വന്ദേഭാരത് പുതിയ മോഡല്‍ വരുന്നു; വിദേശത്തും തിളങ്ങും, റെയില്‍വെ മാറുന്നു, വന്‍ പ്രഖ്യാപനം
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വെയുടെ ആഡംബര യാത്രയുടെ പര്യായമായി മാറിയ വന്ദേഭാരത് എക്‌സ്പ്രസ് വീണ്ടും പരിഷ്‌കരിക്കുന്നു. നാലാം തലമുറയില്‍പ്പെട്ട പുതിയ വന്ദേഭാരത് ഉടന്‍ ട്രാക്കിലെത്തും. കയറ്റുമതി കൂടി ലക്ഷ്യമിട്ടാണ് ഇവ നിര്‍മിക്കുന്നത് എന്ന് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാകും ഇവ നിര്‍മിക്കുക.
7000 കോച്ചുകളും 1681 എഞ്ചിനുകളുമാണ് ഇന്ത്യന്‍ റെയില്‍വെ ഒരു വര്‍ഷം നിര്‍മിക്കുന്നത്. 2.56 ലക്ഷം കോടി രൂപയുടെ മൂലധന ചെലവുള്ള റെയില്‍വെ 325 കിലോമീറ്ററുള്ള ബുള്ളറ്റ് ട്രെയിന്‍ ഇടനാഴി പൂര്‍ത്തിയാക്കുകയും ചെയ്തു. ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും ഇന്ത്യ റെയില്‍വെ കോച്ചുകളും മറ്റും കയറ്റുമതി ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

വന്ദേഭാരത് എക്‌സ്പ്രസ്, വന്ദേ മെട്രോ, വന്ദേഭാരത് സ്ലീപ്പര്‍ എന്നിവയ്ക്ക് പിന്നാലെയാണ് പുതിയ വന്ദേഭാരത് എത്താന്‍ പോകുന്നത്. വന്ദേഭാരത് സ്ലീപ്പറിന്റെ ഉദ്ഘാടനം ഉടന്‍ നടക്കുമെന്നാണ് പ്രതീക്ഷ. അതിന് പിന്നാലെ നാലാം തലമുറ വന്ദേഭാരത് വരുന്നത് കയറ്റുമതി ലക്ഷ്യത്തോടെയാണ്. ഇതോടെ വിദേശത്തെ റെയില്‍വെ ട്രാക്കുകളിലും ഇന്ത്യന്‍ ട്രെയിനുകള്‍ തലങ്ങും വിലങ്ങും പായും.
അതിവേഗ പാതകള്‍ വരുന്നു
രാജ്യത്തെ പ്രധാന നഗരങ്ങള്‍ ബന്ധിപ്പിച്ച് അതിവേഗ പാസഞ്ചര്‍ ട്രെയിന്‍ കോറിഡോര്‍ നിര്‍മിക്കാന്‍ റെയില്‍വെ പദ്ധതിയിടുന്നുണ്ട്. 350 കിലോമീറ്റര്‍ വേഗത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന രീതിയിലാകും ഈ പാതകള്‍ നിര്‍മിക്കുക എന്ന് മന്ത്രി പറഞ്ഞു. ഇന്റര്‍സിറ്റി യാത്രകള്‍ക്ക് അനിയോജ്യമായ വിധമാകും ഈ റെയില്‍ ശൃംഖല. അതോടെ ട്രെയിനുകളുടെ വേഗത വര്‍ധിക്കും.
വന്ദേഭാരത് സ്ലീപ്പര്‍ തുടങ്ങുന്ന കാര്യം കഴിഞ്ഞ മാസം അശ്വനി വൈഷ്ണവ് സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹിയിലെ ഷകുര്‍ ബസ്തി കോച്ചിങ് ഡിപ്പോയില്‍ ഒരു സ്ലീപ്പര്‍ ട്രെയിന്‍ റെഡിയായിട്ടുണ്ട്. രണ്ടാമത്തെ ട്രെയിന്‍ നിര്‍മാണം ഒക്ടോബര്‍ 15ന് പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞിരുന്നു. രണ്ട് ട്രെയിനുകളും ഒരുമിച്ചാണ് സര്‍വീസ് ആരംഭിക്കുക. ഡല്‍ഹി-പട്‌ന റൂട്ടിലാകും ആദ്യ സര്‍വീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തിന് പ്രതീക്ഷ
കേരളത്തില്‍ നിലവിലുള്ള രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്ക് പുറമെ മൂന്നാമതൊരു സര്‍വീസ് ഉടന്‍ ആരംഭിക്കും. എറണാകുളം ബെംഗളൂരു റൂട്ടിലാകും മൂന്നാമത്തെ സര്‍വീസ്. ഈ റൂട്ടില്‍ നേരത്തെ ട്രെയിന്‍ ഓടിയിരുന്നു എങ്കിലും അമിതമായ ടിക്കറ്റ് നിരക്ക് യാത്രക്കാരെ വലച്ചിരുന്നു. എന്നാല്‍ പുതിയ ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ അല്‍പ്പം കുറവുണ്ടാകുമെന്നാണ് വിവരം.
ബെംഗളൂരുവില്‍ നിന്ന് തുടങ്ങി എറണാകുളത്ത് സര്‍വീസ് മതിയാക്കുന്നതിന് പകരം തിരുവനന്തപുരത്തേക്ക് നീട്ടണം എന്ന് കെസി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. ആലപ്പുഴ വഴി സര്‍വീസ് നീട്ടണം എന്നാണ് അദ്ദേഹം റെയില്‍വെ മന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം റെയില്‍വെ അംഗീകരിച്ചാല്‍ തിരുവനന്തപുരം-ബെംഗളൂരു യാത്ര കൂടുതല്‍ എളുപ്പമാകും.












Click it and Unblock the Notifications