ബെംഗളൂരിലേക്കുള്ള പുതിയ വന്ദേഭാരത് എക്സ്പ്രസ്, സമയം മാറും..13 മണിക്കൂർ യാത്ര, സ്റ്റേഷനുകൾ ഇങ്ങനെ
മഡ്ഗാവ് (ഗോവ)ൽ നിന്ന് മംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസ് ബെംഗളൂരിലേക്ക് നീട്ടിയിരിക്കുകയാണ് റെയിൽവെ ബോർഡ്. കഴിഞ്ഞ ദിവസമാണ് ട്രെയിനിന് (26655/26656) ബോർഡ് അംഗീകാരം നൽകിയത്. ആഴ്ചയിൽ ആറ് ദിവസവും ട്രെയിൻ സർവ്വീസ് നടത്തും.
ദക്ഷിണേന്ത്യയിൽ ഓടുന്ന വന്ദേഭാരത് എക്സ്പ്രസുകളിൽ ഏറ്റവും കുറഞ്ഞ ഒക്യുപെൻസി റേറ്റുള്ള ട്രെയിനുകളിൽ ഒന്നാണ് മഡ്ഗാവ്-മംഗളൂരു വന്ദേഭാരത്. ഇതോടെ ട്രെയിൻ കേരളത്തിലേക്ക് (കോഴിക്കോട്) നീട്ടണമെന്ന ആവശ്യം ശക്തമായിരുന്നു. കേരളത്തിൽ നിന്നുള്ള എംപിമാർ പാർലമെൻ്റിൽ ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ ട്രെയിൻ ബെംഗളൂരിലേക്ക് നീട്ടാനായിരുന്നു റെയിൽവെയുടെ തീരുമാനം.

അതീവ ദുര്‍ഘട പാത എന്ന് വിലയിരുത്തുന്ന മേഖലയാണ് ബെംഗളൂരു-മംഗളൂരു റൂട്ട്. 226 പാലങ്ങളും 57 തുരങ്കങ്ങളും 108 വലിയ വളവുകളും കയറ്റിറക്കങ്ങളുമെല്ലാം നിറഞ്ഞതാണ് ഈ പാത. അടിയന്തര ബ്രേക്കിംഗ് സംവിധാനമുള്ള ലോക്കോമോട്ടീസ്
ഘട്ടിപ്പിച്ചാണ് സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ ഈ വഴി സർവ്വീസ് നടത്തിയിരുന്നത്. വന്ദേഭാരത് ട്രെയിനുകളിൽ ഇത്തരമൊരു സംവിധാനം ഘടിപ്പിക്കുക പ്രായോഗികമല്ല.
അതേസമയം കംപ്യൂട്ടര്‍ അധിഷ്ടിത ഓട്ടോമാറ്റിക് ബ്രേക്കിങ് സംവിധാനത്തിൻ്റെ സഹായത്തോടെ അടുത്തിടെ ഈ റൂട്ടിൽ വന്ദേഭാരത് പരീക്ഷണ ഓട്ടം പൂർത്തിയാക്കിയിരുന്നു. സാധാരണനിലയിൽ ഈ റൂട്ടിൽ 9-10 മണിക്കൂർ കൊണ്ടാണ് ട്രെയിനുകൾ യാത്ര പൂർത്തിയാക്കിയിരുന്നത്. എന്നാൽ കൃത്യം 7 മണിക്കൂർ കൊണ്ട് തന്നെ വന്ദേഭാരതിന് ഇതുവഴി യാത്ര പൂർത്തിയാക്കാൻ സാധിച്ചു. ഇതോടെയാണ് ഗോവ വന്ദേഭാരത് ബെംഗളൂരിലേക്ക് നീട്ടാനുള്ള വഴിയൊരുങ്ങിയത്.
ട്രെയിനിൻ്റെ യാത്ര സമയം ഇങ്ങനെ
യശ്വന്ത്പൂർ - മഡ്ഗാവ് വന്ദേ ഭാരത് എക്സ്പ്രസ് (26655) രാവിലെ 7.35 നായിരിക്കും യശ്വന്ത്പൂരിൽ നിന്ന് പുറപ്പെടുക രാത്രി 8.55 ന് ട്രെയിൻ മഡ്ഗാവിൽ എത്തിച്ചേരും. തിരികെ മഡ്ഗാവിൽ നിന്ന് രാവിലെ 8.20 ന് പുറപ്പെടുന്ന ട്രെയിൻ 26656 രാത്രി 9.15ന് യശ്വന്ത്പൂരിൽ തിരിച്ചെത്തും.
ശ്രാവണബെലഗോള, ഹാസൻ, സകലേശ്പൂർ, സുബ്രഹ്മണ്യ റോഡ്, കബക പുത്തൂർ, മംഗളൂരു ജംഗ്ഷൻ, ഉഡുപ്പി, കുന്ദാപുര, മൂകാംബിക റോഡ് ബൈന്ദൂർ, മുരുഡേശ്വർ, ഗോകർണ റോഡ്, കാർവാർ എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും. കൂടാതെ യശ്വന്ത്പൂർ - മഡ്ഗാവ് റൂട്ടിൽ തോക്കൂറിലും ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
യശ്വന്ത്പൂരിൽ നിന്ന് ബുധനാഴ്ചയും മഡ്ഗാവിൽ നിന്നും വ്യാഴാഴ്ചയും ട്രെയിൻ സർവ്വീസ് നടത്തില്ല. രണ്ട് വന്ദേഭാരത് റേക്കുകളായിരിക്കും സർവ്വീസിനായി ഉപയോഗിക്കുക. യശ്വന്ത്പൂരിലും മഡ്ഗാവിലും അറ്റകുറ്റപ്പണികൾക്കുള്ള സംവിധാനം ഒരുക്കും.
ഉത്തരമലബാറുകാർക്കും ഗുണം
ട്രെയിൻ മംഗളൂരിലേക്ക് നീട്ടുന്നത് ഉത്തരമലബാറുകാർക്ക് പ്രത്യേകിച്ച് കണ്ണൂർ, കാസർഗോഡ് മേഖലയിൽ ഉള്ളവർക്ക് ഉപകാരമാണ്. മംഗളൂരിലെത്തിയാൽ നേരെ വന്ദേഭാരത് പിടിച്ച് ബെംഗളൂരിലെത്താം.


Click it and Unblock the Notifications
