരളത്തില്‍ സര്‍വീസ് നടത്തുന്ന രണ്ട് ട്രെയിനുകള്‍ക്ക് മാത്രമാണുള്ളത്. വൈകാതെ കൂടുതല്‍ ട്രെയിനുകള്‍ക്ക് ലഭിക്കുമെന്നാണ് വിവരം.












Click it and Unblock the Notifications