വന്ദേഭാരത് എക്‌സ്പ്രസില്‍ കുളിപ്പിച്ച് യാത്ര; വീഡിയോ വൈറല്‍, അഡ്ജസ്റ്റ് ചെയ്യാന്‍ ജീവനക്കാര്‍
ന്യൂഡല്‍ഹി: വേഗതയും ആഡംബരവും ഒത്തുചേര്‍ന്ന യാത്ര എന്ന് വിശേഷണമുള്ള വന്ദേഭാരത് എക്‌സ്പ്രസില്‍ ദുരിത യാത്ര നടത്തിയ അനുഭവം പങ്കുവച്ച് വിദ്യാര്‍ഥി. ഉത്തര്‍ പ്രദേശിലെ വരാണസിയില്‍ നിന്ന് ഡല്‍ഹിയിലേക്കുളള വന്ദേഭാരത് എക്‌സ്പ്രസിലാണ് ഫിസിക്കല്‍ തെറാപ്പി അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ദര്‍ശീല്‍ മിശ്രയ്ക്ക് ദുരനുഭവം ഉണ്ടായത്.
സി7 കോച്ചിലായിരുന്നു ദര്‍ശീല്‍. യാത്ര തുടങ്ങി അല്‍പ്പ നേരം കഴിഞ്ഞപ്പോള്‍ റൂഫില്‍ നിന്ന് വെള്ളം ചോര്‍ന്ന് ഒലിക്കുകയായിരുന്നു. ദര്‍ശീലിന്റെ ടാബ്ലറ്റും വസ്ത്രവും ലഗേജും മാത്രമല്ല, സഹയാത്രക്കാരും നനഞ്ഞു. എട്ട് മണിക്കൂറോളം ഇത് സഹിച്ചു യാത്ര ചെയ്യേണ്ടി വന്നുവെന്ന് ദര്‍ശീല്‍ പറയുന്നു. ചോര്‍ച്ച തടയാന്‍ റെയില്‍വെ ജീവനക്കാര്‍ എസി ഓഫ് ചെയ്‌തെങ്കിലും കാര്യമുണ്ടായില്ലെന്നും ദര്‍ശീല്‍ സൂചിപ്പിച്ചു.

ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വെ ജീവനക്കാരോട് പരാതപ്പെട്ടെങ്കിലും ഫലമുണ്ടായില്ലത്രെ. അഡ്ജസ്റ്റ് ചെയ്യൂ എന്നായിരുന്നു അവരുടെ മറുപടി. റെയില്‍വെ സംരക്ഷണ സേനാംഗങ്ങളോട് പരാതി പറഞ്ഞപ്പോള്‍ ഇതുതന്നെ മറുപടി ലഭിച്ചുവെന്ന് ദര്‍ശീല്‍ പറയുന്നു. പരിഹാരത്തിന് ടിക്കറ്റ് ചെക്കറും ശ്രമിച്ചില്ല. യാത്രക്കാര്‍ നനഞ്ഞും വെള്ളം വീഴാതിരിക്കാന്‍ കഷ്ടപ്പെട്ട് ഒഴിഞ്ഞുനിന്നും യാത്ര തുടര്‍ന്നു.
ഇതിന്റെ വീഡിയോ ദര്‍ശീല്‍ പകര്‍ത്തി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചതോടെ വലിയ ചര്‍ച്ചയായി. ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തു. ഇന്ത്യന്‍ റെയില്‍വെയുടെ അവഗണനക്കെതിരെയാണ് വീഡിയോ കണ്ട മിക്കവരും സംസാരിച്ചത്. ഇന്ത്യന്‍ യാത്രകളുടെ ആധുനിക രൂപമായി വിശേഷിപ്പിക്കുന്ന വന്ദേഭാരതിലെ ഇത്തരം സംഭവം നാണക്കേടാണ് എന്നും വിമര്‍ശനമുയര്‍ന്നു.
റീഫണ്ട് തേടി വിദ്യാര്‍ഥിയുടെ പരാതി
എന്നാല്‍ ദര്‍ശീല്‍ അടങ്ങി ഇരുന്നില്ല. അദ്ദേഹം യാത്രയ്ക്കിടെ നേരിട്ട പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി റീഫണ്ടിന് വേണ്ടി കണ്‍സ്യൂമര്‍ ഫോറത്തില്‍ പരാതി നല്‍കിയിരിക്കുകയാണ് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും അറ്റക്കുറ്റപ്പണികള്‍ കൃത്യമായി നടക്കുകയും ചെയ്യാത്തതിന്റെ ഫലമാണിത് എന്നാണ് ഉയരുന്ന വിമര്‍ശനം. വന്ദേഭാരതിലെ വെള്ളച്ചാട്ടം എന്ന് സൂചിപ്പിച്ചാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവച്ചിട്ടുള്ളത്.
വിഷയത്തില്‍ റെയില്‍വെ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹരിയാനയിലെ അംബാല സ്വദേശിയാണ് ദര്‍ശീല്‍. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇയാള്‍ക്ക് ദുരനുഭവമുണ്ടായത്. ഡല്‍ഹിയിലെത്തിയ ശേഷം അംബാലയിലേക്ക് മറ്റൊരു വന്ദേഭാരത് എക്‌സ്പ്രസില്‍ പോകുമെന്ന് അദ്ദേഹം പറഞ്ഞു. മാതാവും സഹോദരനും ഡല്‍ഹിയിലാണ് താമസം.
ഇത് ആദ്യമായല്ല വന്ദേഭാരതില്‍ യാത്രക്കാര്‍ക്ക് പ്രയാസം നേരിടുന്നത്. കേരളത്തില്‍ അടുത്തിടെ വാതക ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് പോയ വന്ദേഭാരതിലായിരുന്നു സംഭവം. കളമശേരി, ആലുവ സ്‌റ്റേഷനുകള്‍ക്കിടയില്‍ വച്ച് വലിയ ശബ്ദത്തോടെ വാതക ചോര്‍ച്ചയുണ്ടാകുകയായിരുന്നു. പുക ഉയര്‍ന്നു. ആലുവയില്‍ ട്രെയിന്‍ അല്‍പ്പനേരം പിടിച്ചിട്ടു. പരിശോധനയ്ക്ക് ശേഷം യാത്ര തുടരുകയായിരുന്നു.












Click it and Unblock the Notifications