വന്ദേഭാരത് സ്ലീപ്പർ ഒന്നും രണ്ടുമല്ല, വരുന്നത് 50 എണ്ണം; കേരളത്തിന് എത്ര? റൂട്ടും സമയവും സാധ്യത
കുറഞ്ഞ സമയത്തിനുള്ളിൽ സുഖകരമായ യാത്രയൊരുക്കുന്ന വന്ദേഭാരത് സർവ്വീസുകൾക്ക് രാജ്യത്ത് വലിയ സ്വീകാര്യതയാണ് ഉള്ളത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ കൂടുതൽ റൂട്ടുകളിലേക്ക് സർവ്വീസുകൾ വേണമെന്ന ആവശ്യം ഉയർത്തിയിട്ടുണ്ട്. അതേസമയം ചെയർ കാറുകൾ കൂടാതെ വന്ദേഭാരത് സ്ലീപ്പർ സർവ്വീസുകൾ കൂടി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റെയിൽവെ.
നിലവിൽ ചെന്നൈയിലെ കോച്ച് ഫാക്ടറിയിൽ 10 സ്ലീപ്പർ ട്രെയിനുകൾ ഒരുങ്ങുന്നുണ്ട്. ഇതിന് പുറമെ 50 പുതിയ സർവ്വീസുകൾ കൂടി റെയിൽവെ അവതരിപ്പിക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

ആദ്യ സ്ലീപ്പർ കേരളത്തിന്
വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ആദ്യം കേരളത്തിനായിരിക്കും ലഭിക്കുകയെന്ന റിപ്പോർട്ട് നേരത്തേ തന്നെ പുറത്തുവന്നിരുന്നു. രണ്ട് സർവ്വീസുകളായിരിക്കും കേരളത്തിന് ലഭിക്കുകയെന്നാണ് സൂചന. ഒരു സർവ്വീസ് തിരുവനന്തപുരം-ബെംഗളൂരു റൂട്ടിലും മറ്റൊരു സർവ്വീസ് തിരുവനന്തപുരം-മംഗലാപുരം റൂട്ടിലുമായിരിക്കും സർവ്വീസ് നടത്തുക.
നിലവിൽ രണ്ട് വന്ദേഭാരത് സർവ്വീസുകൾ
തിരുവനന്തപുരം - കാസർഗോഡ് വന്ദേഭാരത് (20633/20634) ആണ് കേരളത്തിന് ആദ്യം ലഭിച്ച സർവ്വീസ്. 8 മണിക്കൂർ കൊണ്ടാണ് തലസ്ഥാനത്ത് നിന്ന് കാസർഗോഡേക്ക് ട്രെയിൻ എത്തുക. മറ്റൊരു സർവ്വീസ് മംഗളൂരു - തിരുവനന്തപുരം വന്ദേഭാരത് (20631/20632) ആണ്. മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 9 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്തുന്നതാണ് സർവീസ്.
തിരുവനന്തപുരം-ബെംഗളൂരു സ്ലീപ്പർ
തിരുവനന്തപുരത്ത് നിന്ന് രാത്രി 7.30 ന് പുറപ്പെട്ട് കോട്ടയം വഴി ബെംഗളൂരുവിൽ എത്തിച്ചേരുന്ന രീതിയിലായിരിക്കും സർവ്വീസ്. സ്ലീപ്പർ സർവ്വീസിന് 7 സ്റ്റേഷനുകൾ ഉണ്ടായിരിക്കും. നേരത്തേ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സ്പെഷ്യൽ സർവ്വീസ് നടത്തിയിരുന്നു. അന്ന് കേരളത്തിൽ നാല് സ്റ്റോപ്പുകളാണ് ഉണ്ടായിരുന്നത്. ഇതിനൊപ്പം മൂന്ന് സ്റ്റേഷനുകൾ കൂടി ചേർത്തേക്കും എന്നാണ് സൂചന. വന്ദേഭാരത് എക്സ്പ്രസുകളുടെ വേഗത തന്നെ സ്ലീപ്പർ ട്രെയിനിനും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കിൽ തിരുവനന്തപുരത്ത് നിന്ന് 3.15 മണിക്കൂർ കൊണ്ട് എറണാകുളത്ത് എത്താൻ സാധിക്കും. രാവിലെ 8.30യോടെയാകും ബെംഗളൂരുവിൽ എത്തിച്ചേരുക.
എറണാകുളം-ബെംഗളൂരു സ്പെഷ്യൽ സർവ്വീസിന് തന്നെ യാത്രക്കാർക്കിടയിൽ വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. ബെംഗളൂരുവിലെ ഐടി പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും സഞ്ചാരികൾക്കും വലിയ ഉപകാരപ്രദമായിരുന്നു സർവ്വീസ്. സ്ലീപ്പർ സർവ്വീസ് എത്തുന്നത് ആയിരക്കണക്കിന് പേർക്കാണ് ആശ്വാസമാകുക.
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരത് സ്ലീപ്പർ
നിലവിലെ വന്ദേഭാരത് എക്സ്പ്രസിന് 10 സ്റ്റേഷനുകളാണ് ഉള്ളത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ ജങ്ഷൻ, കോഴിക്കോട്, കണ്ണൂർ , കാസർഗോഡ്, മംഗളൂരു എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. 8.45 മണിക്കൂർ കൊണ്ടാണ് മംഗളൂരുവിൽ എത്തുക. സ്ലീപ്പർ ട്രെയിനും ഇതേ വേഗതയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ 10 സ്റ്റോപ്പുകൾ അനുവദിക്കുമോയെന്നത് വ്യക്തമല്ല.
50 സ്ലീപ്പർ സർവ്വീസുകളിൽ കന്യാകുമാരി-ശ്രീനഗർ സ്ലീപ്പർ?
കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് വന്ദേഭാരത് എത്തുമോ? പുതിയ സ്ലീപ്പർ സർവ്വീസുകളിൽ ഒന്ന് ഈ റൂട്ടിലാണെന്നാണ് റിപ്പോർട്ട്. ഏറ്റവും ദൈർഘ്യമേറിയ സർവ്വീസുകളിലൊന്നായിരിക്കും ഇത്. 3 ദിവസം കൊണ്ട് 12 സംസ്ഥാനങ്ങൾ കടന്നാകും യാത്ര.
അതിവേഗതയിൽ സുഖയാത്ര
കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താം എന്നതാണ് വന്ദേഭാരത് ട്രെയിനുകളുടെ പ്രത്യേകത. നിലവിലെ വന്ദേഭാരത് സർവ്വീസുകൾ 130 കിമി വേഗതിയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്. സ്ലീപ്പർ ട്രെയിനുകൾ 160 കിമി വേഗത്തിലായിരിക്കും സഞ്ചരിക്കുക. ഇത്ര വേഗതയിലും സുഖമമായ യാത്ര ഒരുക്കാൻ പ്രത്യേകം സ്ലീപ്പർ ബെർത്തുകൾ തന്നെ റെയിൽവെ സജ്ജമാക്കിയിട്ടുണ്ട്. 16 കോച്ചുകളായിരിക്കും ട്രെയിനിന് ഉണ്ടാകുക. 1128 പേർക്കാണ് യാത്ര നടത്താനാകുക. 2026-27 ഓടെയായിരിക്കും 50 വന്ദേഭാരത് സ്ലീപ്പറുകൾ ട്രാക്കിലിറക്കുക.












Click it and Unblock the Notifications