വന്ദേഭാരത് റൂട്ടില്‍ മാറ്റം; അമൃതസര്‍ വഴി കത്രയിലേക്ക്, ടിക്കറ്റ് നിരക്ക്, സമയം എന്നിവ അറിയാം
തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും കൂടുതൽ യാത്രാസൗകര്യമൊരുക്കി അമൃത്‌സർ - ശ്രീ മാതാ വൈഷ്ണോ ദേവി കത്ര വന്ദേ ഭാരത് എക്സ്പ്രസിന്റെ റൂട്ട് ഇന്ത്യൻ റെയിൽവേ പരിഷ്കരിച്ചു. പഞ്ചാബിനും കശ്മീരിനും ഇടയില്‍ സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനാണിത്. പുതിയ റൂട്ട് മാറ്റം അനുസരിച്ച് ഈ ട്രെയിൻ ഇനി മുതൽ ജലന്ധറിന് പകരം ഗുർദാസ്പൂർ വഴി സർവീസ് നടത്തുമെന്നാണ് വടക്കൻ റെയിൽവേ അറിയിച്ചിരിക്കുന്നത്.
മുൻപ് ജലന്ധർ കന്റോൺമെന്റ് വഴിയായിരുന്നു ഈ ട്രെയിൻ സർവീസ് നടത്തിയിരുന്നത്. വടക്കൻ റെയിൽവേയിലെ ഫിറോസ്പൂർ ഡിവിഷൻ കൈകാര്യം ചെയ്യുന്ന ട്രെയിൻ നമ്പർ 26405/26406 അമൃത്‌സർ - കത്ര വന്ദേ ഭാരത് എക്സ്പ്രസ് ഇനി മുതൽ ബട്ടാല, ഗുർദാസ്പൂർ, പത്താൻകോട്ട് വഴി സർവീസ് നടത്തും. യാത്രക്കാരുടെ നിരന്തരമായ ആവശ്യവും യാത്രാസൗകര്യവും മുൻനിർത്തിയാണ് റൂട്ടിൽ മാറ്റം വരുത്തിയതെന്ന് റെയിൽവേ വ്യക്തമാക്കുന്നു. 2025 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ചത്.

പുതിയ റൂട്ട് വിന്യാസത്തോടെ ട്രെയിൻ കൂടുതൽ പ്രയോജനകരമാകുമെന്നാണ് റെയിൽവേ അധികൃതർ വിലയിരുത്തുന്നത്. ആഴ്ചയിൽ ശനിയാഴ്ച ഒഴികെയുള്ള ആറ് ദിവസങ്ങളിലും അമൃത്‌സർ - കത്ര വന്ദേ ഭാരത് യാത്രക്കാർക്കായി ലഭ്യമാകും. കത്രയിലേക്കുള്ള 285 കിലോമീറ്റർ ദൂരം വെറും 5 മണിക്കൂർ 5 മിനിറ്റ് കൊണ്ടാണ് ഈ ട്രെയിൻ പിന്നിടുന്നത്.
പുതുക്കിയ റൂട്ടിൽ ബട്ടാല ജംഗ്ഷൻ, ഗുർദാസ്പൂർ, പത്താൻകോട്ട്, ജമ്മു താവി എന്നീ നാല് സ്റ്റേഷനുകളിലാണ് ഈ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരിക്കുക. അതേസമയം റൂട്ട് മാറിയതോടെ പത്താൻകോട്ട് കന്റോൺമെന്റ് സ്റ്റേഷനിലെ സ്റ്റോപ്പ് ഒഴിവാക്കിയിട്ടുണ്ട്. പകരം പുതിയതായി പത്താൻകോട്ട്, ഗുർദാസ്പൂർ, ബട്ടാല ജംഗ്ഷൻ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു.
ട്രെയിനിന്റെ സമയക്രമം വിശദമായി പരിശോധിക്കാം
അമൃത്‌സറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 26405 വൈകുന്നേരം 4:40-ന് യാത്ര ആരംഭിച്ച് രാത്രി 9:45-ന് കത്രയിലെത്തും. മടക്കയാത്രയിൽ ട്രെയിൻ നമ്പർ 26406 രാവിലെ 6:40-ന് കത്രയിൽ നിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് 11:40-ന് അമൃത്‌സറിൽ എത്തിച്ചേരുന്ന രീതിയിലാണ് സമയക്രമം ക്രമീകരിച്ചിരിക്കുന്നത്. പുതുക്കിയ സമയക്രമവും ഓരോ സ്റ്റേഷനുകളിലെയും വിവരം താഴെ നൽകുന്നു.
