വന്ദേഭാരത് എക്‌സ്പ്രസ് ഇങ്ങനെ പോര; അടിമുടി മാറ്റം വേണം, 'വൈഫൈ കണക്ഷന്‍ കൂടെ ആവശ്യം'
ശ്രീനഗര്‍: കശ്മീരിനെയും ജമ്മുവിനെയും ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസ് കഴിഞ്ഞ മാസമാണ് സര്‍വീസ് ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വഹിച്ച ട്രെയിന്‍ നിറഞ്ഞ് ഓടുകയാണ്. മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല തുടങ്ങി പ്രമുഖ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും യാത്ര ചെയ്ത് അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു.
എന്നാല്‍ ചില മാറ്റങ്ങള്‍ വന്ദേഭാരത് എക്‌സ്പ്രസില്‍ വേണം എന്നാണ് ഉമര്‍ അബ്ദുല്ലയുടെ ആവശ്യം. എന്തൊക്കെ മാറ്റങ്ങളാണ് വേണ്ടത് എന്ന് ചൂണ്ടിക്കാട്ടി റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവിന് മുഖ്യമന്ത്രി കത്തയച്ചു. സമയത്തില്‍ ചില മാറ്റങ്ങള്‍ വേണമെന്നും വൈഫൈ കണക്ഷന്‍ ആവശ്യമാണ് എന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു. ഇതുവരെ സര്‍വീസ് ആരംഭിച്ച വന്ദേഭാരതില്‍ ഏറ്റവും ഭംഗിയുള്ള യാത്രയാണ് കശ്മീര്‍ താഴ്‌വരയിലേക്ക്...

കോച്ചുകളുടെ എണ്ണം കൂട്ടണം എന്നാണ് ഉമര്‍ അബ്ദുല്ല ഉന്നയിച്ചിരിക്കുന്ന പ്രധാന മാറ്റം. നിലവില്‍ ടിക്കറ്റ് കിട്ടാത്ത സാഹചര്യമുണ്ട്. കോച്ചുകളുടെ എണ്ണം കൂട്ടിയാല്‍ ഈ പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുമെന്നും ഉമര്‍ അബ്ദുല്ല കത്തില്‍ വ്യക്തമാക്കി. ജമ്മുവിന് അടുത്തുള്ള കത്രയില്‍ നിന്ന് താഴ്‌വരയിലെ ശ്രീനഗറിലേക്ക് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് തുടങ്ങിയത് ജൂണ്‍ ആറിനാണ്.
വാരാന്ത്യങ്ങള്‍, ഒഴിവ് ദിനങ്ങള്‍, ടൂറിസ്റ്റ് സീസണ്‍, തീര്‍ഥാടന സമയം എന്നീ വേളകളിലെല്ലാം യാത്രക്കാരുടെ എണ്ണം കൂടും. അതുകൊണ്ടുതന്നെ കോച്ചുകള്‍ കൂടുതല്‍ ആവശ്യമാണ്. ഒന്നോ രണ്ടോ ചെയര്‍ കാറുകളും എക്‌സിക്യുട്ടീവ് കോച്ചുകളും ആവശ്യമാണ് എന്ന് ഉമര്‍ അബ്ദുല്ല പറയുന്നു. യാത്രക്കാരില്‍ നിന്ന് കിട്ടിയ പ്രതികരണം കോര്‍ത്തിണക്കിയാണ് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി യാത്രക്കാരുടെ സൗകര്യം
ഉദ്ദംപൂര്‍-ശ്രീനഗര്‍-ബാരമുല്ല റെയില്‍പാളത്തിന്റെ പണി പൂര്‍ത്തിയായ ശേഷമാണ് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചത്. ജമ്മുവിലെ കത്ര സ്റ്റേഷനില്‍ നിന്നാണ് സര്‍വീസ്. വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് എത്തുന്ന തീര്‍ഥാടകര്‍ക്ക് ഈ സര്‍വീസ് ഉപകാരമാണ്. ന്യൂഡല്‍ഹിയില്‍ നിന്നുള്ള ട്രെയിനുകള്‍ ജമ്മുവില്‍ എത്തുന്നതിന് അനുസരിച്ചാണ് കത്രയില്‍ നിന്ന് വന്ദേഭാരത് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.
നിലവില്‍ കത്രയില്‍ നിന്ന് ശ്രീനഗറിലേക്ക് രണ്ട് സര്‍വീസുകളാണ് ഒരു ദിവസമുള്ളത്. ശ്രീനഗറില്‍ നിന്ന് കത്രയിലേക്ക് രണ്ട് സര്‍വീസും. മൊത്തം നാല് സര്‍വീസുകള്‍. എന്നാല്‍ യാത്രക്കാര്‍ കൂടുതലുള്ളതിനാല്‍ സര്‍വീസ് കൂട്ടണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രാവിലെ 8.10ന് കത്രയില്‍ നിന്ന് പുറപ്പെട്ട് 11.10ന് ശ്രീനഗറിലെത്തുന്നതാണ് ആദ്യ സര്‍വീസ്. ശ്രീനഗറില്‍ നിന്ന് രണ്ട് മണിക്ക് പുറപ്പെട്ട് അഞ്ച് മണിക്ക് കത്രയില്‍ തിരിച്ചെത്തുകയും ചെയ്യും.
ശ്രീനഗറില്‍ നിന്ന് കത്രയിലേക്ക്
മറ്റൊരു സര്‍വീസ് കത്രയില്‍ നിന്ന് ഉച്ചയ്ക്ക് ശേഷം 2.55നാണ് പുറപ്പെടുന്നത്. ആറ് മണിക്ക് തൊട്ടുമുമ്പായി ശ്രീനഗറിലെത്തും. ഒരു സര്‍വീസ് രാവിലെയാണ്. രാവിലെ എട്ട് മണിക്ക് ശ്രീനഗറില്‍ നിന്ന് പുറപ്പെട്ട് 11 മണിക്ക് കത്രയിലെത്തും. ആഴ്ചയില്‍ ആറ് ദിവസമാണ് വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, ആശുപത്രിയില്‍ പോകുന്നവര്‍ എന്നിവര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ സമയത്തില്‍ മാറ്റം വേണം എന്ന് ഉമര്‍ അബ്ദുല്ല ആവശ്യപ്പെട്ടു.
അതിരാവിലെയും സന്ധ്യയ്ക്കും സര്‍വീസ് വേണമെന്നാണ് അദ്ദേഹം പറയുന്നത്. ജോലിക്കാര്‍ക്ക് ഉപകാരപ്പെടുന്നവിധം വൈഫൈ കണക്ഷന്‍ നല്‍കണമെന്നും ഉമര്‍ അബ്ദുല്ല പറഞ്ഞു. തുരങ്കങ്ങളിലൂടെ യാത്ര ചെയ്യുന്ന വേളയില്‍ വൈഫൈ കണക്ഷന്‍ ഉപകാരപ്പെടുമെന്നും ട്രെയിനില്‍ കയറിയ ശേഷവും ജോലി ചെയ്യാനുള്ള സൗകര്യമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications