വന്ദേഭാരത് കശ്മീര്‍ യാത്ര; അവസാന നിമിഷം തീരുമാനം മാറ്റി, ജമ്മുവിലേക്ക് ഇനിയും കാത്തിരിക്കണം
ശ്രീനഗര്‍: വന്ദേഭാരത് സര്‍വീസുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു കശ്മീര്‍ യാത്ര. കശ്മീര്‍ താഴ്‌വരയിലേക്ക് ആദ്യമായി വന്ദേഭാരത് സര്‍വീസ് ആരംഭിച്ചത് ദേശീയ തലത്തില്‍ വാര്‍ത്തയയിരുന്നു. കത്ര സ്റ്റേഷനില്‍ നിന്നാണ് ശ്രീനഗറിലേക്ക് വന്ദേഭാരത് സര്‍വീസ് നടത്തുന്നത്. എന്നാല്‍ ജമ്മുവിലേക്ക് കൂടി സര്‍വീസ് നീട്ടണം എന്ന ആവശ്യം ശക്തമായിരുന്നു. ഇതുസംബന്ധിച്ച് തിങ്കളാഴ്ച സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.
എന്നാല്‍ അധികം വൈകാതെ മറ്റൊരു ഉത്തരവ് കൂടി റെയില്‍വെ മന്ത്രാലയം ഇറക്കി. ഇതുപ്രകാരം ജമ്മുവിലേക്ക് സര്‍വീസ് നീട്ടാനുള്ള തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ സര്‍വീസ് ആരംഭിക്കില്ല. ഇക്കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കുമെന്നും റെയില്‍വെ അറിയിച്ചു. ജമ്മുവില്‍ നിന്ന് അഞ്ച് മണിക്കൂറിനുള്ളില്‍ ശ്രീനഗറില്‍ എത്താന്‍ ഇനിയും കാത്തിരിക്കണം.

രാജ്യത്തിന്റെ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് വന്ദേഭാരത് സര്‍വീസ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലേക്ക് സര്‍വീസ് തുടങ്ങിയിരുന്നു. താഴ് വരയിലേക്ക് കൂടി വന്ദേഭാരത് വേണം എന്ന ആവശ്യം ശക്തമായതോടെ റെയില്‍വെ മന്ത്രാലയം അനുകൂല തീരുമാനം എടുത്തു. തുടര്‍ന്നാണ് കത്രയില്‍ നിന്ന് ശ്രീനഗറിലേക്ക് വന്ദേഭാരത് ആരംഭിച്ചത്.
ശ്രീമാതാ വൈഷ്‌ണോ ദേവി കത്ര സ്‌റ്റേഷനില്‍ നിന്ന് ശ്രീനഗറിലേക്കാണ് നിലവില്‍ വന്ദേഭാരത് സര്‍വീസ്. എന്നാല്‍ ജമ്മുവില്‍ നിന്ന് കത്രയിലേക്ക് കൂടി വന്ദേഭാരത് തുടങ്ങിയാല്‍ അതിവേഗ യാത്ര സാധ്യമാകുമെന്ന് അഭിപ്രായം ഉയര്‍ന്നു. സ്റ്റേഷനുകളില്‍ ചില ക്രമീകരണങ്ങള്‍ വരുത്തേണ്ടി വന്നു. മാര്‍ച്ച് ഒന്ന് മുതല്‍ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് വന്ദേഭാരത് തുടങ്ങുമെന്ന പ്രഖ്യാപനം വരികയും ചെയ്തു.
അഞ്ച് മണിക്കൂറില്‍ താഴ്‌വരയില്‍ എത്താം
എന്നാല്‍ ഇന്നലെ ഇതില്‍ മാറ്റം വരുത്തി. താല്‍ക്കാലികമായി തീരുമാനം മരവിപ്പിച്ചു. ഒഴിച്ചുകൂടാനാകാത്ത സാഹചര്യം കാരണം തീരുമാനം മരവിപ്പിച്ചു എന്ന് ജമ്മു റെയില്‍വെ ഡിവിഷന്‍ സീനിയര്‍ കോമേഴ്‌സ്യല്‍ മാനേജര്‍ ഉചിത് സിംഗാള്‍ അറിയിച്ചു. സര്‍വീസ് ആരംഭിക്കുന്ന കാര്യം പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കത്രയില്‍ നിന്ന് ശ്രീനഗറിലേക്ക് 8 കോച്ചുള്ള വന്ദേഭാരത് എക്‌സ്പ്രസ് ആണ് സര്‍വീസ് നടത്തുന്നത്. എന്നാല്‍ മാര്‍ച്ച് ഒന്ന് മുതല്‍ കോച്ചുകളുടെ എണ്ണം 20 ആക്കി ഉയര്‍ത്താന്‍ തീരുമാനിച്ചിരുന്നു. ഈ തീരുമാനം നടപ്പാകുമോ എന്ന് വ്യക്തമല്ല. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് അഞ്ച് മണിക്കൂറിനകം എത്താന്‍ സാധിക്കും എന്നതാണ് വന്ദേഭാരത് സര്‍വീസ് തുടങ്ങിയാലുള്ള നേട്ടം. റോഡ് മാര്‍ഗം പോകുന്നതിനേക്കാള്‍ എളുപ്പമാണിത്.
കശ്മീരിലെ എല്ലാ മേഖലകളെയും ബന്ധിപ്പിക്കുന്ന ഉദ്ദംപൂര്‍-ശ്രീനഗര്‍-ബാരമുള്ള റെയില്‍ ലിങ്ക് കഴിഞ്ഞ വര്‍ഷം ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു. കത്രയില്‍ നിന്ന് ശ്രീനഗറിലേക്കുള്ള വന്ദേഭാരത് മികച്ച ലാഭത്തില്‍ സര്‍വീസ് നടത്തുന്ന ട്രെയിന്‍ ആണ്. ജമ്മുവില്‍ നിന്ന് കത്രയിലൂടെ ശ്രീനഗറിലേക്ക് വന്ദേഭാരത് അധികം വൈകാതെ സര്‍വീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.












Click it and Unblock the Notifications