വന്ദേഭാരത് എന്നാ സുമ്മാ വാ..ഇതുവരെ യാത്ര ചെയ്തത് ഇത്രപേർ..യാത്രക്കാരുടെ കണക്ക് പുറത്തുവിട്ട് റെയിൽവെ
2019 ഫെബ്രുവരിയിലാണ് രാജ്യത്ത് ആദ്യമായി വന്ദേഭാരത് ട്രെയിൻ സർവ്വീസ് അവതരിപ്പിക്കുന്നത്. ഡൽഹി-വാരണാസി റൂട്ടിലായിരുന്നു ട്രെയിൻ സർവ്വീസ് നടത്തിയത്. തുടർന്ന് വളരെ വേഗത്തിലാണ് വന്ദേഭാരത് ശൃംഖല വികസിച്ചത്. അതിവേഗത്തിൽ സുഖകരമായ യാത്രയൊക്കുന്ന ഈ സെമി ഹൈ സ്പീഡ് ട്രെയിനുകൾക്കായി സംസ്ഥാനങ്ങൾ നിരന്തരം ആവശ്യം ഉയർത്തുന്നുണ്ട്.
നിലവിൽ ഇന്ത്യയിലുടനീളം 164 വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രധാന നഗരങ്ങളെയും 274 ജില്ലകളെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ സർവ്വീസുകൾ. ഇപ്പോഴിതാ ട്രെയിൻ ആരംഭിച്ച് ഇതുവരെ വന്ദേഭാരതിൽ യാത്ര ചെയ്ത് എത്രപേരാണ് എന്ന കണക്ക് പുറത്തുവിട്ടിരിക്കുകയാണ് റെയിൽവെ. വിശദമായി നോക്കാം.

വന്ദേഭാരത് ചില്ലറക്കാരനല്ല
'മേക്ക് ഇൻ ഇന്ത്യ' സംരംഭത്തിന് കീഴിലാണ് രാജ്യത്ത് വന്ദേഭാരത് റെയിൽവെ അവതരിപ്പിച്ചത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ICF) രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഈ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 180 കിമി വരെയാണ്. ഓട്ടോമാറ്റിക് പ്ലഗ് ഡോറുകൾ, കറങ്ങുന്ന സീറ്റുകൾ, ബയോ-വാക്വം ടോയ്‌ലറ്റുകൾ, ജി പി എസ് അധിഷ്ഠിത യാത്രാ വിവര സംവിധാനം, സി സി ടി വി കവറേജ് തുടങ്ങി അത്യാധുനിക സംവിധാനങ്ങളാണ് ട്രെയിനിൽ ഉളളത്. ശതാബ്ദി എക്സ്പ്രസ് പോലുള്ള ട്രെയിനുകളുടെ ആധുനിക പിൻഗാമിയായാണ് വന്ദേഭാരത് ട്രെയിനുകളെ വിശേഷിപ്പിക്കുന്നത്. സാംസ്കാരികവും മതപരവും സാമ്പത്തികവുമായ നിരവധി കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് വന്ദേ ഭാരത് സർവീസുകൾ പ്രവർത്തിക്കുന്നത്. 82 റൂട്ടുകളിലായി 164 സർവീസുകളാണ് ഇപ്പോൾ വന്ദേഭാരത് നടത്തുന്നത്. ന്യൂഡൽഹി-കാത്ര, മുംബൈ-ഗാന്ധിനഗർ, ചെന്നൈ-മൈസൂരു എന്നിവയുൾപ്പെടെ നിരവധി ജനപ്രിയ റൂട്ടുകൾ ഇതിൽ ഉൾപ്പെടുന്നു.
ഇതുവരെ യാത്ര ചെയ്തത്
ഓരോ സംസ്ഥാനങ്ങളിലും ലക്ഷക്കണക്കിന് ആളുകളാണ് വന്ദേഭാരത് സർവ്വീസുകളെ ആശ്രയിക്കുന്നത്. ഇതുവരെ 7.5 കോടിയിലധികം പേരാണ് വന്ദേഭാരതിൽ യാത്ര ചെയ്തതെന്നാണ് റെയിൽവെ മന്ത്രാലയം വ്യക്തമാക്കുന്നത്.
ബെംഗളൂരു റൂട്ടിൽ മാത്രം യാത്ര ചെയ്തത്
അടുത്തിടെ കേരളത്തിൽ നിന്ന് ബെംഗളൂരിലേക്ക് ഉള്ള വന്ദേഭാരത് സർവ്വീസിൽ യാത്ര ചെയ്തവരുടെ കണക്കുകൾ റെയിൽവെ പുറത്തുവിട്ടിരുന്നു. വെറും രണ്ട് മാസം കൊണ്ട് 55000ത്തിലധികം പേരാണ് യാത്ര ചെയ്തത് എന്നാണ് റെയിൽവെ വ്യക്തമാക്കിയത്. കേരളത്തിൽ ഇതുകൂടാതെ മൂന്ന് വന്ദേഭാരതുകൾ കൂടി സർവ്വീസ് നടത്തുന്നുണ്ട്. പല സർവ്വീസുകൾക്കും ടിക്കറ്റ് കിട്ടാത്ത സാഹചര്യമാണെന്നാണ് യാത്രക്കാരുടെ പരാതി.
ഇനി കാത്തിരിപ്പ് സ്ലീപ്പറിനായി
വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് റെയിൽവെ. 2026 ആദ്യത്തോടെ തന്നെ ട്രെയിൻ ആരംഭിച്ചേക്കുമെന്നാണ് അനൌദ്യോഗിക റിപ്പോർട്ടുകൾ. ഡൽഹി-പാട്ന റൂട്ടിലായിരിക്കും ആദ്യ ട്രെയിൻ സർവ്വീസ് നടത്തുകയെന്നാണ് സൂചന. വന്ദേഭാരത് സ്ലീപ്പറുകൾ റെയിൽ യാത്രയിലെ ഗെയിം ചെയ്ഞ്ചർ ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications