ബെംഗളൂരുവിന് 2 വന്ദേഭാരത് എക്‌സ്പ്രസ് കൂടി; തിരുപ്പതി ക്ഷേത്രത്തില്‍ വേഗമെത്താം, സമയം കുറയും
ബെംഗളൂരു: കര്‍ണാടകയുടെ തലസ്ഥാനത്ത് നിന്ന് രണ്ട് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ വൈകാതെ സര്‍വീസ് ആരംഭിക്കും. ബെലഗാവിയിലേക്കും ആന്ധ്രയിലെ വിജയവാഡയിലേക്കുമായിരിക്കും ഈ സര്‍വീസ്. ഏറെ കാലമായി യാത്രക്കാര്‍ ഉന്നയിക്കുന്ന ആവശ്യം അംഗീകരിക്കാന്‍ റെയില്‍വെ തീരുമാനിച്ചിട്ടുണ്ട്. ഇവ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ.
ബെംഗളൂരു ബെലഗാവി വന്ദേഭാരത് എക്‌സ്പ്രസ് യാത്ര 7.45 മണിക്കൂര്‍ ആയിരിക്കും. ബെംഗളൂരുവില്‍ നിന്ന് രാവിലെ 5.45ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.30ന് ബെലഗാവിയിലെത്തും. തിരിച്ച് രണ്ട് മണിക്ക് പുറപ്പെട്ട് രാത്രി 10.10ന് ബെംഗളൂരുവില്‍ തിരിച്ചെത്തുന്ന രീതിയിലാകും സര്‍വീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ആഴ്ചയില്‍ സര്‍വീസുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.

ബെംഗളൂരുവില്‍ നിന്ന് ബെലഗാവിയിലേക്ക് ഏകദേശം 611 കിലോമീറ്ററാണുള്ളത്. ദേവനഗര, ഹുബ്ബള്ളി, ധര്‍വാഡ്, ലോണ്ട ജങ്ഷന്‍ എന്നീ സ്‌റ്റേഷനുകളില്‍ സ്‌റ്റോപ്പ് ഉണ്ടാകും. എസി ചെയര്‍ കാര്‍ ടിക്കറ്റിന് 1500 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസിന് 3000 രൂപയും ടിക്കറ്റ് നിരക്ക് ആകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ട്രെയിന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ ടിക്കറ്റ് നിരക്കിന്റെ കൃത്യമായ വിവരം പുറത്തുവരും.
വ്യവസായ-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറെയുള്ള ബെലഗാവിയിലേക്ക് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചാല്‍ ലാഭകരമാകുമെന്നാണ് പ്രതീക്ഷ. ഗോവയിലേക്കും മഹാരാഷ്ട്രയിലേക്കും പോകാനുള്ള സൗകര്യം ഇവിടേക്കുള്ള വിനോദ യാത്രക്കാരുടെ എണ്ണം കൂട്ടും. അതേസമയം, ആന്ധ്ര പ്രദേശിനെയും കര്‍ണടാകത്തെയും ബന്ധിപ്പിക്കുന്നതാകും ബെംഗളൂരു-വിജയവാഡ വന്ദേഭാരത് എക്‌സ്പ്രസ്.
വിജയവാഡയിലേക്ക് മൂന്നു മണിക്കൂര്‍ മുമ്പ് എത്താം
വന്ദേഭാരത് സര്‍വീസ് ആരംഭിച്ചാല്‍ ബെംഗളൂരുവില്‍ നിന്ന് വിജയവാഡയിലേക്ക് മൂന്ന് മണിക്കൂര്‍ നേരത്തെ എത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഒമ്പതു മണിക്കൂറിനകം ലക്ഷ്യത്തിലെത്താന്‍ വന്ദേഭാരതിന് സാധിക്കും. നിലവില്‍ മറ്റു ട്രെയിനുകള്‍ 12 മണിക്കൂര്‍ എടുത്താണ് സര്‍വീസ് നടത്തുന്നത്. ചൊവ്വാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസവും ഈ ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
വിജയവാഡയില്‍ നിന്ന് രാവിലെ 5.15നാകും വന്ദേഭാരത് യാത്ര തുടങ്ങുക. തെനാലി, ഓംഗോലെ, നെല്ലൂര്‍, തിരുപ്പതി, ചിറ്റൂര്‍, കാട്പാടി, കൃഷ്ണരാജപുരം എന്നീ സ്റ്റേഷനുകള്‍ പിന്നിട്ട് ഉച്ചയ്ക്ക് 2.15ന് ബെംഗളൂരുവില്‍ എത്തും. അര മണിക്കൂര്‍ ഇവിടെ നിര്‍ത്തിയിട്ട ശേഷം 2.45ന് മടക്ക യാത്ര ആരംഭിക്കും. രാത്രി 11.45ന് വിജയവാഡയില്‍ തിരിച്ചെത്തും.
ഏഴ് എസി ചെയര്‍ കാറും ഒരു എക്‌സിക്യൂട്ടീവ് ചെയര്‍ കാറും ഉള്‍പ്പെടുന്നതാകും വന്ദേഭാരത്. നിലവില്‍ ഈ റൂട്ടില്‍ മച്‌ലിപട്ടണം-യശ്വന്ത്പൂര്‍ എക്‌സ്പ്രസ് മാത്രമാണ് നേരിട്ടുള്ള സര്‍വീസ് നടത്തുന്നത്. ആഴ്ചയില്‍ മൂന്ന് ദിവസമാണ് ഈ ട്രെയിന്റെ സര്‍വീസ്. പുതിയ വന്ദേഭാരത് എത്തുന്നതോടെ തിരുപ്പതി തീര്‍ഥാടകര്‍ക്കും സൗകര്യമാകും.
713 കിലോമീറ്റര്‍ 9 മണിക്കൂര്‍ കൊണ്ട് എത്താന്‍ സാധിക്കുമെന്നതാണ് നേട്ടം. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയിലാകും ഈ റൂട്ടില്‍ വന്ദേഭാരത് കടന്നുപോകുക. എസി ചെയര്‍ കാറിന് 1900 രൂപയും എക്‌സിക്യൂട്ടീവ് കാറിന് 3100 രൂപയുമാകും ടിക്കറ്റ് നിരക്ക് എന്ന് പ്രതീക്ഷിക്കുന്നു.












Click it and Unblock the Notifications