വന്ദേഭാരത് എക്‌സ്പ്രസിന് മിന്നല്‍ വേഗത; ഒന്നാം സ്ഥാനത്ത് ഈ ട്രെയിന്‍, ആദ്യ 5 ട്രെയിനുകളുടെ പട്ടിക
ഇന്ത്യയിലെ അതിവേഗ ട്രെയിനുകളിൽ ഒന്നാം സ്ഥാനത്താണ് ന്യൂഡൽഹി-ഭോപ്പാൽ വന്ദേഭാരത് എക്സ്പ്രസ്. മണിക്കൂറിൽ 180 കിലോമീറ്റർ പരമാവധി വേഗതയുള്ള ഈ ട്രെയിന് നഗരങ്ങൾക്കിടയിൽ 160 കിലോമീറ്ററിൽ ഓടുന്നു. വെറും 52 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുന്ന വന്ദേഭാരത്, 701 കിലോമീറ്റർ ദൂരം ഏഴര മണിക്കൂറിൽ പിന്നിടും.
രാജ്യത്തെ രണ്ടാമത്തെ വേഗതയേറിയ ട്രെയിൻ ഗതിമാൻ എക്സ്പ്രസാണ്. 2019-ൽ വന്ദേഭാരത് വരുന്നതുവരെ ഈ ട്രെയിനിന് വലിയ പ്രചാരമുണ്ടായിരുന്നു. 2016 ഏപ്രിൽ 5-ന് ആരംഭിച്ച ഇത് ഇന്ത്യയുടെ ആദ്യ സെമി ഹൈസ്പീഡ് ട്രെയിനായാണ് അറിയപ്പെടുന്നത്.

ഹസ്രത്ത് നിസാമുദ്ദീൻ-വീരാംഗന ലക്ഷ്മി ഭായ് ഝാൻസി ജംഗ്ഷൻ റൂട്ടിൽ ഗതിമാൻ എക്സ്പ്രസ് 403 കിലോമീറ്റർ ദൂരം നാലര മണിക്കൂറിൽ പിന്നിടുന്നു. മണിക്കൂറിൽ 91 കിലോമീറ്ററാണ് ഇതിന്റെ ശരാശരി വേഗത. ഡൽഹിയിൽ നിന്ന് ആഗ്രയിലേക്ക് 1 മണിക്കൂറും 40 മിനിറ്റും കൊണ്ട് ഇത് യാത്ര പൂർത്തിയാക്കുന്നു.
മൂന്നാം സ്ഥാനത്തുള്ള ന്യൂഡൽഹി-ഭോപ്പാൽ ശതാബ്ദി എക്സ്പ്രസ് മണിക്കൂറിൽ 140-155 കിലോമീറ്റർ വേഗതയിലാണ് ഓടുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് 1988 ജൂലൈ 10-നാണ് ഈ ട്രെയിൻ ആരംഭിച്ചത്. ഗതിമാൻ എക്സ്പ്രസ് വരുന്നതുവരെ ഇത് രാജ്യത്തെ വേഗതയേറിയ ട്രെയിനുകളിലൊന്നായി അറിയപ്പെട്ടിരുന്നു. വിനോദസഞ്ചാരികൾക്കും വ്യാപാരികൾക്കും ഇത് ഏറെ പ്രയോജനകരമാണ്.
നാലാം സ്ഥാനത്ത് മുംബൈ-ന്യൂഡൽഹി തേജസ് രാജധാനി എക്സ്പ്രസാണ്. പരമാവധി 160 കിലോമീറ്റർ വേഗതയുണ്ടെങ്കിലും, നിലവിൽ 130-140 കിലോമീറ്റർ വേഗതയിലാണ് ഇത് സഞ്ചരിക്കുന്നത്. മണിക്കൂറിൽ 90 കിലോമീറ്ററാണ് ഇതിന്റെ ശരാശരി വേഗത. സിഗ്നൽ ക്ലിയറൻസ് ലഭ്യതയിൽ ഈ ട്രെയിനിന് പ്രത്യേക മുൻഗണനയുണ്ട്.
അഞ്ചാം സ്ഥാനത്ത് മുംബൈ-ഗോവ തേജസ് എക്സ്പ്രസാണ്. ഇന്ത്യയിലെ ആദ്യത്തെ സെമി-ഹൈസ്പീഡ് സമ്പൂർണ്ണ എസി ആഢംബര ട്രെയിനായി ഇതിനെ കണക്കാക്കുന്നു. എൽഇഡി സ്ക്രീനുകൾ, ഓട്ടോമാറ്റിക് ഡോറുകൾ, ടച്ച്‌ലെസ് വാട്ടർ ടാപ്പുകൾ, സെലിബ്രിറ്റി കാറ്ററിംഗ് പോലുള്ള സൗകര്യങ്ങൾ ഇതിലുണ്ട്. വിവിധ റൂട്ടുകളിലുള്ള തേജസ് എക്സ്പ്രസുകളാണ് രാജ്യത്തെ ആദ്യത്തെ സ്വകാര്യ ട്രെയിനുകൾ.
മുംബൈ-അഹമ്മദാബാദ് ബുളളറ്റ് ട്രെയിനിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. അടുത്ത വർഷം ഇത് സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ കഴിയുന്ന ബുളളറ്റ് ട്രെയിൻ പ്രവർത്തനക്ഷമമാകുന്നതോടെ, ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ പുതിയ റെക്കോർഡ് സ്ഥാപിക്കും.















Click it and Unblock the Notifications