വന്ദേഭാരത് എണ്ണം കൂട്ടുന്നു; അമൃത ഭാരത് ട്രെയിനുകളും, സ്ലീപ്പര്‍ കോച്ചുകള്‍ 24 ആക്കി ഉയര്‍ത്തും
ന്യൂഡല്‍ഹി: വന്ദേഭാരത് എക്‌സ്പ്രസുകളുടെ എണ്ണം കൂട്ടാന്‍ റെയില്‍വെ മന്ത്രാലയത്തിന്റെ തീരുമാനം. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളും വന്ദേഭാരത് ചെയര്‍ ട്രെയിനുകളും കൂടുതലായി ഇനിയുമെത്തും. കൂടാതെ, അമൃത ഭാരത്, നമോ ഭാരത് ട്രെയിനുകളും എണ്ണം വര്‍ധിപ്പിക്കാനാണ് പദ്ധതി. 2026-27 സാമ്പത്തിക വര്‍ഷം ഇതെല്ലാം നടപ്പാകുമെന്ന് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് പറയുന്നു.
വന്ദേഭാരത് ഉള്‍പ്പെടെയുള്ള ട്രെയിനുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. 17000 കോച്ചുകളാണ് നിര്‍മിക്കുന്നത്. ഘട്ടങ്ങളായി ഇവ സര്‍വീസിന് ഉപയോഗിക്കും. റെയില്‍വെയുടെ മൂലധന ചെലവുകള്‍ക്കായി കേന്ദ്ര ബജറ്റില്‍ 293030 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. റെയില്‍വെ ഇന്നുവരെ അനുവദിച്ചതില്‍ ഏറ്റവും വലിയ തുകയാണിത്.

അതിവേഗമുള്ള പാത ഒരുക്കാനും കൂടുതല്‍ സൗകര്യമുള്ള കോച്ചുകള്‍ നിര്‍മിക്കാനുമാണ് റെയില്‍വെ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ഊന്നല്‍ നല്‍കുക. നമോ ഭാരത്, വന്ദേഭാരത് ട്രെയിനുകള്‍ സര്‍വീസ് തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. വന്ദേഭാരത് സ്ലീപ്പര്‍ ഈ വര്‍ഷമാണ് ഇറക്കിയത്. 16 കോച്ചുകളാണ് ഇതിനുള്ളത്. എന്നാല്‍ കോച്ചുകള്‍ 24 ആക്കി ഉയര്‍ത്താനാണ് തീരുമാനം.
അസമില്‍ നിന്ന് ബംഗാളിലേക്ക് ആണ് വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് തുടങ്ങിയത്. ഇതില്‍ 16 കോച്ചുകളാണുള്ളത്. 24 കോച്ചുകളുള്ള ട്രെയിനിന്റെ നിര്‍മാണം ചെന്നൈയിലെ ഐസിഎഫില്‍ പുരോഗമിക്കുകയാണ്. 50 റേക്കുകളാണ് ഇവിടെ നിര്‍മാണിത്തിലുള്ളത്. ഇവ തയ്യാറാകുന്ന മുറയ്ക്ക് ഘട്ടങ്ങളായി സര്‍വീസ് തുടങ്ങും. കേരളവും വന്ദേഭാരത് സ്ലീപ്പര്‍ പ്രതീക്ഷിച്ചിരിക്കുകയാണ്.
നിലവില്‍ രാജ്യത്ത് 150ല്‍ അധികം വന്ദേഭാരത് എക്‌സ്പ്രസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ഉത്തര്‍ പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍. കേരളത്തില്‍ മൂന്ന് സര്‍വീസുകളാണുള്ളത്. കൂടുതല്‍ വന്ദേഭാരത് എത്തുമെന്ന വിവരം അതുകൊണ്ടുതന്നെ കേരളത്തിന് പ്രതീക്ഷ നല്‍കുന്നതാണ്.
7 അതിവേഗ റെയില്‍ ഇടനാഴി
ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റിലെ സുപ്രധാന പ്രഖ്യാപനമായിരുന്നു അതിവേഗ റെയില്‍ ഇടനാഴി. ഏഴ് ഇടനാഴിയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്. തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഇടനാഴി വരിക. യാത്രാ സമയം വലിയ തോതില്‍ കുറയാന്‍ സഹായിക്കുന്നതായിരിക്കും ഈ പാതകള്‍.
ചെന്നൈ-ഹൈദരാബാദ്, പൂനെ-ഹൈദരാബാദ്, മുംബൈ-പൂനെ, ബെംഗളൂരു-ചെന്നൈ, ബെംഗളൂരു-ഹൈദരാബാദ്, ഡല്‍ഹി-വരാണസി, വരാണസി-സിലിഗുരി എന്നിവയാണ് ഏഴ് പാതകള്‍. വന്‍കിട, ഐടി നഗരങ്ങളെ ബന്ധിപ്പിച്ചാണ് അതിവേഗ റെയില്‍ ഇടനാഴി. ജനങ്ങള്‍ക്ക് ജോലി അവസരം വര്‍ധിക്കാനും ബിസിനസ് ശക്തിപ്പെടാനും ഇത് വഴിയൊരുക്കും.












Click it and Unblock the Notifications