ബെംഗളൂരിലേക്ക് രണ്ടാമതൊരു വന്ദേഭാരത് സ്ലീപ്പർ കൂടി; വീണ്ടും ലോട്ടറി.. റൂട്ട് ഇങ്ങനെ
ഏറെ കാത്തിരിപ്പിനൊടുവിൽ ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ എത്തിയതിൻ്റെ ആവേശത്തിലാണ് യാത്രക്കാർ. നവംബർ ഒന്നിനാണ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്. 3 മുതൽ വാണിജ്യാടിസ്ഥാനത്തിലുള്ള യാത്രയും ആരംഭിച്ചു.
ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സ്ലീപ്പറാണിത്. മറ്റ് ട്രെയിനുകൾ 22 മണിക്കൂർ വരെയാണ് സമയമെടുക്കുമ്പോൾ ബെംഗളൂരിനും മുംബൈയ്ക്കുമിടയിൽ വെറും 16 മണിക്കൂർ കൊണ്ടാണ് വന്ദേഭാരത് സ്ലീപ്പർ യാത്ര പൂർത്തിയാക്കുന്നത്..രാത്രി 8.10 നാണ് മുംബൈയിൽ നിന്നും സ്ലീപ്പർ പുറപ്പെടുക. അടുത്ത ദിവസം രാവിലെ 12ന് മുംബൈ ഛത്രപതി ശിവാജി ടെർമിനലിൽ എത്തിച്ചേരും. ബെംഗളൂരിൽ നിന്നും രാത്രി 7.45ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 11.55ന് മുംബൈ ഛത്രപതി ശിവാജി ടെർമിനലിൽ എത്തും.

ധർമാവരം, അനന്തപൂർ, ഗുണ്ടക്കൽ, റായിച്ചൂർ, യാദ്ഗിർ, വാടി, കലബുറഗി, സോലാപൂർ, പുണെ, കല്യാൺ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. അതേസമയം വൈകാതെ തന്നെ ബെംഗളൂരു-മുംബൈ റൂട്ടിൽ മറ്റൊരു വന്ദേഭാരത് സ്ലീപ്പർ കൂടി എത്തും എന്നാണ് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരിക്കുന്നത്. നോർത്ത് കർണാടകയുമായി ബന്ധിപ്പിച്ച് ഹുബ്ബള്ളി വഴിയായിരിക്കും ട്രെയിൻ സർവ്വീസ് നടത്തുകയെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ എച്ച്ഡി കുമാരസ്വാമി , പ്രഹ്ളാദ് ജോഷി, സോമണ്ണ എന്നിവരുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് റൂട്ട് നിശ്ചയിച്ചതെന്നും മന്ത്രി പറഞ്ഞു.
ആദ്യ വന്ദേഭാരത് സ്ലീപ്പർ പൂനെ, മിറാജ്, ഹുബ്ബള്ളി റൂട്ട് വഴി സർവ്വീസ് നടത്തണമെന്ന് ആവശ്യം നേരത്തേ യാത്രക്കാർ ഉയർത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വെസ്റ്റേണ്‍ മഹാരാഷ്ട്ര റെയിൽവെ പ്രവാസി ഗ്രൂപ്പ് മുൻ റെയിൽവെ മന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. സോലാപൂർ-ഗുണ്ടകൽ റൂട്ടിൽ ഇതിനോടകം തന്നെ ധാരാളം ട്രെയിനുകൾ സർവ്വീസ് നടത്തുന്നുണ്ട്. എന്നാൽ സംഗ്ലി-ബെൽഗാവി ലൈനിൽ ട്രെയിൻ സർവ്വീസുകൾ വളരെ കുറവാണെന്നാണ് ഇവർ പരാതി ഉയർത്തിയത്. സംഗ്ലി-ബെലഗാവി-ധഡവാഡ്-ഹുബ്ബള്ളി-തുംകൂർ എന്നിവ കൃഷി, വ്യവസായം, വിദ്യാഭ്യാസം ,ആരോഗ്യമേഖല എന്നിവ ഉൾപ്പെടുന്ന ഒരു ഇൻഡസ്ട്രിയൽ ബെൽട്ടാണ്. അതുകൊണ്ട് തന്നെ വന്ദേഭാരത് സ്ലീപ്പർ അനുവദിക്കുന്നത് നിരവധി യാത്രക്കാർക്ക് ഉപകാരമാകുമെന്നും വടക്കൻ മഹാരാഷ്ട്രയിലേക്കും പടിഞ്ഞാറൻ മഹാരാഷ്ട്രയിലേക്കുമുള്ള യാത്ര കൂടുതൽ എളുപ്പത്തിലുള്ളതാക്കുമെന്നും
ഗ്രൂപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.
എന്തായാലും വൈകാതെ തന്നെ ആ ആവശ്യവും പരിഗണിക്കപ്പെടുമെന്ന ഉറപ്പ് റെയിൽവെ മന്ത്രിയിൽ നിന്നും ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് യാത്രക്കാർ. എന്നാൽ ട്രെയിൻ എപ്പോൾ സർവ്വീസ് ആരംഭിക്കുമെന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ ഇതുവരേയും പുറത്തുവന്നിട്ടില്ല.
കേരളവും പ്രതീക്ഷയിൽ
രാജ്യത്ത് ഇതുവരെ മൂന്ന് വന്ദേഭാരത് സ്ലീപ്പറുകളാണ് സർവ്വീസ് നടത്തുന്നത്. ആദ്യ സർവ്വീസ് ബംഗാൾ-അസം റൂട്ടിലാണ് ആരംഭിച്ചത്. രണ്ടാം സർവ്വീസ് ഡൽഹി-വാരണാസി റൂട്ടിലും മൂന്നാം സർവ്വീസ് ബെംഗളൂരു-മുംബൈ റൂട്ടിലും. നേരത്തേ കേരളത്തിലും ബെംഗളൂരിനെ ബന്ധിപ്പിച്ച് ഒരു സ്ലീപ്പർ ലഭിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. ഇതിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ മലയാളികൾ.


Click it and Unblock the Notifications
