വന്ദേ ഭാരതിൽ കിടന്നുറങ്ങിപ്പോകാം;വിമാനത്തോട് കിടപിടിക്കുന്ന അത്യാധുനിക സൗകര്യങ്ങൾ,ടിക്കറ്റ് തുക വെറും 2000 രൂപ
സഞ്ചാരികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിന്റെ ചിത്രങ്ങൾ പുറത്ത്. വിമാനത്തോട് കിടപിടിക്കുന്ന അത്യാധുനിക സംവിധാനങ്ങളാണ് ട്രെയിനിൽ ഒരുക്കിയിരിക്കുന്നത്. യൂറോപ്യൻ മാതൃകയിലാണ് പലതും സജ്ജീകരിച്ചിട്ടുള്ളത്.
16 കോച്ചുകളാണ് ട്രെയിനിന് ഉളളത്. ഇതിൽ 11 എണ്ണം എസി ത്രീ ടയറാണ്. നാല് കോച്ചുകൾ എസി 2 ടയറും ഒരു കോച്ച് ഫസ്റ്റ് ക്ലാസ് എസിയുമാണ്. ഓരോ കോച്ചുകളിലേയും സൗകര്യങ്ങൾ യാത്രക്കാരെ അത്ഭുതപ്പെടുത്തുമെന്ന കാര്യത്തിൽ തർക്കമില്ല.

കുഷ്യൻ സീറ്റുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഫസ്റ്റ് ക്ലാസ് എസി കോച്ചിൽ സാധാരണ സ്ലീപ്പർ ട്രെയിനുകളെ പോലെ മുകളിലെ ബെർത്തിലേക്ക് വലിഞ്ഞ് കയറേണ്ട കാര്യമില്ല. ഇതിനായി പ്രത്യേകം പടികൾ തന്നെ സജ്ജമാക്കിയിട്ടുണ്ട്. ഇത് കൂടാതെ റീഡിങ് ലൈറ്റ്, മൊബൈൽ, ലാപ്ടോപ്പ് ചാർജിങ് സംവിധാനങ്ങൾ, ഭക്ഷണം കഴിക്കുന്നതിനായി പ്രത്യേകം ടേബിൾ എന്നിവയും ഉണ്ട്. ഓരോ കോച്ചിലും ഇന്റർകണക്ടിംഗ് വാതിലുകൾ ഉണ്ട്. പുറത്തേക്കുള്ളത് ഓട്ടോമാറ്റിക് ഡോറുകളാണ്.
എത്ര ഉഗ്രൻ ട്രെയിനാണെന്ന് പറഞ്ഞാലും ഇന്ത്യൻ ട്രെയിനുകളിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഉയരാറുള്ളത് ടോയ്ലറ്റുകളെ സംബന്ധിച്ചാണ്. എന്നാൽ വന്ദേഭാരത് സ്ലീപ്പർ ട്രെയിനിലെ ടോയ്ലെറ്റ് ഇതിനൊരു അപവാദമായിരിക്കും. കാരണം വിമാനങ്ങളിൽ ഉള്ളത് പോലെ മോഡുലാർ ബയോ വാക്വം ടോയ്ലറ്റുകളാണ് ട്രെയിനിൽ ഒരുക്കിയിട്ടുള്ളത്. ചൂട് വെള്ളം ലഭിക്കാനും പ്രത്യേകം സൗകര്യമുണ്ട്. അംഗപരിമിതർക്കായി പ്രത്യേകം ടോയ്ലറ്റുകൾ ഉണ്ട്. കുഞ്ഞുങ്ങളുടെ നാപ്പി മാറ്റാനുള്ള മേശയും ടോയ്ലെറ്റിൽ ഉണ്ടായിരിക്കും.
രാത്രി യാത്രക്ക് സുഖപ്രദമാകുന്ന തരത്തിലുള്ള ലൈറ്റിങ് സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. പബ്ലിക് അനൗൺസ്‌മെൻ്റ്, വിഷ്വൽ ഇൻഫർമേഷൻ സിസ്റ്റങ്ങൾ, സിസിടിവി ക്യാമറകൾ, മോഡുലാർ പാൻട്രികൾ എന്നിവയും ട്രെയിനിൽ ഉണ്ട്.
കുലുക്കമില്ലാത്ത യാത്ര
ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറിൽ 160 കിമിയാണ്. 180 കിമി വേഗത്തിൽ വരെ ട്രെയിനിന് സഞ്ചരിക്കാൻ സാധിക്കും. അധികം കുലുക്കമില്ലാത്ത യാത്രയാണ് വന്ദേഭാരത് വാഗ്ദാനം ചെയ്യുന്നത്. മാത്രമല്ല അപകടം ഉണ്ടാകുന്ന സമയത്ത് ഗുരുതരമായ പരിക്കുകൾ തടയാൻ ലക്ഷ്യം വെച്ചുള്ള സംവിധാനങ്ങളും ട്രെയിനിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ആദ്യ സ്ലീപ്പർ സർവ്വീസ് കാശ്മീരിലേക്ക്...
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ആദ്യ യാത്ര 2025 ലായിരിക്കുമെന്നാണ് നേരത്തേ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചത്. ന്യൂഡൽഹിയിൽ നിന്നും ശ്രീനഗറിലേക്കായിരിക്കും ആദ്യ സർവ്വീസ്. ഡൽഹിയിൽ നിന്നും ശ്രീനഗറിലേക്ക് 800 കിമിയാണ് ഉള്ളത്. വെറും 13 മണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ സാധിക്കുന്ന തരത്തിലായിരിക്കും ട്രെയിൻ സർവ്വീസ് നടത്തുക.
രാത്രി 7 ന് ഡൽഹിയിൽ നിന്നും പുറപ്പെടും. രാവിലെ 8 മണിയോടെ ശ്രീനഗറിൽ എത്തിച്ചേരാം. അതായത് നിങ്ങളുടെ വിലപ്പെട്ട പകൽ സമയം അധികം നഷ്ടപ്പെടുത്താതെ സമാധാനത്തോടെ കിടന്നുറങ്ങി രാവിലെയാകുമ്പോൾ ശ്രീനഗറിൽ എത്താമെന്ന് സാരം.
വിനോദസഞ്ചാരികൾക്ക് ഡബിൾ ധമാക്ക
കാശ്മീരിലേക്ക് എത്തിപ്പെടാൻ ഏറ്റവും പ്രധാന തടസം ഇവിടേക്ക് കൃത്യമായ യാത്ര സംവിധാനങ്ങളുടെ അപര്യാപ്തതയാണ്. സ്ലീപ്പർ സർവീസ് എത്തുന്നതോടെ കുറഞ്ഞ സമയത്തിനുള്ളിൽ കാശ്മീരിൽ എത്താമെന്ന് മാത്രമല്ല അതിനായി പകൽ സമയം വെറുതെ നഷ്ടപ്പെടുത്തുകയും ചെയ്യേണ്ടി വരില്ല. അതിനാൽ ഡൽഹിയിൽ എത്തുന്ന സഞ്ചാരികൾ ഭൂമിയിലെ സ്വർഗം കാണാൻ ഒരു പോക്ക് പോകാൻ മടിക്കുകയും ഇല്ല.
കുറഞ്ഞ സ്റ്റോപ്പുകൾ
അംബാല കന്റോണ്‍മെന്റ് ജങ്ഷന്‍, ലുധിയാന ജങ്ഷന്‍, കത്വ, ജമ്മു താവി, ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര, സംഗല്‍ദാന്‍, ബനിഹാൽ എന്നീ സ്‌റ്റേഷനുകളിൽ മാത്രമാണ് ട്രെയിനിന് സ്റ്റോപ്പുകൾ ഉണ്ടാകുക.
ടിക്കറ്റ് നിരക്ക് എത്രയാണെന്ന് അറിയണ്ടേ?
ഇത്രയും സൗകര്യങ്ങൾ ഉണ്ടാകുമ്പോൾ ടിക്ക് പൈസ കീശ കാലയാക്കുമെന്നാണോ ചിന്ത? ഒരിക്കലുമില്ല. ത്രീടയർ എസിക്ക് 2000 രൂപയും 2 ടയർ എസിക്ക് 2500 രൂപയും ഫസ്റ്റ് ക്ലാസ് എസിക്ക് 3000 രൂപയുമാകും ടിക്കറ്റ് തുക.












Click it and Unblock the Notifications