| സ്റ്റേഷൻ | എത്തുന്ന സമയം (കത്ര - അമൃത്‌സർ 26406) | പുറപ്പെടുന്ന സമയം (കത്ര - അമൃത്‌സർ 26406) |
|---|---|---|
| ശ്രീ മാതാ വൈഷ്ണോ ദേവി കത്ര | ആരംഭം | 06:40 |
| ജമ്മുതാവി | 08:03 | 08:05 |
| പത്താൻകോട്ട് | 09:35 | 09:45 |
| ഗുർദാസ്പൂർ | 10:15 | 10:17 |
| ബട്ടാല ജംഗ്ഷൻ | 10:54 | 10:56 |
| അമൃത്‌സർ | 11:40 | അവസാനം |
മുകളിലുള്ള ടേബിൾ ട്രെയിൻ നമ്പർ 26406 കത്രയിൽ നിന്നും അമൃത്‌സറിലേക്ക് സർവീസ് നടത്തുന്നതിന്റെ വിശദാംശങ്ങളാണ് നൽകുന്നത്. അമൃത്‌സറിൽ നിന്നും കത്രയിലേക്കുള്ള മടക്ക സർവീസിന്റെ പുതിയ റൂട്ട് വഴിയുള്ള പുതുക്കിയ സമയക്രമം താഴെ നൽകുന്നു.
| സ്റ്റേഷൻ | എത്തുന്ന സമയം (അമൃത്‌സർ - കത്ര 26405) | പുറപ്പെടുന്ന സമയം (അമൃത്‌സർ - കത്ര 26405) |
|---|---|---|
| അമൃത്‌സർ | ആരംഭം | 16:40 |
| ബട്ടാല ജംഗ്ഷൻ | 17:18 | 17:20 |
| ഗുർദാസ്പൂർ | 17:58 | 18:00 |
| പത്താൻകോട്ട് | 18:32 | 18:42 |
| ജമ്മുതാവി | 20:03 | 20:05 |
| ശ്രീ മാതാ വൈഷ്ണോ ദേവി കത്ര | 21:45 | അവസാനം |
ടിക്കറ്റ് നിരക്കുകൾ എത്രയെന്ന് നോക്കാം
അമൃത്‌സർ - കത്ര വന്ദേ ഭാരത് എക്സ്പ്രസിൽ യാത്രക്കാർക്കായി രണ്ട് തരം സീറ്റിംഗ് ക്ലാസുകളാണ് ഒരുക്കിയിരിക്കുന്നത്. എസി ചെയർ കാർ (AC Chair Car), എക്സിക്യൂട്ടീവ് ചെയർ കാർ (Executive Chair Car) എന്നിവയാണവ. അമൃത്‌സറിനും കത്രയ്ക്കും ഇടയിൽ എസി ചെയർ കാറിൽ യാത്ര ചെയ്യുന്നതിന് ഒരാൾക്ക് 1040 രൂപയാണ് നിരക്ക് ഈടാക്കുന്നത്. എന്നാൽ പ്രീമിയം ലക്സറി സൌകര്യമുള്ള എക്സിക്യൂട്ടീവ് ചെയർ കാറിലാണ് യാത്രയെങ്കിൽ ഒരാൾക്ക് 1825 രൂപ ടിക്കറ്റ് ഇനത്തിൽ നൽകേണ്ടിവരും.
ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പോകുന്ന ആയിരക്കണക്കിന് തീർത്ഥാടകർക്ക് ഏറെ അനുഗ്രഹമാണ് വന്ദേ ഭാരത് സർവീസിന്റെ ഈ പുതിയ നടപടി. പുതിയ റൂട്ട് പ്രാബല്യത്തിൽ വരുന്നതോടെ യാത്രാതടസ്സങ്ങൾ ഒഴിവായി കൂടുതൽ പ്രദേശങ്ങളിലെ യാത്രക്കാർക്ക് ദ്രുതഗതിയിലുള്ള യാത്ര സുഗമമാകും. പഞ്ചാബിലെ പ്രമുഖ വ്യവസായിക പട്ടണങ്ങളിലൂടെ കടന്നുപോകുന്നതിനാൽ ഇവിടുത്തെ പ്രാദേശിക ടൂറിസ മേഖലയ്ക്കും പുതിയ സ്റ്റോപ്പുകൾ വലിയ രീതിയിൽ ഗുണം ചെയ്യുമെന്നാണ് കണക്കാക്കുന്നത്.















Click it and Unblock the Notifications