വന്ദേഭാരതിന് ഇനി സ്റ്റേഷനിൽ നിന്നും നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാം; 15 മിനിറ്റ് മുൻപ് വരെ അവസരം
വന്ദേഭാരത് കേരളത്തിൽ അവതരിപ്പിച്ചപ്പോൾ മുതൽ ചൂടപ്പം പോലെ വിറ്റുപോവുകയാണ് ടിക്കറ്റുകൾ. ഓൺലൈനായി മാത്രമേ ടിക്കറ്റ് എടുക്കാൻ സൗകര്യമുള്ളൂ എന്നതുകൊണ്ട് തന്നെ ടിക്കറ്റ് കിട്ടാതെ നിരാശപ്പെടേണ്ട അവസ്ഥ പലർക്കും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇനി നിരാശപ്പെടേണ്ടി വരില്ല. കാരണം വന്ദേഭാരതിൽ തത്സമയ റിസർവേഷൻ ആരംഭിച്ചിരിക്കുകയാണ് റെയിൽവെ.
വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളിലെ സീറ്റ് ലഭ്യത വർദ്ധിപ്പിക്കുന്നതിനായി ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനുകളിൽ നിന്ന് 15 മിനിറ്റ് മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന സൗകര്യമാണ് റെയിൽവെ ഏർപ്പെടുത്തിയിരിക്കുന്നത്.

ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള എട്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളിൽ വ്യാഴാഴ്ച മുതൽ ഈ സംവിധാനം നിലവിൽ വന്നു. നിലവിൽ ട്രെയിൻ പുറപ്പെട്ടുകഴിഞ്ഞാൽ ഓൺലൈൻ ബുക്കിംഗ് അനുവദനീയമല്ല. പുതിയ സംവിധാനം വരുന്നതോടെ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.
മംഗളൂരു-തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്‌പ്രസിൽ മംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നവർക്ക് നിലവിൽ രണ്ടാമത്തെ ചാർട്ട് തയ്യാറാക്കുന്നതിന് മുമ്പ് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമായിരുന്നുള്ളൂ. ട്രെയിൻ രാവിലെ 6.25 ന് മംഗളൂരുവിൽ നിന്ന് നിന്ന് പുറപ്പെടുന്നതിനാൽ രാവിലെ 2.25 വരെ മാത്രമേ ബുക്കിങ് ഓപ്പണാകുകയുള്ളൂ. എന്നാൽ ഇനി മുതൽ ട്രെയിൻ പുറപ്പെട്ട് കഴിഞ്ഞാൽ ബാക്കി വരുന്ന സീറ്റുകളിൽ യാത്രാമധ്യേയുള്ള സ്റ്റേഷനുകളിൽ നിന്ന് ബുക്ക് ചെയ്യാം.
മംഗളൂര്‍ - തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ് (20631/20632)
കേരളത്തിലെ രണ്ടാമത്തെ വന്ദേഭാരത് സർവീസാണിത്. 2023 സെപ്തംബർ 25‑നാണ് ആദ്യമായി സർവീസ് തുടങ്ങിയത്. മംഗലാപുരത്ത് നിന്ന് രാവിലെ 6.25ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്‌ക്ക് 3.05നാണ് തിരുവനന്തപുരത്ത് എത്തുക. തിരികെ വൈകിട്ട് 4.05ന് പുറപ്പെട്ട് പുലർച്ചെ 12.40ന് മംഗലാപുരത്ത് എത്തും.
കറന്റ് ബുക്കിങ് ലഭിക്കുന്ന വന്ദേഭാരത് എക്സ്പ്രസുകൾ
ചെന്നൈ സെൻട്രൽ-വിജയവാഡ വന്ദേ ഭാരത് എക്സ്പ്രസ്, ചെന്നൈ എഗ്മോർ-നാഗർകോവിൽ വന്ദേ ഭാരത് എക്സ്പ്രസ് (രണ്ട് ദിശകളിലേക്കും), കോയമ്പത്തൂർ-ബെംഗളൂരു കന്റോൺമെന്റ് വന്ദേ ഭാരത് എക്സ്പ്രസ്, മംഗളൂരു സെൻട്രൽ-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് (രണ്ട് ദിശകളിലേക്കും), മംഗളൂരു സെൻട്രൽ-മഡ്ഗാവ് വന്ദേ ഭാരത് എക്സ്പ്രസ്, മധുരൈ-ബെംഗളൂരു കന്റോൺമെന്റ് വന്ദേ ഭാരത് എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ ഈ സൗകര്യം ലഭ്യമാകും.












Click it and Unblock the Notifications