വന്ദേഭാരത് സ്ലീപ്പര്‍ കാണാനില്ല; ഇനിയും വൈകും, ആശങ്കകള്‍ ബാക്കിയെന്ന് റെയില്‍വെ ബോര്‍ഡ്
വന്ദേഭാരത് ശ്രേണിയില്‍ വരാനിരിക്കുന്ന വന്ദേഭാരത് സ്ലീപ്പര്‍ വൈകുന്നു. ഒക്ടോബറില്‍ സര്‍വീസ് ആരംഭിക്കുമെന്നായിരുന്നു നേരത്തെ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് സൂചിച്ചിച്ചത്. ആദ്യത്തെ ഒരു ട്രെയിന്‍ തയ്യാറായി എന്നും മറ്റൊരു ട്രെയിന്‍ കൂടി തയ്യാറായാല്‍ സര്‍വീസ് തുടങ്ങുമെന്നും വിവരം വന്നിരുന്നു. എന്നാല്‍ ഒക്ടോബര്‍ കഴിഞ്ഞിട്ടും സര്‍വീസ് തുടങ്ങാന്‍ സാധിച്ചില്ല.
വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളില്‍ ചില ആശങ്ക റെയില്‍വെ ബോര്‍ഡ് പങ്കുവച്ചു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന വിവരം. 16 കോച്ചുള്ള വന്ദേഭാരത് സ്ലീപ്പര്‍ റെയില്‍വെ ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ചില മാറ്റങ്ങള്‍ കോച്ചുകളില്‍ വേണ്ടതുണ്ട് എന്ന് കണ്ടെത്തി. തുടര്‍ന്നാണ് സര്‍വീസ് തുടങ്ങാന്‍ വൈകുന്നത്. ഗുണമേന്മ, രൂപ കല്‍പ്പന തുടങ്ങിയ കാര്യങ്ങളിലെല്ലാം ആശങ്ക ബാക്കിയാണ്.

കോച്ചുകളില്‍ കാതലായ മാറ്റങ്ങള്‍ വേണമെന്ന് കാണിച്ച് റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ ഡയയറക്ടര്‍ ജനറലിന് റെയില്‍വെ ബോര്‍ഡ് കത്തയച്ചു. ഇക്കാര്യം കൃത്യമായി നിരീക്ഷക്കണം എന്ന് എല്ലാ റെയില്‍വെ സോണുകള്‍ക്കും ബോര്‍ഡ് നിര്‍ദേശം നല്‍കി. പരമാവധി 160 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്നതാണ് വന്ദേഭാരത് സ്ലീപ്പര്‍. ചെറിയ പാളിച്ച പോലും വലിയ ദുരന്തങ്ങള്‍ക്ക് കാരണമായേക്കാം. അതുകൊണ്ടാണ് സൂക്ഷ്മ പരിശോധന.
റെയില്‍വെ സുരക്ഷാ വിഭാഗം ചീഫ് കമ്മീഷണര്‍ പരിശോധനയ്ക്ക് ശേഷം അനുമതി നല്‍കിയാല്‍ ആര്‍ഡിഎസ്ഒ റെയില്‍വെ ബോര്‍ഡിനെ അറിയിക്കും. തുടര്‍ന്ന് റെയില്‍വെ മന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചാല്‍ മാത്രമാകും വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് തുടങ്ങുക. വന്ദേഭാരത് സ്ലീപ്പറിന്റെ റൂട്ടുകളുടെ കാര്യത്തിലും ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല.
പുതിയ വന്ദേഭാരത് നവംബര്‍ 7 മുതല്‍
ഉത്തര്‍ പ്രദേശിനെയും മധ്യപ്രദേശിനെയും ബന്ധിപ്പിച്ചുള്ള വരാണസി-ഖജുറാഹോ വന്ദേഭാരത് എക്‌സ്പ്രസ് ഈ മാസം ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യും. ബാന്ത, മഹോബ, ചിത്രകൂട്ട് ധം, പ്രയാഗ് രാജ് തുടങ്ങിയ സ്റ്റേഷനുകളില്‍ സ്‌റ്റോപ്പുണ്ടാകും. തീര്‍ഥാടനം ലക്ഷ്യമിട്ട് യാത്ര ചെയ്യുന്നവര്‍ക്ക് ഉപകാരപ്രദമാകും ഈ ട്രെയിന്‍.
ബുന്തേല്‍ഖണ്ഡ് മേഖലയിലേക്ക് വന്ദേഭാരത് കൂടി എത്തുന്നു എന്ന പ്രത്യേകതയും ഈ ട്രെയിനിനുണ്ട്. 2022ല്‍ ബുന്തേല്‍ഖണ്ഡ് എക്‌സ്പ്രസ് അനുവദിച്ചിരുന്നു. ഈ മേഖലയ്ക്ക് പ്രധാന നഗരങ്ങളുമായി റെയില്‍വെ ബന്ധം കുറവാണ്. ഈ സാഹചര്യത്തില്‍ വന്ദേഭാരത് വലിയ അനുഗ്രഹമാകുമെന്ന് യാത്രക്കാര്‍ പറയുന്നു.
രാവിലെ 5.25നാണ് വരാണസിയില്‍ നിന്ന് യാത്ര തുടങ്ങുക. ഉച്ചയ്ക്ക് 1.10ന് ഖജുറാഹോയില്‍ എത്തും. ആഴ്ചയില്‍ വ്യാഴാഴ്ച മാത്രം സര്‍വീസ് ഉണ്ടാകില്ല. ടൂറിസ്റ്റുകളെയും തീര്‍ഥാടകരെയുമാണ് പുതിയ വന്ദേഭാരത് അനുവദിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications