10 വന്ദേഭാരത് സ്ലീപര്‍ ട്രെയിനുകള്‍ വരുന്നു; ഇ-കൊമേഴ്‌സ് പാര്‍സല്‍ സര്‍വീസും, മറ്റു തീവണ്ടികള്‍ ഒഴിവാക്കുമോ
വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളിലൂടെ ലാഭം കൊയ്യാന്‍ റെയില്‍വെ മന്ത്രാലയം. 130ലധികം വന്ദേഭാരത് ട്രെയിനുകളാണ് നിലവില്‍ രാജ്യത്ത് സര്‍വീസ് നടത്തുന്നത്. കൂടുതല്‍ സര്‍വീസ് ആരംഭിച്ചത് നടപ്പ് സാമ്പത്തിക വര്‍ഷമാണ്. ഇവയില്‍ 90 ശതമാനവും നേട്ടമാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വന്ദേഭാരത് ട്രെയിനുകള്‍ക്ക് വേണ്ടി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നു എന്ന ആക്ഷേപവും ശക്തമാണ്.
വന്ദേഭാരത് സംബന്ധിച്ച രണ്ട് പുതിയ വിവരങ്ങളാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. പാര്‍സല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നു എന്നതാണ് ഒരു വിവരം. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുടെ പാര്‍സലുകള്‍ ലക്ഷ്യമിട്ടാണ് ഈ നീക്കം. നിലവില്‍ റോഡ്, വിമാന മാര്‍ഗമാണ് ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പാര്‍സല്‍ കൈമാറ്റം ചെയ്യപ്പെടുന്നത്.

നിലവിലുള്ള വന്ദേഭാരത് എക്‌സ്പ്രസുകള്‍ക്കൊപ്പം പ്രത്യേക ബോഗി പാര്‍സല്‍ സര്‍വീസുകള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയാണോ അതോ പ്രത്യേക പാര്‍സല്‍ ട്രെയിന്‍ തുടങ്ങുമോ എന്ന കാര്യം വ്യക്തമല്ല. മുംബൈ-അഹമ്മദാബാദ് റൂട്ടില്‍ അതിവേഗ ട്രെയിന്‍ വൈകാതെ ആരംഭിക്കും. ശേഷമായിരിക്കും പാര്‍സല്‍ ട്രെയിന്‍ സംബന്ധിച്ച നടപടികളുണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിവേഗം പാര്‍സല്‍ എത്തിക്കാനുള്ള സൗകര്യം ലഭിച്ചാല്‍ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ അവ ഉപയോഗപ്പെടുത്തുമെന്നാണ് റെയില്‍വെയുടെ പ്രതീക്ഷ. അതേസമയം, വന്ദേഭാരത് സ്ലീപര്‍ ട്രെയിനുകളുടെ സര്‍വീസ് കൂട്ടുമെന്നാണ് മറ്റൊരു വിവരം. ഡല്‍ഹി-ശ്രീനഗര്‍ റൂട്ടിലായിരിക്കും ആദ്യ സ്ലീപ്പര്‍. ജനുവരി 26ന് സര്‍വീസ് ആരംഭിച്ചേക്കും. കൂടുതല്‍ സംസ്ഥാനങ്ങള്‍ സ്ലീപര്‍ ട്രെയിനുകള്‍ ആവശ്യപ്പെടുന്നുണ്ട്.
ഈ സാഹചര്യത്തില്‍ 10 വന്ദേഭാരത് സ്ലീപര്‍ ട്രെയിനുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഇക്കാര്യം റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് ലോക്‌സഭയെ അറിയിച്ചു. ദീര്‍ഘദൂര യാത്രയ്ക്ക് വേണ്ടിയാണ് സ്ലീപര്‍ സര്‍വീസ് ആരംഭിക്കുക. രാത്രി സമയങ്ങള്‍ കൂടി ഉള്‍പ്പെടുന്ന രീതിയിലാകും യാത്ര. അതുകൊണ്ടാണ് കിടന്ന് പോകാനുള്ള ട്രെയിന്‍ ആരംഭിക്കുന്നത്.
8, 16, 20 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനുകളാണ് നിലവില്‍ സര്‍വീസ് നടത്തുന്നത്. ഇനി 24 ബോഗികളുള്ള വന്ദേഭാരതും വൈകാതെ എത്തും. മാത്രമല്ല, വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യും. ഇന്റര്‍സിറ്റി മോഡലില്‍ ചെറുനഗരങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസുകളും വരും. ഇതോടെ നിലവില്‍ ഈ റൂട്ടിലോടുള്ള ട്രെയിനുകള്‍ക്ക് എന്തു സംഭവിക്കുമെന്ന് വ്യക്തമല്ല.
നിലവില്‍ കേരളത്തില്‍ ഒരു കൈവിരലില്‍ എണ്ണാവുന്ന വന്ദേഭാരത് എക്‌സ്പ്രസുകളേ സര്‍വീസ് നടത്തുന്നുള്ളൂ. അപ്പോള്‍ തന്നെ നിരവധി മറ്റു ട്രെയിനുകള്‍ വൈകി ഓടുന്നു എന്ന ആക്ഷേപമുണ്ട്. ഇനി വന്ദേഭാരത് എണ്ണം കൂട്ടിയാല്‍ ഈ പരാതി ഉയരാനാണ് സാധ്യത. ഈ വെല്ലുവിളി റെയില്‍വെ എങ്ങനെ നേരിടുമെന്നത് കൂടി കണ്ടറിയണം. യാത്രക്കാര്‍ കുറവുള്ള വന്ദേഭാരത് സര്‍വീസ് പുനഃക്രമീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications