വന്ദേ ഭാരത് സ്ലീപ്പര്‍, അമൃത് ഭാരത് എസി; പുതുവര്‍ഷത്തില്‍ യാത്രക്കാര്‍ക്കുള്ള റെയില്‍വേയുടെ പദ്ധതികള്‍

സമീപ വര്‍ഷങ്ങളിലായി ഇന്ത്യന്‍ റെയില്‍വേ വികസനത്തില്‍ വലിയ കുതിപ്പാണ് നടത്തുന്നത്. പ്രതിദിനം ലക്ഷക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന ഇന്ത്യന്‍ റെയില്‍വേയില്‍ ഓരോ ദിവസവും കാലത്തിന് അനുസൃതമായ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. ദീര്‍ഘദൂര യാത്രയ്ക്ക് പ്രീമിയം യാത്ര വാഗ്ദാനം ചെയ്യുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന്റെ വരവാണ് റെയില്‍വേയുടെ മുഖച്ഛായ മാറ്റുന്നതില്‍ വലിയ പങ്കുവഹിച്ചത്.

റെയില്‍വേ വാഗ്ദാനം ചെയ്യുന്ന പ്രീമിയം യാത്രകള്‍ക്ക് വലിയ സ്വീകാര്യതയാണ് യാത്രക്കാരില്‍ നിന്ന് ലഭിക്കുന്നത്. 2019-ല്‍ ആരംഭിച്ച് ഇത്രയും നാള്‍ വന്ദേ ഭാരത് എക്‌സ്പ്രസ് പകല്‍ മാത്രമായിരുന്നു സര്‍വീസ് നടത്തിയിരുന്നതെങ്കില്‍ ഇനി വരാന്‍ പോകുന്നത് രാത്രി സര്‍വീസും വാഗ്ദാനം ചെയ്യുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളാണ്. ഈ ട്രെയിനുകള്‍ ഇപ്പോള്‍ നിര്‍മാണ സ്ഥലമായ ബെംഗളൂരുവില്‍ പരീക്ഷണ ഓട്ടത്തിന്റെ അന്തിമ ഘട്ടത്തിലാണ്.

വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസുകള്‍ വൈകാതെ തന്നെ ആരംഭിക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍. ഇതുകൂടാതെ കൂടുതല്‍ അമൃത് ഭാരത് എക്‌സ്പ്രസുകള്‍, നമോ ഭാരത് ട്രെയിനുകള്‍, ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ബുള്ളറ്റ് ട്രെയിന്‍ എന്നിവ അടുത്ത വര്‍ഷത്തോടെ യാത്രക്കാര്‍ക്ക് ലഭ്യമാക്കാനാണ് റെയില്‍വേയുടെ പദ്ധതി. ഹൈഡ്രജന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ട്രെയിനും പരീക്ഷണ ഓട്ടത്തിനായി ഒരുങ്ങുകയാണ്.

Vande Bharat

ട്രെയിന്‍ യാത്രക്കാര്‍ക്കുള്ള റെയില്‍വേയുടെ പദ്ധതികള്‍

രാജധാനി എക്‌സ്പ്രസിനെക്കാള്‍ മികച്ച രാത്രികാല യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് 200 എണ്ണം അവതരിപ്പിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ഓരോ റേക്കിലും 16 കോച്ചുകളാണ് ഉള്‍പ്പെടുന്നത്. 11 എസി 3-ടയര്‍, 4 എസി 3-ടയര്‍, 1 എസി ഫസ്റ്റ് ക്ലാസ് എന്നിവ അടങ്ങുന്നതാണ് കോച്ചുകള്‍. പരീക്ഷണ ഓട്ടത്തില്‍ 180 കിലോമീറ്റര്‍ വേഗത കൈവരിച്ചെങ്കിലും 160 കിലോമീറ്ററാണ് പരമാവധി വേഗം.

ആഡംബര യാത്ര വാഗ്ദാനം ചെയ്യുന്ന ഇന്റീരിയറാണ് ട്രെയിനില്‍ ഉള്ളത്. മികച്ച കുഷ്യന്‍ ബര്‍ത്തുകള്‍, ബയോ വാക്വം ടോയ്‌ലറ്റുകള്‍, ബേബി കെയര്‍ സ്റ്റേഷനുകള്‍, രാത്രി യാത്രയ്ക്ക് അനുയോജ്യമായ ലൈറ്റിങ് സംവിധാനം, ചാര്‍ജിങ് പോര്‍ട്ടുകള്‍, മടക്കി ഉപയോഗിക്കാവുന്ന ലഘുഭക്ഷണ ടേബിളുകള്‍, വിഷ്വല്‍ ഡിസ്‌പ്ലേകളുള്ള ഓട്ടോമേറ്റഡ് അനൗണ്‍സ്‌മെന്റുകള്‍, മുഴുവന്‍ സമയ സിസിടിവി നിരീക്ഷണം, മോഡുലാര്‍ പാന്‍ട്രി യൂണിറ്റുകള്‍, ചൂടുവെള്ളത്തിലുള്ള കുളി സാധ്യമാകുന്ന ഫസ്റ്റ് ക്ലാസ് ഷവറുകള്‍, ഓട്ടോമാറ്റിക് വാതിലുകള്‍, പൂര്‍ണമായും സീല്‍ ചെയ്ത ഗ്യാങ്‌വേകള്‍, ട്രെയിനുകളുടെ കൂട്ടിയിടി തടയുന്ന കവച് സുരക്ഷാ സംവിധാനം എന്നിവയാണ് വന്ദേ ഭാരത് സ്ലീപ്പറിന്റെ സവിശേഷതകളില്‍ ചിലത്.

വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ നിര്‍മ്മാണ ചുമതലയുള്ള ഭാരത് മൂവേഴ്‌സ് ലിമിറ്റഡ് ഇതിനകം രണ്ട് റേക്കുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പൂര്‍ത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞെങ്കിലും അവസാനഘട്ട ജോലികള്‍ മാത്രമാണ് ബാക്കിയുള്ളത്. ഡിസംബറില്‍ ട്രെയിനുകള്‍ അവതരിപ്പിക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ഇതുകൂടാതെ കൂടുതല്‍ സൗകര്യങ്ങളുള്ള 24 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പര്‍ പതിപ്പും ഐസിഎഫ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

വന്ദേ ഭാരത് സ്ലീപ്പര്‍ ആഡംബര യാത്രയാണ് വാഗ്ദാനം ചെയ്യുന്നതെങ്കില്‍ സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ മികച്ച യാത്രാനുഭവം നല്‍കാന്‍ 2023-ല്‍ ആരംഭിച്ച ട്രെയിന്‍ ആണ് അമൃത് ഭാരത് ട്രെയിനുകള്‍. ഇതിന്റെ നവീകരിച്ച പതിപ്പായ അമൃത് ഭാരത് 2.0 വിഭാഗത്തില്‍ വരുന്ന 100 ട്രെയിനുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വരെയാണ് വേഗത. പുഷ്പുള്‍ സാങ്കേതിക വിധിയിലാണ് ഈ ട്രെയിനുകള്‍ പ്രവര്‍ത്തിക്കുന്നത്. എസി ഇല്ലെങ്കിലും മികച്ച ഇന്റീരിയറാണ് ഈ അമൃത് ഭാരതിനുള്ളത്.

മടക്കാവുന്ന ടേബിളുകള്‍, മികച്ച സീറ്റും ബെര്‍ത്തും, സ്ട്രീംലൈന്‍ ചെയ്ത എല്‍ഇഡി ലൈറ്റ്, മൊബൈല്‍ ഹോള്‍ഡറുകള്‍, ചാര്‍ജിങ് പോര്‍ട്ടറുകള്‍, ബയോ വാക്വം ടോയ്ലറ്റുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആധുനിക സംവിധാനങ്ങള്‍ അമൃത ഭാരത് എക്‌സ്പ്രസിലും ഉണ്ട്. അമൃത് ഭാരത് 3.0 പതിപ്പില്‍ എസി കോച്ചുകള്‍ അവതരിപ്പിക്കും

ഇന്റര്‍സിറ്റി യാത്രക്കായി രൂപകല്‍പ്പന ചെയ്ത നമോഭാരത് ട്രെയിനുകള്‍ കൂടുതല്‍ പുറത്തിറക്കും. 130 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ഈ ട്രെയിനില്‍ നിരവധി സവിശേഷതകള്‍ ഉണ്ട്. പൂര്‍ണമായും എസി കോച്ചുകള്‍, ഓട്ടോമാറ്റിക് പ്ലഗ് വാതിലുകള്‍, ബെഞ്ച്-സ്‌റ്റൈല്‍ കുഷ്യന്‍ സീറ്റിങ്, യാത്രക്കാര്‍ക്കായി ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി പ്രത്യേകതകള്‍ ഈ ട്രെയിനുണ്ട്.

ബുള്ളറ്റ് ട്രെയിന്‍

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബുള്ളറ്റ് ട്രെയിനുകളുടെ പ്രോട്ടോടൈപ്പ് 2027 ന്റെ തുടക്കത്തോടെ പുറത്തിറക്കും. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയിലാണ് ഈ ട്രെയിന്‍ സഞ്ചരിക്കുന്നത്. ഡിസൈന്‍ ഘട്ടം ഏകദേശം പൂര്‍ത്തിയായി. പൂര്‍ണമായും എയര്‍ കണ്ടീഷന്‍ ചെയ്ത ഇന്റീരിയറുകള്‍ ഉള്‍പ്പെടെ അതിവേഗ യാത്രയ്ക്കുള്ള എല്ലാ സംവിധാനങ്ങളും
ബുള്ളറ്റ് ട്രെയിനിലുണ്ട്.

ഹൈഡ്രജന്‍ ട്രെയിന്‍

ഇന്ത്യന്‍ റെയില്‍വേ പരിസ്ഥിതിക്ക് ഇണങ്ങുന്ന ഹൈഡ്രജന്‍ ട്രെയിന്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഹരിയാനയിലെ ജിന്ദിനും സോണിപത്തിനും ഇടയില്‍ ഉടന്‍ പരീക്ഷണ ഓട്ടം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പ്രതീക്ഷിക്കുന്നു. 110 കിലോമീറ്ററാണ് വേഗം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+