വന്ദേഭാരത് എക്സ്പ്രസിൽ 15 മിനിറ്റ് മുൻപ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ; കറന്റ് ബുക്കിംഗ് അറിയാം
വന്ദേ ഭാരത് ട്രെയിനുകൾ ഒരു 'ഗെയിം ചെയ്ഞ്ചർ' ആണെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. സുഖകരമായ യാത്ര വളരെ വേഗത്തിൽ, അതാണ് വന്ദേഭാരതിനറെ പ്രത്യേകത. വന്ദേഭാരത് വമ്പൻ ഹിറ്റാണ് റെയിൽവേ മന്ത്രാലയം അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഈ ട്രെയിനുകൾക്ക് 100 ശതമാനം ഒക്യുപെൻസി റേറ്റാണെന്നാണ് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്.
ശരിയാണ്, വന്ദേഭാരത് ടിക്കറ്റ് കിട്ടണമെങ്കിൽ വളരെ മുൻപേ തന്നെ ബുക്ക് ചെയ്യേണ്ടതുണ്ട്. എന്നാൽ അടുത്തിടെ ദക്ഷിണ റെയിൽവെ പുതിയ വന്ദേഭാരത് ട്രെയിനുകളിൽ പുതിയൊരു സംവിധാനം അവതരിപ്പിച്ചിട്ടുണ്ട്. അതായത്
വന്ദേഭാരത് ട്രെയിൻ സ്റ്റേഷനിലെത്തുന്നതിന് 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. നിലവിൽ ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള എട്ട് വന്ദേ ഭാരത് ട്രെയിനുകളിലാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളത്. കേൾക്കുമ്പോൾ കൊള്ളാമെന്ന് തോന്നുന്നില്ലേ? എന്നാൽ ബുക്ക് ചെയ്യുന്നത് എങ്ങനെയായിരിക്കും എന്ന് കൂടി നോക്കിയാലോ? വിശദമായി അറിയാം

ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കേരളം, കർണാടക എന്നിവിടങ്ങളിലെ പ്രധാന റൂട്ടുകളിൽ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനുകളിലാണ് മുൻകൂട്ടി ബുക്ക് ചെയ്യാൻ സാധിക്കുന്നത്. യാത്ര തിരിക്കുന്നതിന് 15 മിനിറ്റ് മുമ്പ് വരെ, യാത്രാമധ്യേയുള്ള സ്റ്റേഷനുകളിൽ നിന്ന് കറന്റ് റിസർവേഷൻ നടത്താൻ സാധിക്കും.
നേരത്തേ വന്ദേഭാരത് പുറപ്പെടുന്ന ആദ്യ സ്റ്റേഷനിൽ നിന്നും ട്രെയിൻ വിട്ടുകഴിഞ്ഞാൽ പിന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അവസരം ഉണ്ടായിരുന്നില്ല. ഇനി അഥവാ സീറ്റുകൾ ഉണ്ടായാൽ തന്നെ അവ ലഭിക്കണമെങ്കിൽ ഇരട്ടി തുക നൽകണം. ഉദാഹരണത്തിന് കണ്ണൂരിൽ നിന്നും കോഴിക്കോട് വരെയുള്ള യാത്രക്ക് മാത്രം വരും രണ്ടായിരത്തിലധികം തുക.
അതേസമയം പാസഞ്ചർ റിസർവേഷൻ സിസ്റ്റത്തിലെ (പിആർഎസ്) പുതിയ മാറ്റങ്ങൾ കാരണം, ട്രെയിൻ ഏതൊരു സ്റ്റേഷനിൽ നിന്നും പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് വരെ ഒഴിഞ്ഞ സീറ്റുകൾ കറൻ്റ് ബുക്കിംഗിനായി ലഭ്യമാകും. അതായത് വളരെ അത്യാവശ്യമുള്ളതും പെട്ടെന്നുള്ളതുമായ യാത്ര നടത്തുന്നവർക്ക് ഈ സംവിധാനം വളരെയേറെ സഹായകമാകും. .
ഇനി ഏതൊക്കെ ട്രെയിനുകളിലാണ് കറന്റ് ബുക്കിങ് സംവിധാനം നിലവിലുള്ളതെന്ന് നോക്കാം
20631 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ
20632 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ
20627 ചെന്നൈ എഗ്മോർ - നാഗർകോവിൽ
20628 നാഗർകോവിൽ - ചെന്നൈ എഗ്മോർ
20642 കോയമ്പത്തൂർ - ബെംഗളൂരു കാൻ്റ്
20646 മംഗളൂരു സെൻട്രൽ - മഡ്ഗാവ്
20671 മധുര - ബെംഗളൂരു കാൻ്റ്
20677 ഡോ എംജിആർ ചെന്നൈ സെൻട്രൽ - വിജയവാഡ
ഇനി എങ്ങനെയാണ് ബുക്ക് ചെയ്യുന്നതെന്ന് അറിയണ്ടേ?
അതിനായി ആദ്യം ഐ ആർ സി ടി സിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.irctc.co.in സന്ദർശിക്കാം. അതുമല്ലെങ്കിൽ ഐആർസിടിസി റെയിൽ കണക്റ്റ് ആപ്പ് ഉപയോഗിക്കാം. നിലവിൽ അക്കൗണ്ട് ഉള്ളവരാണെങ്കിൽ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യാം. പുതിയ ഉപയോക്താക്കൾ ആണെങ്കിൽ രജിസ്റ്റർ ചെയ്ത് മുന്നോട്ട് പോകാം.
അടുത്ത പേജിൽ യാത്രാ വിവരങ്ങൾ നൽകുക. പുറപ്പെടുന്ന സ്റ്റേഷൻ, എത്തുന്ന സ്റ്റേഷൻ, തീയതി, ട്രെയിൻ തരം എന്നിവയാണ് നൽകേണ്ടത്. തുടർന്ന് സീറ്റ് ലഭ്യത പരിശോധിക്കുക. ബോർഡിംഗ് സ്റ്റേഷൻ തിരഞ്ഞെടുക്കുകയും എക്സിക്യൂട്ടീവ് അല്ലെങ്കിൽ ചെയർ കാർ പോലുള്ള ക്ലാസ് തെരഞ്ഞെടുക്കുകയും ചെയ്യുക. ശേഷം യുപിഐ വഴി പണമടയ്ക്കുക. ടിക്കറ്റ് ബുക്കിംഗ് പൂർത്തിയായതിന് ശേഷം അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിലോ ഇമെയിലിലോ ഇ-ടിക്കറ്റ് ലഭിക്കും.












Click it and Unblock the Notifications