വന്ദേഭാരത് മാത്രമല്ല ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പുതിയ കെഎസ്ആർടിസി സ്ലീപ്പറും, സമയം ഇതാ
കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസുകൾ ധാരാളമുണ്ടെങ്കിലും സ്ലീപ്പർ ബസുകൾ കൂടുതൽ അവതരിപ്പിക്കണമെന്നത് ബെംഗളൂരു മലയാളികളുടെ ദീർഘകാല ആവശ്യമായിരുന്നു. ഇപ്പോഴിതാ ഈ ആവശ്യത്തിന് പച്ചക്കൊടി വീശിയിരിക്കുകയാണ് വകുപ്പ്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കാണ് കെഎസ്ആർടിസി വീണ്ടും എസി സർവ്വീസ് അവതരിപ്പിച്ചത്. പുതിയ സർവ്വീസ് കൂടി എത്തുന്നതോടെ ബംഗളൂരു- എറണാകുളം റൂട്ടിൽ പ്രതിദിന സ്ലീപ്പറുകളുടെ എണ്ണം നാലാകും.

ബസ് സമയം ഇങ്ങനെ
പീനിയ ബസവേശ്വർ ടെർമിനലിൽ നിന്ന് രാത്രി 9.30 മണിയോടെ ബസ് പുറപ്പെടും. സാറ്റ്‌ലൈറ്റ്, ശാന്തിനഗർ, പാലക്കാട്, തൃശൂർ വഴിയായിരിക്കും രാത്രി. തുടർന്ന് രാവിലെ 9.40 ഓടെ എറണാകുളത്ത് എത്തും.
തിരിച്ച് എറണാകുളത്തുനിന്ന് വൈകിട്ട് ആറരയ്ക്ക് ബംഗളൂരുവിന് പുറപ്പെടുന്ന ബസ് തൃശൂർ, പാലക്കാട് വഴി രാവിലെ 6.15ന് ബംഗളൂരു പീനിയയിൽ എത്തിച്ചേരും.ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കും തിരിച്ചും രാത്രി 8.05, 8.30, 9.05 സമയങ്ങളിൽ നിലവിൽ സ്ലീപ്പർ സർവ്വീസുകൾ ഉണ്ട്. സ്വിഫ്റ്റ്, എസി ഗജരാജ സ്ലീപ്പർ ബസുകളാണ് സർവ്വീസ് നടത്തുന്നത്.
പുതിയ സർവ്വീസിൽ 36 ബെർത്തുകളാണ് ഉളളത്. 1520 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. കെ എസ് ആർ ടി സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി സീറ്റുകൾ ബുക്ക് ചെയ്യാം.
കെ എസ് ആർ ടി സിയുടെ പുതിയ വോൾവോ 9600 എസ്എൽഎക്‌സ് ബസ് പരീക്ഷണയാത്ര നടത്തി; വളയം പിടിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ
കെ.എസ്.ആർ.ടി.സി. യുടെ ബസ് നിരയിൽ പുതുചരിത്രം കുറിച്ചുകൊണ്ട്, വോൾവോ 9600 എസ്എൽഎക്‌സ് സീരീസിലെ പുതിയ ബസ് ഇന്ന് തിരുവനന്തപുരത്ത് പരീക്ഷണയാത്ര നടത്തി. ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറാണ് വളയം പിടിച്ചത്.
വോൾവോ പുതിയതായി നിർമ്മിച്ച ഈ മോഡൽ, ഒരു ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്ന നിലയിൽ ഇന്ത്യയിൽ ആദ്യമായി ബുക്ക് ചെയ്ത് ഡെലിവറി ലഭിച്ചത് കെ.എസ്.ആർ.ടി.സിക്കാണ് എന്നത് അഭിമാനകരമാണെന്ന് മന്ത്രി കെ. ബി. ഗണേഷ് കുമാർ പറഞ്ഞു. സ്വകാര്യ വ്യക്തികൾ ഈ വണ്ടി വാങ്ങിയിട്ടുണ്ടാകാമെങ്കിലും, ഒരു ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ആദ്യമായി ബുക്ക് ചെയ്യുന്നതും ഡെലിവറി എടുക്കുന്നതും കെ.എസ്.ആർ.ടി.സി.യാണെന്നത് ശ്രദ്ധേയമാണ്. 2002-ൽ ആദ്യമായി വോൾവോ ഇന്ത്യയിൽ വന്നപ്പോഴും ആദ്യത്തെ രണ്ട് ബസുകൾ വാങ്ങിയത് കെ എസ് ആർ ടി സി ആയിരുന്നു എന്ന ചരിത്രവും മന്ത്രി ഓർമ്മിപ്പിച്ചു.
ഇന്ന് ഇന്ത്യയിൽ കിട്ടാവുന്നതിൽ ഏറ്റവുമധികം സൗകര്യങ്ങളുള്ള ഒരു വണ്ടിയാണ് കെ.എസ്.ആർ.ടി.സി. വാങ്ങിയിരിക്കുന്നതെന്നും, വണ്ടിയുടെ സുരക്ഷാ സംവിധാനങ്ങൾ വളരെ ഗംഭീരമാണെന്നും മന്ത്രി പറഞ്ഞു. ഒരു നിശ്ചിത ആംഗിളിന് മുകളിലേക്ക് വണ്ടി ചരിഞ്ഞാൽ ഉടൻ തന്നെ സഡൻ ബ്രേക്ക് ചെയ്ത് വാഹനം നിർത്താനുള്ള സാങ്കേതികവിദ്യ ഇതിലുണ്ട്. മികച്ച സസ്‌പെൻഷൻ ഉള്ള സീറ്റാണ് ഡ്രൈവർക്ക് ലഭിക്കുന്നത്. കൂടാതെ, കുഴികളിലോ കട്ടറുകളിലോ കയറുമ്പോൾ ബസ് ലിഫ്റ്റ് ചെയ്ത് ഉയർത്താനുള്ള ലിഫ്റ്റിംഗ് സൗകര്യവും (വേഗത 20 കി.മീ. ആയി പരിമിതപ്പെടുത്തും) ക്യാമറകൾ ഉൾപ്പെടെയുള്ള മറ്റ് സാങ്കേതികവിദ്യകളും ലഭ്യമാണ്.
വന്ദേഭാരത് ഞായറാഴ്ച മുതൽ സർവ്വീസ് തുടങ്ങും
ബെംഗളൂരു-എറണാകുളം റൂട്ടിൽ പുതിയ വന്ദേഭാരത് സർവ്വീസ് ഞായറാഴ്ച മുതൽ സർവ്വീസ് നടത്തും. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സർവ്വീസ് ഫ്ഗാഗ് ഓഫ് ചെയ്യും. എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രാ സമയം ഏകദേശം 8 മണിക്കൂറും 40 മിനിറ്റുമായി ചുരുങ്ങും. ട്രെയിൻ നമ്പർ 26651 രാവിലെ 5:10-ന് കെ.എസ്.ആർ. ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1:50-ന് എറണാകുളം ജംഗ്ഷനിൽ എത്തും. മടക്ക സർവീസായ ട്രെയിൻ നമ്പർ 26652 ഉച്ചയ്ക്ക് 2:20-ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി 11:00-ന് കെ.എസ്.ആർ. ബെംഗളൂരുവിൽ എത്തും. രാവിലെയും വൈകുന്നേരവുമുള്ള യാത്രക്കാർക്ക് ഈ സമയക്രമം പ്രയോജനകരമാകും.












Click it and Unblock the Notifications