വിമാന സമാനമായ യാത്ര, അതും പകുതി പണം മതി..വന്ദേഭാരത് സ്ലീപ്പർ ആദ്യ ട്രെയിനിലൊന്ന് കേരളത്തിനും?
ഹൗറ-ഗുവാഹത്തി റൂട്ടിലാണ് രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവ്വാസ് നടത്തുക. ദീർഘകാലമായി കാത്തിരുന്ന ഈ അർദ്ധ അതിവേഗ സർവീസ് മേഖലയിലെ ടൂറിസത്തിന് വലിയ ഉത്തേജനമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 966 കിലോമീറ്റർ ദൂരമുള്ള റൂട്ടിൽ 16 മണിക്കൂറിലധികം സമയമെടുക്കുന്ന സരായിഘട്ട് എക്സ്പ്രസാണ് നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ. വന്ദേ ഭാരത് സ്ലീപ്പർ വരുന്നതോടെ യാത്രാ സമയം ഏകദേശം 14 മണിക്കൂറായി ചുരുങ്ങും, അതായത് 3 മണിക്കൂർ നേരത്തേയെത്താം.
വന്ദേഭാരത് എക്സ്പ്രസുകളുടെ വേഗത മണിക്കൂറിൽ 160 കിമിയാണ്. എന്നാൽ വന്ദേഭാരത് സ്ലീപ്പർ സർവ്വീസുകളുടെ വേഗത മണിക്കൂറിൽ 180 കിമിയാണ്. പരീക്ഷണ ഓട്ടത്തിൽ ട്രെയിൻ ഈ വേഗതകൈവരിച്ചതായി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. ആഴ്ചയിൽ ആറ് ദിവസമായിരിക്കും വന്ദേഭാരത് സ്ലീപ്പർ സർവ്വീസ് നടത്തുക.

കൊൽക്കത്തയെയും ഗുവാഹത്തിയെയും ബന്ധിപ്പിച്ച് കഞ്ചൻജംഗ, സൈരംഗ്, സരായിഘട്ട്, കാമരൂപ്, അഗർത്തല ഗരീബ് രഥ്, കാസിരംഗ, ഗരീബ് രഥ് എന്നിവയുൾപ്പെടെ ഏഴ് ട്രെയിനുകൾ നിലവിൽ സർവീസ് നടത്തുന്നുണ്ട്. ഇവയ്ക്ക് 16 മണിക്കൂർ 53 മിനിറ്റ് മുതൽ 20 മണിക്കൂർ വരെയാണ് യാത്രാ സമയം വരുന്നത്.
16 കോച്ചുകളുള്ള ട്രെയിനിന് 823 യാത്രക്കാരെ ഉൾക്കൊള്ളാനാകും. 11 3-ടിയർ (611 പേർ), 4 2-ടിയർ (188 പേർ), ഒരു ഫസ്റ്റ് എസി (24 പേർ) എന്നിങ്ങനെയാണ് കോച്ചുകളും ശേഷിയും.
കേരളത്തിന് എന്ന്
രാജ്യത്തുടനീളം വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കുമെന്നാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്. ഏകദേശം 1,500 കിലോമീറ്റർ ദൂരമുള്ള രാത്രിയാത്രകൾക്കായിരിക്കും ഇവ പ്രധാനമായും ഉപയോഗിക്കുക. കേരളത്തിനും ആദ്യ ഘട്ടത്തിൽ തന്നെ വന്ദേഭാരത് സ്ലീപ്പർ ലഭിച്ചാൽ അത്ഭുതപ്പെടാനില്ല. കാരണം ഈ വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രണ്ട് സംസ്ഥാനങ്ങളാണ് ബംഗാളും അസമും. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഈ രണ്ട് സംസ്ഥാനങ്ങളേയും ബന്ധിപ്പിച്ചുകൊണ്ട് കേന്ദ്രസർക്കാർ ആദ്യ സ്ലീപ്പർ പ്രഖ്യാപിച്ചത്. കേരളവും ഈ വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമാണ്. മാത്രമല്ല ബി.ജെ.പി വലിയ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനവും.
കേരള ചരിത്രത്തിൽ ആദ്യമായി തിരുവനന്തപുരം കോർപറേഷൻ പിടിച്ചതിൻ്റെ ആവേശം ബിജെപി ക്യാമ്പിനുണ്ട്. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ സ്ഥാനാർത്ഥികളെ നിർണയിച്ച് പ്രവർത്തനം വേഗത്തിലാക്കാനുള്ള ഒരുക്കത്തിലാണ് ബി ജെ പി. അതുകൊണ്ട് തന്നെ കേരളം പോലൊരു സംസ്ഥാനത്ത് വന്ദേഭാരത് പോലുള്ള തുറുപ്പുകളും ബിജെപി പ്രയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
അത്യാധുനിക സംവിധാനങ്ങൾ
യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യങ്ങൾക്കും മുൻഗണന നൽകിയാണ് ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സിസിടിവി ക്യാമറകൾ, കവച് സുരക്ഷാ സംവിധാനം എർഗണോമിക് കുഷ്യൻ ബെർത്തുകൾ, ഓട്ടോമാറ്റിക് വാതിലുകൾ, മികച്ച സസ്പെൻഷൻ, ശബ്ദം കുറയ്ക്കൽ, കവച് സുരക്ഷാ സംവിധാനം, എമർജൻസി ടോക്ക്-ബാക്ക് സിസ്റ്റം, ഡിസിൻഫെക്റ്റന്റ് സാങ്കേതികവിദ്യ, നൂതന ഡ്രൈവർ ക്യാബ്, എയറോഡൈനാമിക് രൂപകൽപ്പന, ഓട്ടോമാറ്റിക് എക്സ്റ്റീരിയർ ഡോറുകൾ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളാണ് ട്രെയിനിൽ ഒരുക്കിയിരിക്കുന്നത്.












Click it and Unblock the Notifications