വന്ദേഭാരത് എക്‌സ്പ്രസ് 34 തുരങ്കവും പാലങ്ങളും കടന്ന് കത്രയില്‍ നിന്ന് ശ്രീനഗറിലേക്ക്, ഇതാണ് യാത്ര
ന്യൂഡല്‍ഹി: തുരങ്കങ്ങള്‍, പാലങ്ങള്‍, തണുത്തുറഞ്ഞ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലൂടെ നിര്‍മിച്ച റെയില്‍പാളത്തിലൂടെ പറക്കാന്‍ ഒരുങ്ങുകയാണ് വന്ദേഭാരത്. ജമ്മുവിനെയും കശ്മീരിനെയും ബന്ധിപ്പിച്ചുള്ള വന്ദേഭാരതിന്റെ ആദ്യ സര്‍വീസ്. ഇതോടെ കശ്മീര്‍ താഴ്‌വര ഇന്ത്യയിലെ മറ്റു റെയില്‍പാതയുമായി ചേരാന്‍ പോകുകയാണ്. കാലാവസ്ഥ പരിഗണിച്ച് പ്രത്യേക സൗകര്യങ്ങളുള്ള വന്ദേഭാരത് എക്‌സ്പ്രസ് ആയിരിക്കും ഇവിടെ സര്‍വീസ് നടത്തുക.
പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ ആറിന് പുതിയ റെയില്‍പാതയും ലോകത്തെ ഏറ്റവും ഉയരത്തിലുള്ള ചിനാബ് പാലവും ഉദ്ഘാടനം ചെയ്യുന്നതിനൊപ്പം വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫും നിര്‍വഹിക്കുമെന്നാണ് വിവരം. സുരക്ഷാകാര്യങ്ങള്‍ പരിശോധിക്കാനും പരിപാടിയില്‍ സംബന്ധിക്കുന്നവരുടെ മുഴുവന്‍ വിവരങ്ങള്‍ കൈമാറാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ടത്രെ.

എന്നാല്‍ റെയില്‍വെ മന്ത്രാലയം ഔദ്യോഗികമായി ഉദ്ഘാടന തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ജൂണ്‍ ആറിനും എട്ടിനുമിടയില്‍ ഉദ്ഘാടനം നടക്കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് രവീന്ദര്‍ റെയ്‌ന മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുടെ ദേശീയ നിര്‍വാഹക സമിതി അംഗമാണ് ഇദ്ദേഹം. സുരക്ഷാകാര്യങ്ങള്‍ വിലയിരുത്തിയ ശേഷം പ്രധാനമന്ത്രി എത്തുന്ന തിയ്യതി തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 19നാണ് ആദ്യം ശ്രീനഗറിലേക്കുള്ള വന്ദേഭാരതിന്റെ ഫ്‌ളാഗ് ഓഫ് തീരുമാനിച്ചിരുന്നത്. കാലാവസ്ഥ മോശമായത് കാരണം പ്രധാനമന്ത്രിക്ക് കശ്മീര്‍ യാത്ര സാധ്യമായില്ല. മൂന്ന് ദിവസം പിന്നിട്ടപ്പോഴാണ് പഹല്‍ഗാമില്‍ ആക്രമണം ഉണ്ടായത്. ഇതോടെ എല്ലാ പരിപാടികളും നിര്‍ത്തിവച്ചു. ഇപ്പോള്‍ സമാധാന അന്തരീക്ഷം തിരിച്ചുവന്നതോടെയാണ് മോദി കശ്മീരിലേക്ക് പോകുന്നത്. ദിവസങ്ങള്‍ക്ക് അമിത് ഷാ കശ്മീര്‍ സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തിയിരുന്നു.
119 കിലോമീറ്റര്‍ തുരങ്കപാത
ഉദ്ദംപൂര്‍-ശ്രീനഗര്‍-ബാരാമുല്ല റെയില്‍ പ്രൊജക്ട്, ചിനാബ് പാലം, അന്‍ജി ഖദ് പാലം എന്നിവയാണ് മോദി കശ്മീരിലെത്തിയാല്‍ ഉദ്ഘാടനം ചെയ്യുക. പിന്നീടായിരിക്കും ശ്രീ മതാ വൈഷ്‌ണോ ദേവി കത്ര റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ശ്രീനഗറിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ്. ജൂണ്‍ ഏഴിന് ബലിപെരുന്നാള്‍ ആയതിനാല്‍ ജൂണ്‍ ആറിനായിരിക്കും ഉദ്ഘാടനം എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഉദ്ഘാടനം കഴിഞ്ഞാല്‍ കശ്മീരിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് പ്രതീക്ഷിക്കുന്നു.

തണുപ്പുള്ള മേഖലയിലൂടെയാണ് വന്ദേഭാരത് യാത്ര എന്നതിനാല്‍ ട്രെയിന് അകത്ത് നിശ്ചിത അളവില്‍ ചൂട് നിലനിര്‍ത്താനുള്ള സംവിധാനം ഒരുക്കുന്നുണ്ട്. കൂടാതെ മഞ്ഞുവീണ് ഗ്ലാസില്‍ കാഴ്ച തടസം സൃഷ്ടിക്കാനുള്ള സാധ്യതയും മുന്‍കൂട്ടി കാണുന്നു. ഇതിനുള്ള പരിഹാരം പുതിയ വന്ദേഭാരതിലുണ്ട്. അതിന് പുറമെ മറ്റു വന്ദേഭാരതുകള്‍ക്കുള്ള എല്ലാ സൗകര്യങ്ങളും കശ്മീര്‍ താഴ്‌വരയിലേക്കുള്ള ട്രെയിനിലുമുണ്ടാകും.
വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഉദ്ദംപൂര്‍-ശ്രീനഗര്‍-ബാരമുല്ല റെയില്‍പാത 272 കിലോമീറ്ററാണ്. 119 കിലോമീറ്റര്‍ തുരങ്കപാതയാണ്. 34 തുരങ്കങ്ങള്‍ ഇവിടെയുണ്ട്. കൂടാതെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ചിനാബ് പാലം, ഇന്ത്യയിലെ ആദ്യ കേബിള്‍ റെയില്‍പാലമായ അന്‍ജി ഖദ് പാലം എന്നിവയെല്ലാം ഈ പാതയിലാണ്.
467 മീറ്റര്‍ ഉയരത്തിലാണ് ചിനാബ് പാലം. പാരിസിലെ ഈഫല്‍ ഗോപുരത്തേക്കാള്‍ 35 മീറ്റര്‍ ഉയരത്തിലാണിത്. പുതിയ റെയില്‍പാതയും വന്ദേഭാരതും പാലങ്ങളും തുറക്കുന്നതോടെ കശ്മീരിന്റെ മുഖഛായ മാറും. കൂടുതല്‍ വിനോദ സഞ്ചാരികള്‍ ഇവിടേക്ക് എത്തും. സുരക്ഷ ഉറപ്പാക്കലാണ് മേഖലയിലെ വെല്ലുവിളി. പഹല്‍ഗാം സംഭവത്തിന് ശേഷം കശ്മീരില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications