ഇറാനിലെ വന്ദേഭാരത് കണ്ടോ; ചലിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍, ടിക്കറ്റ് നിരക്ക്, പേര് എന്നിവ അറിയാം
ടെഹ്‌റാന്‍: ഇറാനില്‍ നിന്ന് വ്യത്യസ്തങ്ങളായ ചിത്രങ്ങളും വാര്‍ത്തകളുമാണ് വരുന്നത്. ഒരു ഭാഗത്ത് യുദ്ധത്തിന്റെ ദയനീയ ചിത്രങ്ങള്‍ വരുമ്പോള്‍ മറുഭാഗത്ത് ഇറാനിലെ വൈവിധ്യങ്ങളും മുന്നേറ്റങ്ങളും വ്യക്തമാക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അതിലൊന്നാണ് അത്യാഡംബര ട്രെയിന്‍. ഇറാനിലെ അതിവേഗ ട്രെയിനിന് ചലിക്കുന്ന പഞ്ച നക്ഷത്ര ഹോട്ടല്‍ എന്നാണ് വിളിപ്പേര്.
ഇന്ത്യയിലെ വന്ദേഭാരത് എക്‌സ്പ്രസിനോട് ബന്ധിപ്പിച്ചാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഫദക് എന്നാണ് ഇറാനിലെ അതിവേഗ ട്രെയിനിന്റെ പേര്. ഇറാനിലെ ഏറ്റവും ആഡംബര സൗകര്യമുള്ള ട്രെയിന്‍ ആണിത്. അകത്തുകയറിയാല്‍ ആഡംബര ഹോട്ടലില്‍ എത്തിയ പോലെ തോന്നും. സ്വീകരിക്കാനും ഭക്ഷണം വിളമ്പാനും പ്രത്യേക ജീവനക്കാരുണ്ട്.

പ്രധാനമായും ഫദക് ട്രെയിന്‍ സര്‍വീസ് നടത്തുന്നത് തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്നും മഷ്ഹദ് നഗരത്തിലേക്കാണ്. അടുത്ത കാലത്തായി മറ്റു ചില നഗരങ്ങളിലേക്കും സര്‍വീസ് ആരംബിച്ചു. ഖും, സന്‍ജാന്‍, ഷിറാസ്, അഹ്‌വാസ്, ഖസ്‌വിന്‍ കരാജ് എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചും സര്‍വീസുണ്ട്. 2016ലാണ് ഈ ട്രെയിന്‍ ആദ്യ സര്‍വീസ് ആരംഭിച്ചത്.
മണിക്കൂറില്‍ 200 കിലോമീറ്ററാണ് വേഗത. അതിവിദൂരത്തുള്ള സ്ഥലങ്ങളിലേക്കും മണിക്കൂറുകള്‍ക്കകം എത്താന്‍ സഹായിക്കുന്നതുകൊണ്ട് ഈ ട്രെയിന്‍ എപ്പോഴും മാധ്യമങ്ങളില്‍ വാര്‍ത്തയാണ്. വിശാലമായ ഇരിപ്പിടം, വൃത്തിയുള്ള കോച്ചുകള്‍, ഭംഗിയുള്ള അകത്തളം, വലിയ ജനാലകള്‍, മികച്ച ഭക്ഷണം, വിവിധ തരം പാനീയങ്ങള്‍ എന്നിവയും ഫദക് ട്രെയിനിനെ കൂടുതല്‍ ആകര്‍ഷകമാകുന്നു.
ഫദക് ട്രെയിനിലെ ടിക്കറ്റ് നിരക്ക് അറിയാം
നാല് പേര്‍ക്ക് കിടക്കാന്‍ സാധിക്കുന്ന കാബിനുകള്‍, അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന എസി, ഒരു ബട്ടന്‍ അമര്‍ത്തിയാല്‍ സഹായികള്‍ എത്തുന്ന സൗകര്യം എന്നിവയെല്ലാം ഫദക് ട്രെയിനിലുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലിലേത് പോലെയാണ് ഭക്ഷണം. ടിക്കറ്റ് നിരക്കില്‍ ഭക്ഷണം കൂടി ഉള്‍പ്പെടുത്തും. ആവശ്യമുള്ള ഭക്ഷണം ചെലവേറിയതാണെങ്കില്‍ ടിക്കറ്റ് നിരക്ക് അല്‍പ്പം കൂടും. ട്രെയിനില്‍ കയറിയാല്‍ ഭക്ഷണത്തിന് പ്രത്യേകം പണം നല്‍കേണ്ടതില്ല.
ലക്ഷ്വറി, ബിസിനസ്, ഇക്കോണമി എന്നീ മൂന്ന് ക്ലാസുകളിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. ഓരോ കാറ്റഗറിയിലും ടിക്കറ്റ് നിരക്ക് വ്യത്യസ്തമാകും. മിക്ക നഗരങ്ങളിലേക്കും 1100 രൂപയ്ക്കും 1600 രൂപയും ഇടയിലാണ് ഒരാള്‍ക്ക് വരുന്ന ടിക്കറ്റ് നിരക്ക്. ഇറാനിലെ കറന്‍സിയില്‍ അല്‍പ്പം ഉയര്‍ന്ന നിരക്കാകുമെങ്കിലും ഇന്ത്യന്‍ കറന്‍സിയില്‍ അത്ര വലിയ സംഖ്യയല്ല.
ടെഹ്‌റാനില്‍ നിന്ന് മഷ്ഹദിലേക്ക് പോകുന്ന ഒരു വ്യക്തിക്ക് 900 രൂപയ്ക്കും 2000 രൂപയ്ക്കും ഇടയിലാകും ടിക്കറ്റ് നിരക്ക്. കാറ്റഗറി അനുസരിച്ച് നേരിയ വ്യത്യാസം ഉണ്ടാകും. അടുത്തകാലം വരെ ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ പ്രവേശനം നല്‍കിയിരുന്നു ഇറാന്‍. ഇപ്പോള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് നിരവധി ടൂറിസ്റ്റുകള്‍ എത്തുന്ന രാജ്യം കൂടിയാണിത്. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയായതോടെയാണ് വിസ ഇളവ് നിര്‍ത്തിയത്.












Click it and Unblock the Notifications