വന്ദേഭാരത് എക്സ്പ്രസ് സ്പീഡ് കൂട്ടി; 180 കിലോമീറ്ററില്‍ ചീറിപ്പാഞ്ഞു, ഇനി അതിവേഗ യാത്ര
വന്ദേഭാരത് എക്സ്പ്രസ് വേഗത കൂട്ടി പരീക്ഷണ ഓട്ടം നടത്തി. ഉത്തര്‍ പ്രദേശിലെ മഥുരയില്‍ നിന്ന് മധ്യപ്രദേശിലെ നഗ്ദയിലേക്കുള്ള പാതയില്‍ ആയിരുന്നു പരീക്ഷണം. പഞ്ചാബിലെ കപുര്ത്തലയിലുള്ള റെയില്‍ കോച്ച് ഫാക്ടറി (ആര്‍സിഎഫ്) യില്‍ നിര്‍മിച്ച വന്ദേഭാരത് കോച്ചുകള്‍ ഉപയോഗിച്ചായിരുന്നു ഇത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 2383 കോച്ചുകള്‍ ഈ ഫാക്ടറില്‍ നിര്‍മിച്ചിട്ടുണ്ട്.
റെയില്‍വെ സുരക്ഷാ വിഭാഗം ചീഫ് കമ്മീഷണറുടെ മേല്‍നോട്ടത്തിലായിരുന്നു പരീക്ഷണ ഓട്ടം നടത്തിയത്. വേഗത കൂട്ടുമ്പോള്‍ ട്രെയിനിന്റെ പ്രകടനം എങ്ങനെ, കാര്യക്ഷമത, സുരക്ഷ എന്നിവയാണ് പരിശോധിച്ചത്. അതിവേഗം പുറപ്പെടാനും വേഗത കൂട്ടാനും പെട്ടെന്ന് നിര്‍ത്താനും സാധിക്കുന്ന വിധത്തിലുള്ള സംവിധാനം ട്രെയിനില്‍ ഘടിപ്പിച്ചിരുന്നു.

180 കിലോമീറ്റര്‍ വേഗതയിലാണ് പരീക്ഷണം നടത്തിയത്. ഈ വേളയില്‍ ട്രെയിനിന്റെ അകത്ത് ഇളക്കങ്ങളുണ്ടോ, സുരക്ഷാ പ്രശ്നങ്ങളുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിച്ചു. പരീക്ഷണ ഓട്ടം തൃപ്തികരമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷണം നടത്തി എങ്കിലും എല്ലാ വന്ദേഭാരത് ട്രെയിനുകളും 180 കിലോമീറ്റര്‍ വേഗതയിലേക്ക് എത്തുമെന്ന് ഇതിന് അര്‍ഥമില്ല.
ഇത്രയും വേഗതയില്‍ സര്‍വീസ് നടത്താന്‍ വന്ദേഭാരത് ട്രെയിന്‍ സാധിക്കുമെന്ന് ഉറപ്പിക്കുകയാണ് ചെയ്തത്. റൂട്ടുകളുടെ വളവുകള്‍, ശേഷി എന്നിവ അടിസ്ഥാനമാക്കിയാണ് പതിവ് സര്‍വീസില്‍ വേഗത നിശ്ചയിക്കുക. രാജ്യത്ത് ഏറ്റവും കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ യോഗ്യമായ മുംബൈ-അഹമ്മദാബാദ് റൂട്ടിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ഈ റൂട്ടിലാണ് ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബെംഗളൂരുവിലെയും ചെന്നൈയിലെയും കോച്ച് ഫാക്ടറികളിലാണ് വന്ദേഭാരതിന്റെ ആദ്യ കോച്ചുകള്‍ നിര്‍മിച്ചിരുന്നത്. എന്നാല്‍, കപൂര്‍ത്തലയിലെ കോച്ച് ഫാക്ടറിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2383 കോച്ചുകള്‍ നിര്‍മിക്കാന്‍ സാധിച്ചത് നേട്ടമായി. വന്ദേഭാരത്, അമൃത ഭാരത് കോച്ചുകളാണ് ഇവിടെ നിര്‍മിക്കുന്നത്. ഏഷ്യയിലെ വിവിധ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും ഇവിടെ നിര്‍മിച്ച കോച്ചുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
അതേസമയം, രാത്രികാലങ്ങളില്‍ യാത്ര സാധ്യമാക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ രണ്ടാമത്തെ സര്‍വീസ് ബെംഗളൂരു-മുംബൈ റൂട്ടില്‍ ഉടന്‍ ആരംഭിക്കും. കാമാഖ്യ-ഹൗറ റൂട്ടിലാണ് ഇതുവരെ സ്ലീപ്പര്‍ സര്‍വീസ് തുടങ്ങിയത്. രണ്ടാമത്തെ സര്‍വീസ് ആണ് ബെംഗളൂരു റൂട്ടില്‍ പ്രതീക്ഷിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് എറണാകുളം വഴി നാഗര്‍കോവിലിലേക്ക് വന്ദേഭാരത് സ്ലീപ്പര്‍ വരുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി സൂചിപ്പിച്ചിരുന്നു.


Click it and Unblock the Notifications
