വന്ദേഭാരത് എത്തുന്നു; 12 ദിവസത്തേക്ക് മാത്രം, ടിക്കറ്റ് നിരക്ക്, സ്റ്റോപ്പുകള്‍, സമയം എല്ലാം അറിയാം
ന്യൂഡല്‍ഹി: രാജ്യത്തെ തീവണ്ടി യാത്രയുടെ അനുഭവത്തില്‍ മാറ്റം വരുത്തിയ ട്രെയിന്‍ ആണ് വന്ദേഭാരത്. നിലവില്‍ ഇന്ത്യയില്‍ 140ഓളം വന്ദേഭാരത് എക്‌സ്പ്രസുകളാണ് സര്‍വീസ് നടത്തുന്നത്. വൈകാതെ സ്ലീപ്പര്‍ കോച്ചുകളുള്ള വന്ദേഭാരത് എത്തുമെന്നാണ് വിവരം. മാത്രമല്ല, കശ്മീര്‍ താഴ്‌വരയെ കൂടി ബന്ധിപ്പിക്കുന്ന വന്ദേഭാരതും വരാന്‍ പോകുകയാണ്.
അതിനിടെയാണ് ഇന്ത്യന്‍ റെയില്‍വെ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ നിന്ന് ബിഹാര്‍ തലസ്ഥാനമായ പട്‌നയിലേക്ക് കുറച്ച് ദിവസത്തേക്ക് മാത്രമായി വന്ദേഭാരത് സര്‍വീസ് നടത്താന്‍ പോകുന്നു. ഹോളി ആഘോഷങ്ങളുടെ തിരക്ക് പരിഗണിച്ചാണ് പുതിയ തീരുമാനം. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വന്ദേഭാരത് ആണിത് എന്നതും എടുത്തു പറയണം. അറിയാം പുതിയ വിവരങ്ങള്‍...

ന്യൂഡല്‍ഹിയില്‍ നിന്ന് പട്‌നയിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് മാര്‍ച്ച് എട്ട് മുതലാണ് സര്‍വീസ് ആരംഭിക്കുക. മാര്‍ച്ച് 20 വരെ സര്‍വീസുണ്ടാകും. അതേസമയം, പട്‌നയില്‍ നിന്നു ന്യൂഡല്‍ഹിയിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് മാര്‍ച്ച് ഒമ്പത് മുതല്‍ 21 വരെ സര്‍വീസുണ്ടാകും. എന്നാല്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ സര്‍വീസുണ്ടാകില്ല.
മാര്‍ച്ച് ആറ് മുതല്‍ ഈ ട്രെയിന് വേണ്ടിയുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യന്‍ റെയില്‍വെയുടെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ടിക്കറ്റ് ലഭ്യമാണ്. ന്യൂഡല്‍ഹി-പട്‌ന ട്രെയിന്‍ നമ്പര്‍ 02436 ആണ്. പട്‌ന ന്യൂഡല്‍ഹിയില്‍ വന്ദേഭാരതിന്റെ നമ്പര്‍ 02435 ആണ്.
ന്യൂഡല്‍ഹിയില്‍ നിന്ന് ബിഹാറിലേക്ക് ഹോളി സീസണില്‍ വലിയ തിരക്ക് അനുഭവപ്പെടാറുണ്ട്. ഏറ്റവും ദൈര്‍ഘ്യമേറിയ റൂട്ടാണിത്. 1000 കിലോമീറ്ററിലധികം യാത്രയുണ്ട്. 12 മണിക്കൂര്‍ കൊണ്ടാണ് വന്ദേഭാരത് ഈ സര്‍വീസ് പൂര്‍ത്തിയാക്കുക.
ഒമ്പത് പ്രധാന റെയില്‍വെ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ട്. ഗാസിയാബാദ്, കാണ്‍പൂര്‍ സെന്‍ട്രല്‍, പ്രയാഗ് രാജ് ജങ്ഷന്‍, വാരണാസി, പാടലിപുത്ര ജങ്ഷന്‍ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലെല്ലാം വന്ദേഭാരത് അല്‍പ്പ നേരം നിര്‍ത്തിയിടും.
ന്യൂഡല്‍ഹിയില്‍ നിന്ന് പടിനയിലേക്കുള്ള വന്ദേഭാരത് രാവിലെ 8.30നാണ് പുറപ്പെടുക. രാത്രി 10.30ന് പട്‌നയിലെത്തും. ഗാസിയാബാദില്‍ രാവിലെ ഒമ്പതിന് എത്തും. കാണ്‍പൂര്‍ സെന്‍ട്രലില്‍ ഉച്ചയ്ക്ക് 1.12ന്, പ്രയാഗ് രാജില്‍ 3.15ന്, വാരണാസിയില്‍ 4.50നും എത്തും.
പട്‌നയില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് രാവിലെ 5.30നാണ് പുറപ്പെടുക. രാത്രി 8.10ന് ന്യൂഡല്‍ഹിയിലെത്തും. പാടലിപുത്ര, ഛപ്ര ജങ്ഷന്‍, വരാണസി, പ്രയാഗ് രാജ്, കാണ്‍പൂര്‍ സെന്‍ട്രല്‍, ഗാസിയാബാദ് എന്നീ പ്രധാന സ്റ്റേഷനുകള്‍ പിന്നിട്ടാണ് ന്യൂഡല്‍ഹിയിലെത്തുക.
എസി ചെയര്‍ കാറും എക്‌സിക്യുട്ടീവ് ചെയര്‍ കാറുമാണ് ഈ വന്ദേഭാരതിലുള്ളത്. എസി ചെയര്‍ കാര്‍ ടിക്കറ്റ് നിരക്ക് 2575 രൂപയും എക്‌സിക്യുട്ടീവ് ചെയര്‍ കാര്‍ ടിക്കറ്റ് നിരക്ക് 4655 രൂപയുമാണ്. കഴിഞ്ഞ വര്‍ഷം സമാനമായ ട്രെയിന്‍ സര്‍വീസ് റെയില്‍വെ നടത്തുകയും വന്‍ വിജയമാകുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ വര്‍ഷവും സര്‍വീസ് നടത്തുന്നത്.












Click it and Unblock the Notifications