വന്ദേഭാരത് എക്‌സ്പ്രസില്‍ 13 മണിക്കൂര്‍ യാത്ര; 17 സര്‍വീസ് മാത്രം, തിരഞ്ഞെടുപ്പ് ഉല്‍സവകാലം
വന്ദേഭാരത് സ്‌പെഷ്യല്‍ എക്‌സ്പ്‌സ് ട്രെയിനുകള്‍ അപൂര്‍വമായിട്ടാണ് സര്‍വീസ് നടത്താറുള്ളത്. ആഘോഷ വേള വരുന്നതിനാല്‍ ബിഹാറിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് പുതിയ തീരുമാനം. ഈ മാസം 11 മുതലാണ് സര്‍വീസ് ആരംഭിക്കുക. ആഘോഷങ്ങള്‍ മാത്രമല്ല, തിരഞ്ഞെടുപ്പ് കൂടി വരുന്നതിനാല്‍ യാത്രക്കാര്‍ കൂടും.
ദസറ, ദീപാവലി, ഛത് പൂജ തുടങ്ങി ഉല്‍സവ മേളങ്ങളുടെ കാലമാണ് ഉത്തരേന്ത്യയില്‍. ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരെല്ലാം നാട്ടിലേക്ക് വരുന്ന സമയം. ഈ വേളയില്‍ കൂടുതല്‍ പേരും ആശ്രയിക്കുന്നത് ട്രെയിന്‍ ആണ്. അവസരം മുതലെടുക്കാനാണ് വന്ദേഭാരതിന്റെ സ്‌പെഷ്യല്‍ സര്‍വീസ്. ഈ സര്‍വീസിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. നാല് ട്രെയിനുകളാണ് സര്‍വീസ് നടത്തുക എങ്കിലും എല്ലാം എല്ലാദിവസവുമുണ്ടാകില്ല.

ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. നവംബര്‍ ആറിനും 11നുമാണ് വോട്ടെടുപ്പ്. 14ന് ഫലം പ്രഖ്യാപിക്കും. ഈ വേളയില്‍ തന്നെയാണ് ആഘോഷങ്ങളും. വോട്ട് ചെയ്യാന്‍ വരുന്നവര്‍ക്ക് ഉല്‍സവങ്ങളില്‍ പങ്കെടുത്ത് മടങ്ങാം. ഇതെല്ലാം ട്രെയിനില്‍ വലിയ തിരക്ക് അനുഭവപ്പെടാന്‍ വഴിയൊരുക്കും. നവംബര്‍ 17 വരെയാണ് വന്ദേഭാരതിന്റെ സ്‌പെഷ്യല്‍ സര്‍വീസ്.
കൂടുതല്‍ ദൂരം സര്‍വീസ് നടത്തുന്ന വന്ദേഭാരത്
ന്യൂഡല്‍ഹിയില്‍ നിന്ന് പട്‌നയിലേക്ക് നാല് വന്ദേഭാരത് എക്‌സ്പ്രസുകളാണ് സര്‍വീസ് നടത്തുക. 16 കോച്ചുള്ള ട്രെയിനുകളാണ് എല്ലാം. 02252 എന്ന നമ്പറിലുള്ള വന്ദേഭാരത് 16 സര്‍വീസുകള്‍ നടത്തും. തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളിലാണ് സര്‍വീസ്. ഒക്ടോബര്‍ 11 മുതല്‍ നവംബര്‍ 15 വരെയാണ് ഈ ട്രെയിനുണ്ടാകുക. രാവിലെ 8.35ന് ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് രാത്രി 9.30ന് പട്‌നയിലെത്തും.
അലിഗഡ്, കാണ്‍പൂര്‍ സെന്‍ട്രല്‍, പ്രയാഗ് രാജ്, ദീന്‍ ദയാല്‍ ഉപാധ്യായ, ബക്‌സര്‍, ആര എന്നീ സ്റ്റേഷനുകളിലാകും സ്റ്റോപ്പുകള്‍. അതേസമയം, പട്‌നയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള 02251 നമ്പര്‍ ട്രെയിന്‍ രാവിലെ 10 മണിക്ക് പുറപ്പെട്ട് രാത്രി 11.30ന് ന്യൂഡല്‍ഹിയിലെത്തും. ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലാകും സര്‍വീസ്. എല്ലാ കോച്ചുകളും ശീതീകരിച്ചതാണ്.
02253 നമ്പറിലുള്ള പട്‌ന-ന്യൂഡല്‍ഹി സര്‍വീസും 02254 നമ്പറിലുള്ള ന്യൂഡല്‍ഹി-പട്‌ന സര്‍വീസും വന്ദേഭാരത് നടത്തും. പട്‌നയില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളിലും ഡല്‍ഹിയില്‍ നിന്ന് പട്‌നയിലേക്ക് ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളിലുമാകും സര്‍വീസ്. പട്‌നയില്‍ നിന്ന് ഡല്‍ഹിയിലേക്ക് രാവിലെ 10ന് പുറപ്പെടും. ഡല്‍ഹിയില്‍ നിന്ന് പട്‌നയിലേക്ക് രാവിലെ 8.35നും പുറപ്പെടും.
ഫലത്തില്‍ നാല് വന്ദേഭാരത് ട്രെയിനുകളാണ് ന്യൂഡല്‍ഹി-പട്‌ന റൂട്ടില്‍ വരുന്ന സീസണില്‍ സര്‍വീസ് നടത്താന്‍ പോകുന്നത്. 2000ത്തിന് മുകളിലാണ് ടിക്കറ്റ് നിരക്ക് പ്രതീക്ഷിക്കുന്നത്. എല്ലാ ട്രെയിനുകളിലേക്കുമുള്ള ടിക്കറ്റ് ബുക്കിങ് ഉടന്‍ തുടങ്ങും. 13 മണിക്കൂര്‍ യാത്ര ചെയ്യുന്ന വന്ദേഭാരത് രാജ്യത്ത് അപൂര്‍വമാണ്. ഏറ്റവും കൂടുതല്‍ ദൂരം സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസും ഇതുതന്നെയാകും.












Click it and Unblock the Notifications