വന്ദേഭാരത് പുതിയ ഘട്ടത്തിലേക്ക്; കേരളത്തിന് മാത്രമല്ല നേട്ടം, വന്‍ കുതിപ്പില്‍ വിശാഖപട്ടണം സര്‍വീസ്
പുതു വര്‍ഷത്തിലേക്ക് കടന്നതോടെ വന്ദേഭാരത് എക്‌സ്പ്രസുകള്‍ ക്രമീകരിച്ച് റെയില്‍വെ മന്ത്രാലയം. ലാഭത്തിലോടുന്ന സര്‍വീസുകളില്‍ കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാനുള്ള പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ യാത്രക്കാര്‍ കുറവുള്ള റൂട്ടില്‍ കോച്ചുകളുടെ എണ്ണം കുറയ്ക്കാനും ആലോചനയുണ്ട്. കേരളത്തിലെ വന്ദേഭാരത് ട്രെയിന്‍ കോച്ചുകള്‍ കൂട്ടിയ പിന്നാലെ ആന്ധ്രയിലും കോച്ചുകള്‍ വര്‍ധിപ്പിച്ചു.
കശ്മീരിലേക്ക് വന്ദേഭാരത് സര്‍വീസ് തുടങ്ങാന്‍ പോകുന്നു എന്നതും ഈ വര്‍ഷം സംഭവിക്കാനിരിക്കുന്ന മാറ്റമാണ്. ജനുവരി 26ന് സര്‍വീസ് തുടങ്ങുമെന്നാണ് വിവരം. നിലവില്‍ ജമ്മുവിലേക്ക് സര്‍വീസുണ്ടെങ്കിലും കശ്മീര്‍ താഴ്‌വര കൂടി വന്ദേഭാരത് തൊടാന്‍ പോകുകയാണ്. വിനോദ സഞ്ചാരികള്‍ക്ക് പുതിയ അനുഭവമായിരിക്കും കശ്മീര്‍ യാത്ര. വന്ദേഭാരതില്‍ കോച്ച് കൂട്ടിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അറിയാം...

അവിഭക്ത ആന്ധ്രയിലെ പ്രധാനപ്പെട്ട രണ്ട് നഗരങ്ങളായിരുന്നു സെക്കന്തരാബാദും വിശാഖപട്ടണവും. സംസ്ഥാനം വിഭജിക്കപ്പെട്ടപ്പോള്‍ വിശാഖപട്ടണം ആന്ധ്ര പ്രദേശിലും സെക്കന്തരാബാദ് തെലങ്കാനയിലുമായി. ഈ രണ്ട് നഗരങ്ങളെ ബന്ധിപ്പിച്ചുള്ള വന്ദേഭാരത് എക്‌സ്പ്രസില്‍ വന്‍ തിരക്കാണ്. ഇതുപരിഗണിച്ചാണ് കോച്ചുകള്‍ കൂട്ടാന്‍ തീരുമാനിച്ചത്.
ജനുവരി 13 മുതല്‍ സെക്കന്തരാബാദ്-വിശാഖപട്ടണം വന്ദേഭാരത് എക്‌സ്പ്രസിന് എട്ട് കോച്ചുകള്‍ അധികമായുണ്ടാകും. 20707/20708 ട്രെയിനില്‍ നിലവില്‍ എട്ട് കോച്ചുകളാണുള്ളത്. തിങ്കളാഴ്ച മുതല്‍ 16 ആയി ഉയരും. 14 ചെയര്‍ കാറുകളും രണ്ട് എക്‌സിക്യുട്ടീവ് ക്ലാസുകളുമായിരിക്കും ഉണ്ടാകുക. നിലവില്‍ 150 ശതമാനം യാത്രക്കാരുള്ള സാഹചര്യത്തിലാണ് കോച്ചുകള്‍ കൂട്ടിയത്.
ചെയര്‍ കാറുകളില്‍ ഇനി ഒരു സമയം 1024 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. എക്‌സിക്യുട്ടീവ് ക്ലാസുകളില്‍ 104 പേര്‍ക്കും. സെക്കന്തരാബാദില്‍ നിന്ന് രാവിലെ 5.05നാണ് ട്രെയിന്‍ പുറപ്പെടുക. ഉച്ചയ്ക്ക് 1.50ന് വിശാഖപട്ടണം എത്തും. തിരിച്ച് 2.30ന് പുറപ്പെട്ട് രാത്രി 11.25ന് സെക്കന്തരാബാദില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
അതേസമയം, മുംബൈ സെക്കന്തരാബാദ് വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്രക്കാര്‍ കുറവാണ്. 20 കോച്ചുള്ള ഈ ട്രെയിനിന്റെ കോച്ചുകള്‍ കുറയ്ക്കുമെന്നാണ് വിവരം. കേരളത്തിലെ സ്ഥിതി മറിച്ചാണ്. കേരളത്തില്‍ രണ്ട് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണുള്ളത്. രണ്ടിലും മികച്ച രീതിയില്‍ യാത്രക്കാരുണ്ട്. ഇക്കാര്യം പരിഗണിച്ച് കോട്ടയം വഴിയുള്ള വന്ദേഭാരത് ട്രെയിനില്‍ കോച്ചുകള്‍ കൂട്ടി. ഇതോടെ കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നുണ്ട്.
312 സീറ്റുകള്‍ അധികമുള്ള ട്രെയിന്‍ ആണ് ഇപ്പോള്‍ കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരതിലാണ് ഈ മാറ്റം. പക്ഷേ, ട്രെയിന്റെ സമയത്തില്‍ മാറ്റമില്ല. ഈ റൂട്ടില്‍ 16 കോച്ചുകളുള്ള ട്രെയിന്‍ ആയിരുന്നു സര്‍വീസ് നടത്തിയിരുന്നത്. ഇപ്പോള്‍ 20 കോച്ചുകളാക്കി ഉയര്‍ത്തി. നാല് ചെയര്‍ കാറുകളാണ് കൂട്ടിയത്. ഇതോടെ സീറ്റുകള്‍ 1328 ആയി ഉയര്‍ന്നു. ആലപ്പുഴ വഴിയുള്ള വന്ദേഭാരതിലും കോച്ചുകള്‍ കൂട്ടണമെന്ന് ആവശ്യമുണ്ട്.












Click it and Unblock the Notifications