വന്ദേഭാരത് സ്ലീപ്പര്‍ ഒന്നല്ല, ഈ മൂന്ന് റൂട്ടുകളില്‍; ഇനി രാത്രി യാത്രയ്ക്ക് വേഗത കൂടും, ആഡംബരവും
വന്ദേഭാരതിന്റെ പുതിയ ശ്രേണിയില്‍പ്പെട്ട വന്ദേഭാരത് സ്ലീപ്പറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സര്‍വീസ് തുടങ്ങാന്‍ പോകുന്ന വന്ദേഭാരത് സ്ലീപ്പറിന്റെ അകത്തള ദൃശ്യങ്ങള്‍ പുറത്തുവന്നു. വിശാലമായ സൗകര്യത്തോട് കൂടിയാണ് ട്രെയിന്‍. ദീര്‍ഘദൂരം, രാത്രി യാത്ര എന്നിവയാണ് വന്ദേഭാരത് സ്ലീപ്പറിന്റെ പ്രത്യേകത. വന്ദേഭാരത് എക്‌സ്പ്രസ് പകല്‍ മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്.
വന്ദേഭാരത് എക്‌സ്പ്രസില്‍ ചെയര്‍ കാറും, എക്‌സിക്യൂട്ടീവ് സീറ്റുമാണ് ഉള്ളത്. എന്നാല്‍ വന്ദേഭാരത് സ്ലീപ്പറില്‍ കിടന്ന് യാത്ര ചെയ്യാം. അതുകൊണ്ടാണ് ദീര്‍ഘദൂര സര്‍വീസിന് ഈ ട്രെയിന്‍ ഉപയോഗിക്കുക. 700 മുതല്‍ 1200 വരെ കിലോമീറ്റര്‍ ദൂരത്തിലുള്ള സര്‍വീസുകള്‍ ആയിരിക്കും സ്ലീപ്പര്‍ നടത്തുക. 16 കോച്ചുകളാണ് ഈ ട്രെയിനില്‍ പ്രതീക്ഷിക്കുന്നത്.

11 എസി 3 ടയര്‍ കോച്ചുകള്‍, 4 എസി 2 ടയര്‍ കോച്ചുകള്‍, 1 എസി ഫസ്റ്റ് ക്ലാസ് കോച്ച് എന്നിവയാണ് വന്ദേഭാരത് സ്ലീപ്പറിലുണ്ടാകുക. 1128 യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്നതാണ് ഈ ട്രെയിന്‍. 823 ബെര്‍ത്തുകളുണ്ടായിരിക്കും. 34 റെയില്‍വെ ജീവനക്കാര്‍ക്കും സഞ്ചരിക്കാം. എല്ലാ കോച്ചുകളും ശീതീകരിച്ചതാണ്. എല്ലാ ബോഗികളിലെ അകത്തളവും വിസ്തൃതി കൂടുതലാണ്.
എല്ലാ കോച്ചുകളിലും ഒന്നിലധികം റസ്റ്റ് റൂം ഉണ്ടായിരിക്കും. ഒന്ന് അംഗപരിമതര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്. ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്ന കവച് സംവിധാനം എല്ലാ ട്രെയിനിലും ഉണ്ടാകും. അനൗണ്‍സ്‌മെന്റ്, വൈഫൈ, യുഎസ്ബി, ട്രെയിന്‍ എവിടെ എത്തി എന്ന പ്രദര്‍ശനം ഉള്‍പ്പെടെ വന്ദേഭാരത് സ്ലീപ്പറിലുണ്ടാകും.
വന്ദേഭാരത് സ്ലീപ്പര്‍ കേരളത്തിന് കിട്ടുമോ
മണിക്കൂറില്‍ 180 പരമാവധി വേഗതയിലാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക. എന്നാല്‍ സാധാരണ 160 കിലോമീറ്ററിലായിരിക്കും. ഓരോ പ്രദേശങ്ങളിലെ റെയില്‍വെ പാതയ്ക്ക് അനുസൃതമായിട്ടായിരിക്കും വേഗത നിശ്ചയിക്കുക. ഒക്ടോബറില്‍ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് നേത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
ഡല്‍ഹിയെ ബന്ധിപ്പിച്ചാകും വന്ദേഭാരത് സ്ലീപ്പറിന്റെ ആദ്യ യാത്രകള്‍ എന്നാണ് വിവരം. മൂന്ന് നഗരങ്ങൡലേക്കാണ് ആദ്യ യാത്രയുണ്ടാകുകയത്രെ. ഗുജറാത്തിലെ അഹമ്മദാബാദ്, മധ്യപ്രദേശിലെ ഭോപ്പാല്‍, ബിഹാറിലെ പട്‌ന എന്നിവയാണ് ഈ നഗരങ്ങള്‍. ഒരു വന്ദേഭാരത് സ്ലീപ്പര്‍ നേരത്തെ തയ്യാറായിരുന്നു. മറ്റൊന്ന് കൂടി സര്‍വീസിന് സജ്ജമായാല്‍ ഫ്‌ളാഗ് ഓഫ് തിയ്യതി പ്രഖ്യാപിക്കുമെന്നാണ് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് അടുത്തിടെ പറഞ്ഞത്.
കേരളത്തിന് ഒരു പക്ഷേ ആദ്യ റൗണ്ടില്‍ തന്നെ വന്ദേഭാരത് സ്ലീപ്പര്‍ കിട്ടണം എന്നില്ല. വന്ദേഭാരത് എക്‌സ്പ്രസ് ആദ്യ ഘട്ടത്തില്‍ കേരളത്തിന് ലഭിച്ചിരുന്നില്ല. അതേസമയം, കര്‍ണാടകയ്ക്കും തമിഴ്‌നാടിനും ശേഷം കേരളത്തിനും വന്ദേഭാരത് സ്ലീപ്പര്‍ കിട്ടുമെന്ന് പ്രതീക്ഷിക്കാം. കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. വന്ദേഭാരത് എക്‌സ്പ്രസ് വലിയ ലാഭത്തില്‍ സര്‍വീസ് നടത്തുന്ന സംസ്ഥാനമാണ് കേരളം.












Click it and Unblock the Notifications