ആ വന്ദേഭാരത് തമിഴ്‌നാട്ടിലേക്ക് പോകും; കൊച്ചി-ബെംഗളൂരു സര്‍വീസ് ഇല്ല, പാലക്കാടിന് സാധ്യത
കൊച്ചി: മംഗലാപുരം തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ് 20 കോച്ചുകളാക്കി വര്‍ധിപ്പിച്ചത് അടുത്തിടെയാണ്. ഇതുവരെ സര്‍വീസ് നടത്തിയിരുന്നത് 16 കോച്ചുള്ള ട്രെയിന്‍ ആയിരുന്നു. പുതിയ ട്രെയിന്‍ എത്തിയതോടെ 16 കോച്ചുള്ള വന്ദേഭാരത് മധുര ഡിവിഷന് കൈമാറുമെന്നാണ് വിവരം. ഈ വേളയില്‍ മറ്റൊരു ആവശ്യമാണ് ഉയരുന്നത്.
എറണാകുളത്തിനും ബെംഗളൂരുവിനുമിടയില്‍ വന്ദേഭാരത് സര്‍വീസ് ആരംഭിക്കണം എന്ന് ഏറെ കാലമായുള്ള ആവശ്യമാണ്. 20 കോച്ചുള്ള ട്രെയിന്‍ എത്തിയതോടെ ഒഴിവാക്കുന്ന 16 കോച്ചുള്ള ട്രെയിന്‍ എറണാകുളം-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തണം എന്നാണ് യാത്രക്കാരുടെ ആവശ്യം. എന്നാല്‍ തമിഴ്‌നാട്ടില്‍ നിന്ന് സമ്മര്‍ദ്ദം ശക്തമായതിനാല്‍ ഇത് മധുര ഡിവിഷനിലേക്ക് നീക്കുമത്രെ.

കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വിഷയത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ ബെംഗളൂരു റൂട്ടില്‍ വന്ദേഭാരത് അനുവദിക്കുമെന്നാണ് യാത്രാക്കാര്‍ പറയുന്നത്. മധുര-ബെംഗലൂരു വന്ദേഭാരതിന് സൗകര്യം ഒരുക്കാന്‍ ക്രമീകരണം വരുത്തിയതോടെയാണ് എറണാകുളം ബെംഗളൂരു വന്ദേഭാരതിന് കരിനിഴല്‍ വീണത്. മാത്രമല്ല, അണ്ണാഡിഎംകെയും തമിഴ്‌നാട്ടിലെ ബിജെപി നേതൃത്വവും അവിടേക്ക് കൂടുതല്‍ വന്ദേഭാരത് ആവശ്യപ്പെടുന്നുമുണ്ട്.
മധുരയില്‍ നിന്ന് ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും വന്ദേഭാരത് സര്‍വീസുണ്ട്. മധുര ബെംഗളൂരു റൂട്ടില്‍ നിലവില്‍ 8 കോച്ചുള്ള വന്ദേഭാരത് ആണ് സര്‍വീസ് നടത്തുന്നത്. ഇപ്പോള്‍ കേരളത്തില്‍ നിന്ന് ലഭിക്കുന്ന 16 കോച്ചുള്ള വന്ദേഭാരത് ഇതിന് പകരം ഉപയോഗിച്ചേക്കും. എട്ട് കോച്ചുള്ള ട്രെയിന്‍ രാമേശ്വരം-തിരുപ്പതി റൂട്ടിലേക്ക് മാറ്റുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പാലക്കാടിന് സാധ്യത തെളിഞ്ഞു
പാമ്പന്‍ പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടുണ്ടെങ്കിലും ഈ റൂട്ടിലെ വൈദ്യുതീകരണ ജോലികള്‍ പൂര്‍ണമായിട്ടില്ല. അതുകൊണ്ടുതന്നെ സര്‍വീസ് സമ്പൂര്‍ണ തോതില്‍ പുനഃസ്ഥാപിച്ചിട്ടുമില്ല. അതേസമയം, കേരളത്തിന് പുതിയ വന്ദേഭാരത് വേണം എന്ന ആവശ്യം ഏറെ നാളായുണ്ട്. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വിഷയം റെയില്‍വെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു.
പാലക്കാട് റെയില്‍വെ സ്റ്റേഷനെ ബന്ധിപ്പിച്ച് വന്ദേഭാരത് സര്‍വീസ് നിലവില്‍ ഇല്ല. ഒരു പക്ഷേ, ബെംഗളൂരുവില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള വന്ദേഭാരത് പാലക്കാട്ടേക്ക് നീട്ടാനുള്ള സാധ്യതയുണ്ട്. എന്നാല്‍ പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ ചില അറ്റക്കുറ്റ പണികള്‍ കൂടി ബാക്കിയാണ്. ബെംഗളൂരു-കോഴിക്കോട്, ബെംഗളൂരു എറണാകുളം എന്നീ റൂട്ടുകളില്‍ വന്ദേഭാരത് വേണം എന്നാണ് കേരളത്തില്‍ നിന്ന് ആവശ്യമുള്ളത്.
അതേസമയം, കേരളത്തിലെ വന്ദേഭാരത് എക്‌സ്പ്രസിന് കോച്ചുകള്‍ കൂട്ടിയത് നേരിയ ആശ്വാസമാണ്. വെയ്റ്റിങ് ലിസ്റ്റ് കുറയാന്‍ ഇത് സഹായിക്കും. വന്ദേഭാരത് സര്‍വീസ് ലാഭത്തിലുള്ള ഒരു സംസ്ഥാനമാണ് കേരളം. ഏകദേശം 100 ശതമാനം യാത്രക്കാരുമായിട്ടാണ് കേരളത്തിലുള്ള രണ്ട് വന്ദേഭാരത് എക്‌സ്പ്രസുകളും സര്‍വീസ് നടത്തുന്നത്. ആഘോഷ വേളയില്‍ ബെംഗളൂരുവിലുള്ള മലയാളികള്‍ വലിയ യാത്രാ ക്ലേശം നേരിടുന്നുണ്ട്.












Click it and Unblock the Notifications