വന്ദേഭാരത് യാത്രക്ക് വേണം 13 മണിക്കൂർ, ഇതെന്തൊരു പണി..മംഗളൂരു സെൻട്രലിലും സ്റ്റോപ്പില്ല
ഗോവ-മംഗളൂരു-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് നവംബർ 13 ന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുമെന്നാണ് റിപ്പോർട്ട്. തീരദേശ കർണാടക വഴി ബെംഗളൂരിലേക്ക് സർവ്വീസ് നടത്തുന്ന ആദ്യ വന്ദേഭാരത് എക്സ്പ്രസ് ആയിരിക്കും ഇത്. നേരത്തേ ഗോവ-മാംഗളൂരു റൂട്ടിലോടിയിരുന്ന വന്ദേഭാരത് എക്സ്പ്രസിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെയാണ് ഈ ട്രെയിൻ ബെംഗളൂരിലേക്ക് നീട്ടാൻ റെയിൽവെ തീരുമാനിച്ചത്.
വലിയ പ്രതീക്ഷയോടെയാണ് തീരുമാനത്തെ യാത്രക്കാർ സ്വാഗതം ചെയ്തതതെങ്കിലും ട്രെയിനിൻ്റെ യാത്ര സമയത്തെ ചൊല്ലി ഇപ്പോൾ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പുതിയ സമയക്രമം അനുസരിച്ച് രാവിലെ 7.35 നാണ് യശ്വന്ത്പൂരിൽ നിന്നും ട്രെയിൻ പുറപ്പെടുന്നത്. വൈകീട്ട് 3.05 ഓടെ മംഗളൂരു ജങ്ഷനിൽ എത്തും. രാത്രി 8.55 ഓടെയാണ് മഡ്ഗാവിൽ ട്രെയിൻ എത്തിച്ചേരുക. തിരിച്ച് മഡ്ഗാവിൽ നിന്നും രാവിലെ 8.02 ഓടെയാണ് യാത്ര പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.50 ന് മാംഗളൂരു ജങ്ഷനിലും രാത്രി 9.15 ന് യശ്വന്ത്പൂരിലും എത്തും.

യശ്വന്തപൂർ-മാംഗളൂരു യാത്ര പൂർത്തിയാക്കാൻ വെറും 7 മണിക്കൂർ 30 മിനിറ്റ് മാത്രമാണ് ട്രെയിൻ എടുക്കുന്നത്. എന്നാൽ ഗോവയിൽ എത്തിച്ചേരണമെങ്കിൽ 13 മണിക്കൂർ ആവശ്യമാണ്. അതായത് ഇപ്പോഴത്തെ മഡ്ഗാവ്-മംഗളൂരു വന്ദേഭാരതിനേക്കാൾ ഒരു മണിക്കൂർ അധികം. വളരെ വേഗത്തിൽ എത്തിച്ചേരുന്നതിനാണ് വന്ദേഭാരത് ട്രെയിനുകളെ ആശ്രയിക്കുന്നതെന്നിരിക്കെ 13 മണിക്കൂറിലധികം വരുന്ന യാത്രക്ക് എന്തിന് വന്ദേഭാരത് തിരഞ്ഞെടുക്കണമെന്ന ചോദ്യമാണ് യാത്രക്കാർ ഉയർത്തുന്നത്. മാത്രവുമല്ല ചെയർ കാർ ട്രെയിനുകൾ ഉപയോഗിച്ച് 13 മണിക്കൂറോളം യാത്ര എന്നത് അനുയോജ്യമല്ലെന്നും വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളാണ് ഈ ദീർഘദൂര യാത്രക്ക് അനുയോജ്യമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ട്രെയിനിൻ്റെ സ്റ്റോപ്പിനെ ചൊല്ലിയും യാത്രക്കാർ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. മംഗളൂരു ജങ്ഷനിൽ മാത്രമാണ് ട്രെയിനിന് സ്റ്റോപ്പ് ഉള്ളത്, സെൻട്രലിൽ സ്റ്റോപ്പ് അനുവദിച്ചിട്ടില്ല. സെൻട്രലിൽ കൂടി സ്റ്റോപ്പ് അനുവദിക്കുന്നത് വീണ്ടും യാത്രാ സമയം കൂട്ടുമെന്നതിനാലാണ് ഇത്. എന്നാൽ മംഗളൂരിലേക്ക് വന്ദേഭാരത് എത്തിയിട്ടും അത് മേഖലയ്ക്കാകെ ഉപകാരമില്ലെന്നാണ് യാത്രക്കാരുടെ പരാതി. മംഗളൂരു-ബെംഗളൂരു റൂട്ടിലേക്ക് മാത്രമൊരു വന്ദേഭാരത് സർവ്വീസ് അനുവദിച്ചാലേ മേഖലയ്ക്ക് ഗുണം ചെയ്യുകയുള്ളൂവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം രാജ്യത്ത് ഏറ്റവും വേഗം കുറഞ്ഞ വന്ദേഭാരത് ആയിരിക്കും ഇത്. മണിക്കൂറിൽ 54 കിമി മാത്രമായിരിക്കും ട്രെയിനിൻ്റെ വേഗത. ഇരു ദിശകളിലേക്കും ആഴ്ചയിൽ ആറുദിവസം ട്രെയിൻ സർവീസ് നടത്തും. ബെംഗളൂരുവിൽനിന്ന് ബുധനാഴ്ചയും ഗോവയിൽനിന്ന് വ്യാഴാഴ്ചയും സർവീസ് ഉണ്ടായിരിക്കുന്നതല്ല.


Click it and Unblock the Notifications
