വന്ദേ ഭാരതിൽ നിന്നും ഭക്ഷണം കഴിച്ചു, പിന്നാലെ ഗുരുതര അലർജി; ചിത്രങ്ങൾ പങ്കുവെച്ച് യുവതി
വന്ദേ ഭാരത് എക്സ്പ്രസിൽ നിന്ന് ലഭിച്ച ഭക്ഷണം കഴിച്ചതിനെ തുടർന്ന് ഗുരുതരമായ അലർജി നേരിട്ടെന്ന പരാതിയുമായി യുവതി. ആയുഷി സിംഗ് എന്ന യുവതിയാണ് പരാതി പങ്കിട്ടത്. വാരാണസിയിൽ നിന്ന് ദിയോഘറിലേക്ക് മാർച്ച് 27-ന് നടത്തിയ യാത്രയിലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്ന് അവർ പറയുന്നു. E1 കോച്ചിൽ ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് അലർജി ആരംഭിച്ചതെന്ന് യുവതി എക്സിൽ പങ്കുവെച്ചു.
ട്രെയിൻ ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ ശരീരത്തിൽ നീര് വരികയും മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും ചെയ്തെന്നാണ് ആയുഷി സിംഗ് പറയുന്നത്. തന്നോടൊപ്പം യാത്ര ചെയ്ത രണ്ടുവയസ്സുകാരൻ മകനും ഇതേ ഭക്ഷണം കഴിച്ച് വയറിളക്കം വന്നതായും അവർ പോസ്റ്റിൽ പറഞ്ഞു. തൻ്റെ നീരുവന്ന ചുണ്ടിന്റെയും മുഖത്തിൻ്റെയും ചിത്രങ്ങളും ഡോക്ടറുടെ കുറിപ്പടിയും അവർ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. റെയിൽവേ സേവാ, ഐആർസിടിസി, റെയിൽവേ മന്ത്രാലയം എന്നീ പ്രൊഫൈലുകളെല്ലാം അവർ ടാഗ് ചെയ്തിട്ടുണ്ട്. സമയബന്ധിതമായി ചികിത്സ ലഭിച്ചിരുന്നില്ലെങ്കിൽ ജീവൻ തന്നെ അപകടത്തിലായേനെയെന്നും അവർ പോസ്റ്റിൽ മുന്നറിയിപ്പ് നൽകി.

"അലർജി ഇങ്ങനെയാണ് കൂടിയത്, ഒരു ഡോക്ടറെ കണ്ടതിന് ശേഷം, ഉടൻ തന്നെ ചികിത്സ തേടിയില്ലായിരുന്നെങ്കിൽ ഇത് ജീവൻ പോലും നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക് എത്തുമായിരുന്നു എന്നാണ് ഡോക്ടർ പറഞ്ഞത്," ആയുഷി സിംഗ് കുറിച്ചു. അതേസമയം യുവതിയുടെ പരാതിക്ക് തൊട്ട് പിന്നാലെ തന്നെ മറുപടിയുമായി ഐആർസിടിസി രംഗത്തെത്തി. ഭക്ഷണം തൃപ്തികരമായിരുന്നുവെന്നും അന്ന് മറ്റ് യാത്രക്കാർക്കാർക്കും രോഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഭക്ഷണത്തിന്റെ ശുചിത്വത്തെക്കുറിച്ചോ സുരക്ഷയെക്കുറിച്ചോ പരാതികൾ ലഭിച്ചിട്ടില്ലെന്നും റെയിൽവെ അറിയിച്ചു.
"ട്രെയിൻ നമ്പർ 22500 BSB-DGHR വന്ദേ ഭാരത് എക്സ്പ്രസ്സിലെ (E1 കോച്ച്) 2026 മാർച്ച് 27-ലെ ഉച്ചഭക്ഷണം പരിശോധിക്കുകയും തൃപ്തികരമെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. അന്നേ ദിവസം ഭക്ഷണത്തിന്റെ ഗുണനിലവാരം/ശുചിത്വം അല്ലെങ്കിൽ സുരക്ഷ സംബന്ധിച്ച് മറ്റ് പരാതികൾ ലഭിച്ചിട്ടില്ല," ഐആർസിടിസി മറുപടിയായി കുറിച്ചു. എന്നാൽ, ഐആർസിടിസിയുടെ വിശദീകരണത്തിൽ ആയുഷി സിംഗ് കടുത്ത അതൃപ്തി രേഖപ്പെടുത്തി.
"മറ്റാർക്കും അസുഖമില്ലെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ട്. പക്ഷേ എനിക്കും എന്റെ മകനും അസുഖം ബാധിച്ചു. ഞങ്ങളുടെ ട്രെയിൻ അതിരാവിലെ ആയതിനാൽ വീട്ടിൽ നിന്ന് പ്രഭാതഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ല. അതിനാൽ ഞങ്ങൾ കഴിച്ചതെല്ലാം വന്ദേ ഭാരതിൽ നിന്നായിരുന്നു. ഞങ്ങൾക്ക് മാത്രമാണ് ബുദ്ധിമുട്ട് ഉണ്ടായത് എന്നതുകൊണ്ട് ഇത് നിങ്ങൾക്ക് പ്രധാനമല്ലെന്ന് വ്യക്തമാണ്, ആയുഷി സിംഗ് കൂട്ടിച്ചേർത്തു.
ആയുഷി സിംഗ് പങ്കുവെച്ച പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. വന്ദേ ഭാരത് എക്സ്പ്രസ് പോലുള്ള പ്രീമിയം ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും സുരക്ഷാ മാനദണ്ഡങ്ങളെയും കുറിച്ച് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചകൾ സജീവമാകുന്നുണ്ട്. കേരളത്തിലടക്കം വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തെ കുറിച്ച് പരാതികൾ ഉയർന്നിരുന്നു.












Click it and Unblock the Notifications