വന്ദേഭാരതിൽ ഇനി കിടിലൻ മെനു; കാസർഗോഡ്, മംഗലാപുരം വന്ദേഭാരത് ഉൾപ്പെടെ 11 ട്രെയിനിലും കിട്ടും
വന്ദേഭാരത് ട്രെയിനുകളിലെ യാത്രയുടെ സുഖം അനുഭവിച്ച് തന്നെ അറിയണം. വിദേശികളടക്കം ഈ സെമി ഹൈ സ്പീഡ് ട്രെയിനുകളിലെ ഹൈ ക്ലാസ് അനുഭവത്തെ പുകഴ്ത്താറുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും വന്ദേഭാരതിനെ കുറിച്ച് പൊതുവെ പരാതി ഉയരുന്ന ഒരു കാര്യം ഭക്ഷണത്തെ കുറിച്ചാണ്. എന്തായാലും ഈ പരാതി പരിഹരിക്കാൻ ശ്രമങ്ങളാരംഭിച്ചിരിക്കുകയാണ് റെയിൽവെ.
യാത്രാനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ പ്രാദേശിക വിഭവങ്ങൾ ഉൾപ്പെടുത്തി മെനു പരിഷ്കരിച്ചതായി റെയിൽവെ അറിയിച്ചു. യാത്രക്കാർക്ക് തനതായ പ്രാദേശിക വിഭവങ്ങളുടെ രുചിയറിയാൻ ഇത് അവസരമൊരുക്കും. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) വഴി 11 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾക്കാണ് പുതുക്കിയ മെനു പ്രഖ്യാപിച്ചത്. ഘട്ടം ഘട്ടമായി ഈ പുതിയ സൗകര്യം മറ്റ് ട്രെയിനുകളിലേക്കും വ്യാപിപ്പിക്കും.

പരിഷ്കരിച്ച മെനു ഇങ്ങനെ
20101/20102 നാഗ്പൂർ-സെക്കന്ദരാബാദ് വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യുന്നവർക്ക് മഹാരാഷ്ട്രയുടെ കാന്ദാ പോഹയും ആന്ധ്രാപ്രദേശിന്റെ തനതായ ആന്ധ്രാ കോടി കുറയും ദൊണ്ഡക്കായ കരം പൊടി ഫ്രൈ പോലുള്ള ദക്ഷിണേന്ത്യൻ വിഭവങ്ങളും ലഭിക്കും. 22229 സി.എസ്.എം.ടി-എം.എ.ഒ വന്ദേ ഭാരത് എക്സ്പ്രസിൽ മസാല ഉപ്പുമാവും ലഭിക്കും.
അതേസമയം, തിരഞ്ഞെടുത്ത സർവീസുകളിൽ ഗുജറാത്തി വിഭവങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
20901 മുംബൈ സെൻട്രൽ-ഗാന്ധിനഗർ കാപ്പിറ്റൽ വന്ദേ ഭാരത് എക്സ്പ്രസിൽ മേതി തേപ്ലയും
26902 സബർമതി-വേരാവൽ വന്ദേ ഭാരത് എക്സ്പ്രസിൽ മസാല ലൗകിയും വിളമ്പും.
22895 ഹൗറ-പുരി വന്ദേ ഭാരത് എക്സ്പ്രസിൽ ഒഡീഷയുടെ പ്രശസ്തമായ ആലു ഫുൾകോപ്പിയും ലഭ്യമാകും.
കേരളത്തിൽ, 20633/20634 കാസർഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിലും 20631/20632 മംഗലാപുരം-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിലും പരമ്പരാഗത വിഭവങ്ങളായ വെള്ള ചോറ്, ചെറുപയർ മെഴുക്കുപുരട്ടി, കടല കറി, കേരള പറാത്ത, തൈര്, പാലട പായസം എന്നിവയ്ക്കൊപ്പം അപ്പവും ലഭിക്കും.
കൂടാതെ,
22302 ന്യൂ ജൽപായ്ഗുരി-ഹൗറ വന്ദേ ഭാരത് എക്സ്പ്രസിൽ പശ്ചിമ ബംഗാളിന്റെ തനത് വിഭവമായ മുർഗിർ ജോൾ,
20872 ആർ.ഒ.യു-എച്ച്.ഡബ്ല്യു.എച്ച് വന്ദേ ഭാരത് എക്സ്പ്രസിൽ കോഷ പനീർ,
22895 എച്ച്.ഡബ്ല്യു.എച്ച്-പുരി വന്ദേ ഭാരത് എക്സ്പ്രസിൽ ആലു പൊട്ടൽ ഭാജ എന്നിവയും മെനുവിൽ ഇടം നേടി.
മറ്റ് സംസ്ഥാനങ്ങളിലേക്കും വന്ദേ ഭാരതിന്റെ പ്രാദേശിക മെനു വികസിപ്പിച്ചിട്ടുണ്ട്.
22349 പി.എൻ.ബി.ഇ-ആർ.എൻ.സി വന്ദേ ഭാരത് എക്സ്പ്രസിൽ ബിഹാറിന്റെ ചമ്പാരൻ പനീറും
22348 പി.എൻ.ബി.ഇ-എച്ച്.ഡബ്ല്യു.എച്ച് വന്ദേ ഭാരത് എക്സ്പ്രസിൽ ചമ്പാരൻ ചിക്കനും ആസ്വദിക്കാം.
ജമ്മു കശ്മീരിലെ വന്ദേ ഭാരത് സർവീസുകളിലും പ്രാദേശിക രുചികൾ എത്തിയിട്ടുണ്ട്.
26401-02 & 26403-04 എസ്.വി.ഡി.കെ-എസ്.ഐ.എൻ.എ വന്ദേ ഭാരത് എക്സ്പ്രസിൽ ജമ്മുവിന്റെ അംബൽ കദ്ദു, ജമ്മു ചനാ മസാല, കശ്മീരിന്റെ തക്കാളി ചമൻ, കേസർ ഫിർണി എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റെയിൽവെ അറിയിച്ചു.
നിലവിൽ, 164 വന്ദേ ഭാരത് ചെയർ കാർ സർവീസുകൾ രാജ്യത്തെ വിശാലമായ റെയിൽവേ ശൃംഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്) വികസിപ്പിച്ചെടുത്ത ഈ സെമി ഹൈ സ്പീഡ് ട്രെയിനുകളിൽ ലക്ഷക്കണക്കിന് പേരാണ് ദിനേന യാത്ര ചെയ്യുന്നത്.












Click it and Unblock the Notifications