വന്ദേഭാരത് ജമ്മുവില്‍ നിന്ന് കിട്ടും; കത്ര വരെ പോകേണ്ട, കശ്മീര്‍ താഴ്‌വരയിലേക്ക് നേരിട്ട് യാത്ര
ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരെ കാണാന്‍ കൊതിക്കാത്ത വിനോദ സഞ്ചാരികളുണ്ടോ. കശ്മീരില്‍ പോകുന്നവര്‍ താഴ്‌വരയില്‍ ഉറപ്പായുമെത്തും. ഝലം നദിയിലൂടെ വഞ്ചി തുഴയും... വിനോദ സഞ്ചാരികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് നേരിട്ട് വന്ദേഭാരത് എക്‌സ്പ്രസ് തുടങ്ങുകയാണ്. ഏപ്രില്‍ 30നാണ് ഫ്‌ളാഗ് ഓഫ്.
രണ്ട് തലസ്ഥാന നഗരമുള്ള സംസ്ഥാനമായിരുന്നു ജമ്മുകശ്മീര്‍. ജമ്മു, ശ്രീനഗര്‍ ആണ് തലസ്ഥാന നഗരികള്‍. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ഭരണ കേന്ദ്രം മാറും. 2019ലാണ് കശ്മീരിന്റെ സംസ്ഥാന പദവി എടുത്തു മാറ്റിയതും കേന്ദ്രഭരണ പ്രദേശമാക്കിയതും. നിലവില്‍ കശ്മീര്‍ താഴ്‌വരയിലേക്ക് ഒരു വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തുന്നുണ്ട്. വൈഷ്‌ണോ ദേവി കത്ര റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് ശ്രീനഗറിലേക്കാണ് ഈ സര്‍വീസ്.

ന്യൂഡല്‍ഹിയില്‍ നിന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും വന്ദേഭാരത് എക്‌സ്പ്രസില്‍ ശ്രീനഗറിലെത്തണം എന്ന് ആഗ്രഹിക്കുന്നവര്‍ ആദ്യം ജമ്മുവിലെത്തുകയാണ് ചെയ്യുക. ഇവിടെ നിന്ന് കത്രയിലേക്ക് വരണം. ശേഷമാണ് വന്ദേഭാരതില്‍ കയറാന്‍ സാധിച്ചിരുന്നത്. ഇനി മുതല്‍ ഈ വളച്ചുകെട്ടല്‍ ആവശ്യമില്ല. പകരം ജമ്മുവില്‍ നിന്ന് നേരിട്ട് ശ്രീനഗറിലേക്ക് പോകാന്‍ സാധിക്കും.
ഏപ്രില്‍ 30ന് ജമ്മുവില്‍ നിന്നുള്ള വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് തുടങ്ങുമെന്ന് റെയില്‍വെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് എന്നിവരാണ് ഫ്‌ളാഗ് ഓഫ് ചെയ്യുക. കത്വ-ഉദ്ദംപൂര്‍ മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് ജയിച്ച വ്യക്തിയാണ് ജിതേന്ദ്ര സിങ്. ജമ്മു ലോക്‌സഭാ എംപി ജുഗല്‍ കിഷോറും ചടങ്ങില്‍ സംബന്ധിക്കും.
ബോഗികള്‍ കൂടും, ടിക്കറ്റ് നിരക്ക് വൈകാതെ
നിലവില്‍ കത്രയില്‍ നിന്ന് ശ്രീനഗറിലേക്ക് സര്‍വീസ് നടത്തുന്ന വന്ദേഭാരതിന് എട്ട് ബോഗികളാണുള്ളത്. ജമ്മുവില്‍ നിന്ന് സര്‍വീസ് ആരംഭിക്കുമ്പോള്‍ കോച്ചുകളുടെ എണ്ണം 20 ആക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ യാത്രക്കാര്‍ എത്തുമെന്നാണ് പ്രതീക്ഷ. വിനോദ സഞ്ചാരികള്‍ക്ക് വലിയ ആശ്വാസമാണ് പുതിയ സര്‍വീസ്. മാത്രമല്ല, ആറ് മാസത്തില്‍ തലസ്ഥാന നഗരി മാറുന്നതിനാല്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കും ഈ ട്രെയിന്‍ ആശ്വാസമാകും.
ന്യൂഡല്‍ഹിയില്‍ നിന്ന് കത്രയിലേക്കു വന്ദേഭാരത് സര്‍വീസുണ്ട്. അതിന് പുറമെയാണ് ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് സര്‍വീസ്. പുതിയ ട്രെയിന്‍ യാത്ര തുടങ്ങുന്നതോടെ ജമ്മു-ശ്രീനഗര്‍ യാത്രാ സമയം കുറയും. ഇപ്പോള്‍ പലരും ദേശീയ പാതയാണ് ഉപയോഗിക്കുന്നത്. പലപ്പോഴും തടസം നേരിടുന്ന റൂട്ടാണിത്. ഈ സാഹചര്യത്തില്‍ ജമ്മു-ശ്രീനഗര്‍ യാത്രയ്ക്ക് വന്ദേഭാരത് സര്‍വീസ് ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയേക്കും.
വന്ദേഭാരത് ട്രെയിനിന്റെ സമയം, ടിക്കറ്റ് നിരക്ക് എന്നിവ സംബന്ധിച്ച് വൈകാതെ അറിയിപ്പ് വരുമെന്നാണ് പ്രതീക്ഷ. ഇതോടെ ടിക്കറ്റ് ബുക്കിങ് ആരംഭിക്കും. സുരക്ഷാ പരിശോധനയും പരീക്ഷണ ഓട്ടവുമെല്ലാം വിജയകരമായി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഏപ്രില്‍ 30ന് പുതിയ സര്‍വീസ് തുടങ്ങാന്‍ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.












Click it and Unblock the Notifications